
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തികനയങ്ങളിൽ തട്ടി 4 വർഷത്തെ താഴ്ചയിലേക്ക് നിലംപൊത്തി യുഎസ് ഡോളർ. യൂറോ, യെൻ, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങി 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 96.76 നിലവാരത്തിലേക്ക് ഇടിഞ്ഞു. ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേൽക്കുമ്പോൾ (ഈ വർഷം ജനുവരി) 110ന് അടുത്തായിരുന്നു മൂല്യം.
ജനുവരി-ജൂൺ കാലയളവിൽ ഡോളർ നേരിട്ട ഇടിവ് 10.4 ശതമാനമാണ്. 1973നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച. ലോക സാമ്പത്തികമേഖലയെ ആകെ ഉലച്ച ട്രംപിന്റെ പകരംതീരുവ നയമാണ് പ്രധാനമായും വിനയായത്. ഇന്ത്യയും ചൈനയും ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ ഡോളറിനെ കൈവിടുകയും (ഡിഡോളറൈസേഷൻ) സ്വന്തം കറൻസി ഉപയോഗിച്ചുള്ള രാജ്യാന്തര വ്യാപാര ഇടപാടുകൾക്ക് മുതിരുകയും ചെയ്തത് ഡോളറിനെ പിന്നോട്ടുനയിച്ചു. ട്രംപിന്റെ പ്രവചനാതീതമായ പല തീരുമാനങ്ങളും സൃഷ്ടിക്കുന്ന അനിശ്ചിതത്വം കറൻസി വിപണിയിൽ സൃഷ്ടിക്കുന്ന അസ്ഥിരതയാണ് രാജ്യങ്ങളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.
യുഎസ് ഡോളറിനെതിരെ ബ്രിട്ടീഷ് പൗണ്ട് 2021 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും ഉയരമായ 1.17 ഡോളറിലെത്തി. യുഎസ്-യുകെ വ്യാപാര ഡീലാണ് പൗണ്ടിനു കൂടുതൽ കരുത്താകുന്നത്. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ നികുതി ബിൽ’ ആണ് മറ്റൊരു തിരിച്ചടി. നിലവിൽത്തന്നെ 30 ട്രില്യൻ ഡോളറിലേറെ കടബാധ്യതയുള്ള യുഎസിന് അധികമായി 5 ട്രില്യൻവരെ അധികകടം വരുത്തിവച്ചേക്കുന്ന ബില്ലാണിതെന്ന വിമർശനം സ്വന്തം പാർട്ടിയിൽത്തന്നെയുണ്ട്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനും ചെയർമാൻ ജെറോം പവലിന്റെ പകരക്കാരനെ അദ്ദേഹത്തെ പ്രവർത്തന കാലാവധി തീരുംമുമ്പേ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കവും യുഎസ് സമ്പദ്വ്യവസ്ഥയ്ക്കുമേൽ കരിനിഴലാകുന്നു.
ഡിസംബറോടെ അടിസ്ഥാന പലിശനിരക്ക് യുഎസ് ഫെഡ് കുറച്ചേക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. ട്രംപിന്റെ കടുത്ത സമ്മർദമുള്ളതിനാൽ ഈ മാസമോ സെപ്റ്റംബറിലോ പലിശ കുറയാം. ഒറ്റയടിക്ക് ഒരു ശതമാനം കുറവ് പലിശയിൽ വേണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. പലിശനിരക്ക് കുറയുന്നത് യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്), ബാങ്ക് നിക്ഷേപ പലിശ എന്നിവ കുറയാനിടയാക്കും. ഇതും ഡോളറിനെ കൂടുതൽ ദുർബലമാക്കും.
താരിഫ് ഭീഷണി വീണ്ടും
ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ കഴിഞ്ഞ ഏപ്രിൽ രണ്ടിനു പ്രാബല്യത്തിൽ വരുന്നവിധം പ്രഖ്യാപിച്ച പകരച്ചുങ്കം (റെസിപ്രോക്കൽ താരിഫ്) ട്രംപ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു. ജൂലൈ 9 വരെയാണ് ഇത്. യുഎസുമായി നിരവധി രാജ്യങ്ങൾ സമവായത്തിനു ശ്രമിക്കുന്നുണ്ടെന്നും വഴങ്ങാത്ത രാജ്യങ്ങൾക്കുമേൽ ജൂലൈ 9 മുതൽ പകരച്ചുങ്കം ഈടാക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത് ഓഹരി വിപണികൾക്ക് തിരിച്ചടിയായി.
