വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. 57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,672 രൂപയായി. കോഴിക്കോട്ട് 1,704 രൂപ. തിരുവനന്തപുരത്ത് 1,693 രൂപ. കഴിഞ്ഞ ഏപ്രിലിൽ 43 രൂപ, മേയിൽ 15 രൂപ, ജൂണിൽ 25 എന്നിങ്ങനെയും കുറവ് വാണിജ്യ സിലിണ്ടർ വിലയിൽ വരുത്തിയിരുന്നു.

രാജ്യാന്തര ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില ഇത്തവണയും കുറച്ചില്ല. 14.2 കിലോഗ്രാം സിലിണ്ടറിനു ഏറ്റവുമൊടുവിൽ വില കുറച്ചത് 2024 മാർ‌ച്ച് എട്ടിനാണ്. വനിതാദിന സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.

ഈ വർഷം ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. കൊച്ചിയിൽ 860 രൂപയും കോഴിക്കോട്ട് 861.5 രൂപയുമാണ് നിലവിൽ വില. തിരുവനന്തപുരത്ത് 862 രൂപ. രാജ്യത്ത് 90 ശതമാനം എൽപിജിയും ഉപയോഗിക്കുന്നത് വീടുകളിൽ പാചകാവശ്യത്തിനാണ്. 20% മാത്രമാണ് ഹോട്ടലുകൾ, മറ്റ് വ്യവസായിക ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നത്.

എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിൽ ഒരുകോടിയിലേറെ എൽപിജി ഉപയോക്താക്കളുണ്ട്. ഇതിൽ 95 ലക്ഷത്തോളവും സജീവ ഉപയോക്താക്കൾ. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രമുള്ളത് മൂന്നുലക്ഷത്തിലധികം പേർ. അതേസമയം, കഴിഞ്ഞവർഷം എൽപിജി വില കുത്തനെ ഉയർന്നു നിന്നതിനാൽ റസ്റ്ററന്റുകളും തട്ടുകടകളും മറ്റും പ്രതിമാസം 3,000 മുതൽ 5,000 രൂപവരെ അധികച്ചെലവ് നേരിട്ടിരുന്നു. നിലവിൽ വാണിജ്യ സിലിണ്ടർ വില കുറയുന്നത് ഇവയുടെ സാമ്പത്തികച്ചെലവിൽ നൽകുന്നത് മികച്ച ആശ്വാസമാണ്.

English Summary:

Oil Companies cut Commercial LPG price. Domestic LPG price remains unchanged.