
മുൻസിപ്പൽ കോർപറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചു, ഓഫിസിലൂടെ വലിച്ചിഴച്ചു: ഒഡീഷയിൽ നാടകീയ രംഗങ്ങൾ- വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭുവനേശ്വർ∙ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിൽ (ബിഎംസി) അരങ്ങേറിയത് അതിനാടകീയ രംഗങ്ങൾ. കോർപറേഷനിലെ അഡീഷനൽ കമ്മിഷണർ രത്നാകർ സഹോയെ ഒരു സംഘം ആളുകൾ ചേർന്ന് വലിച്ചിഴച്ചു കൊണ്ടുവരുന്നതും അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുന്നതുമായ രംഗങ്ങൾ പുറത്തുവന്നു. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ജീവൻ റൗട്ട്, രാഷ്മി മഹാപത്ര, ദെബാഷിഷ് പ്രധാൻ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ പ്രതിപക്ഷമായ ബിജു ജനതാദളിന്റെ കോർപറേഷൻ അംഗങ്ങളും സ്റ്റാഫുകളും പ്രതിഷേധവുമായി രംഗത്തുവന്നു. ഒഡീഷ അഡ്മിനിസ്ട്രേഷൻ സർവീസ് അസോസിയേഷൻ പ്രതിഷേധാർഥം ഇന്നുമുതൽ അവധിയിൽ പ്രവേശിക്കുകയാണെന്നും അറിയിച്ചു.
പൊതുജന പരാതി പരിഹാര അദാലത്ത് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ജനങ്ങളുമായി സംസാരിക്കുന്നതിനിടെ കോർപറേഷൻ അംഗം ജീവൻ റൗട്ട് ഉൾപ്പെടെ അഞ്ചാറു പേർ തന്റെ ചേംബറിലേക്ക് അതിക്രമിച്ചു കടക്കുകയും ഷർട്ടിന്റെ കോളറിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നെന്ന് രത്നാകർ പറഞ്ഞു. ബിജെപി നേതാവ് ജഗന്നാഥ് പ്രധാനെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് അദ്ദേഹം പറഞ്ഞു. അക്രമികൾ തന്നെ ശക്തമായി അടിക്കുകയും ബലം പ്രയോഗിച്ച് അവരുടെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. രത്നാകറിനെ ഒരു സംഘം ആളുകൾ അടിച്ച് തറയിലിട്ട് പടിക്കെട്ടിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സംഭവത്തിൽ ബിജു ജനതാദൾ അധ്യക്ഷനും ഒഡീഷ മുൻ മുഖ്യമന്ത്രിയുമായി നവീൻ പട്നായക് ഞെട്ടൽ രേഖപ്പെടുത്തി. ‘ബിഎംസിയിലെ അഡീഷനൽ കമ്മിഷണറും അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനുമായ രതാനാകറിനെ കോർപറേഷൻ ഓഫിസിൽ വച്ച് വലിച്ചിഴയ്ക്കുന്ന വിഡിയോ കണ്ട് ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി. ഒരു പരാജയപ്പെട്ട ബിജെപി എംഎൽഎയുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഒരു ബിജെപി കോർപറേറ്ററുടെ മുന്നിൽവച്ച് ക്രൂരമായി മർദിക്കുകയാണ് ചെയ്തത്.
ഒരു മുതിർന്ന് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഓഫിസിൽ സുരക്ഷിതനല്ലെങ്കിൽ സർക്കാരിൽനിന്ന് എന്തു നീതിയാണ് ജനങ്ങൾ പ്രതീക്ഷിക്കുക?’’– രത്നാകറിനെ ആക്രമിക്കുന്ന വിഡിയോ എക്സിൽ പങ്കുവച്ച് നവീൻ പട്നായക് ചോദിച്ചു. ഇവിടെ ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസും രംഗത്തെത്തി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/@Naveen_Odisha നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.