യുഎസിൽ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 0.1%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.06%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.05% എന്നിങ്ങനെ താഴ്ന്നു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.43% താഴെപ്പോയി. ജാപ്പനീസ് നിക്കേയ് 1.11%, ഹോങ്കോങ് 0.87% എന്നിങ്ങനെയും ഇടിഞ്ഞു. ഇത് ഇന്ത്യൻ ഓഹരി വിപണികളെയും ഇന്ന് സ്വാധീനിച്ചേക്കാം.
ഗിഫ്റ്റ് നിഫ്റ്റിയിൽ നേരിയ നേട്ടം
ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 0.03% മാത്രം നേട്ടത്തിലാണുള്ളത്. ഇത് സെൻസെക്സും നിഫ്റ്റിയും ഇന്ന് കാര്യമായ നേട്ടമില്ലാതെയോ നഷ്ടത്തിലോ വ്യാപാരം തുടങ്ങിയേക്കാമെന്ന സൂചന നൽകുന്നു. സമഗ്ര വ്യാപാരക്കരാറിനു മുമ്പ് ‘മിനി വ്യാപാര കരാർ’ എന്ന നിലയിലേക്ക് ഇന്ത്യ-യുഎസ് ചർച്ച എത്തിയിരുന്നു. എന്നാൽ യുഎസിൽ നിന്നുള്ള കാർഷിക, പാലുൽപന്നങ്ങൾക്ക് തീരുവ ഇളവ് വേണമെന്ന ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ ചർച്ച ഇപ്പോഴും വഴിമുട്ടി നിൽക്കുകയാണ്.
ഇന്നലെ നിഫ്റ്റി 120 പോയിന്റ് (-0.47%) താഴ്ന്ന് 25,517ലും സെൻസെക്സ് 452 പോയിന്റ് (-0.54%) ഇടിഞ്ഞ് 83,606ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 4 ദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷമാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ വിൽപനസമ്മർദം മൂലം നഷ്ടത്തിൽ മുങ്ങിയത്.
ഓഹരികളുടെ ഉറ്റുനോട്ടം
ഇന്ത്യയുടെ വ്യാവസായിക ഉൽപാദന (ഐഐപി) സൂചികയുടെ വളർച്ച മേയിൽ 9 മാസത്തെ താഴ്ചയായ 1.2 ശതമാനത്തിലേക്കു വീണെന്ന റിപ്പോർട്ട്, ഓഹരി നിക്ഷേപകർക്ക് നൽകുന്നത് ശുഭ സൂചനയല്ല. യുഎസും മറ്റു രാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ചകൾ നടക്കുന്നതും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിലുണ്ടായ ശമനവും ക്രൂഡ് വില ഇടിവും അനുകൂല ഘടകങ്ങളാണ്.
സൗദിയും റഷ്യയും ഉൾപ്പെടെയുള്ള ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ്, ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചേക്കുമെന്ന സൂചവകൾ വില ഇനിയും ഇടിയുമെന്ന പ്രതീക്ഷ നൽകുന്നു. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഇതു നേട്ടമാണ്. നിലവിൽ ബ്രെന്റ് വിലയുള്ളത് ബാരലിന് 67.61 ഡോളറിൽ. ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ വില 80 ഡോളറിനടുത്ത് എത്തിയിരുന്നു.
രൂപയും സ്വർണവും
ഡോളറിന്റെ വീഴ്ച രൂപയ്ക്ക് നേട്ടമാകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പൊതുവേ മികവിലാണ് രൂപ. ഈ വർഷം ഒരുഘട്ടത്തിൽ 86.70 രൂപവരെ എത്തിയ മൂല്യം നിലവിലുള്ളത് 85.73ൽ. അതേസമയം, ഡോളറിനെതിരെ മുന്നേറുന്ന പൗണ്ടിനെതിരെ ഇന്ത്യൻ റുപ്പിയും തളർച്ചയിലാണ്. പൗണ്ടിനെതിരെ ജൂണിൽ മൂല്യം 100 രൂപ കടന്നിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഇടിവ് 12.4%.
ഡോളറിന്റെ തകർച്ച മുതലെടുത്ത് വീണ്ടും നേട്ടത്തിലേക്ക് കുതിച്ചുകയറുകയാണ് സ്വർണവില. ഇന്ന് ഒറ്റയടിക്ക് വില 40 ഡോളറിലധികം കയറി 3,316 ഡോളറിലെത്തി. കേരളത്തിലും ഇന്നു വില കൂടുമെന്ന സൂചന ഇതു നൽകുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)