
സർക്കാർവിരുദ്ധ വികാരം ആളിക്കത്തിച്ചത് യൂത്ത് കോൺഗ്രസ്: സതീശൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ മുഖ്യമന്ത്രി നയിച്ച നവകേരളയാത്രയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരമാണു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിന്റെ പ്രധാന കാരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനെതിരായുള്ള ജനവികാരം ആളിക്കത്തിച്ചതു യൂത്ത് കോൺഗ്രസാണെന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പഠനക്യാംപിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.ഇന്ത്യയിലെ രാഷ്ട്രീയം തിരഞ്ഞെടുപ്പ് കേന്ദ്രീകൃതമാണ്. തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടമാകും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ വിജയത്തിനായി യൂത്ത് കോൺഗ്രസ് ബൂത്തുതലത്തിൽ പ്രവർത്തനം ശക്തമാക്കണം.
വോട്ടർ പട്ടികയിൽ പേരുചേർക്കലാണ് ഏറ്റവും പ്രധാനമെന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. ആരു നയിച്ചാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പടയാളികളായി ഒപ്പമുണ്ടാകുമെന്നു രാഹുൽ പറഞ്ഞു.കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജനീഷ്, എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളി, എം.വിൻസന്റ്,കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ,
ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.ജെ.ജോബ്, കെപിസിസി സെക്രട്ടറി എസ്.ശരത്, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അബിൻ വർക്കി, ബിനു ചുള്ളിയിൽ, കെ.എം.അഭിജിത്ത്, ജോമോൻ ജോസഫ്, എം.പി.പ്രവീൺ, അരിത ബാബു എന്നിവർ പ്രസംഗിച്ചു.മത, സമുദായ സംഘടനകൾക്കു വിധേയപ്പെടുന്ന പ്രവണത അപകടകരമാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.അബ്ദുൽ റഷീദ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.
വയനാട് പുനരധിവാസം:2.4 കോടി കൈമാറുമെന്ന് യൂത്ത് കോൺഗ്രസ്
ആലപ്പുഴ ∙ വയനാട് പുനരധിവാസത്തിനായി യൂത്ത് കോൺഗ്രസ് സമാഹരിച്ച 2.4 കോടി രൂപ കെപിസിസിക്കു കൈമാറുമെന്നു സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. 30 വീടുകൾ നിർമിക്കാനുള്ള പണമാണു നൽകുന്നത്. അക്കൗണ്ട് വഴിയാണു പണം സമാഹരിച്ചത്.
പ്രായപരിധി ഉയർത്തൽ നിർദേശം തള്ളി
ആലപ്പുഴ ∙ യൂത്ത് കോൺഗ്രസിൽ അംഗമാകാനുള്ള പ്രായപരിധി 35ൽ നിന്ന് 40 ആക്കാനുള്ള സംഘടനാപ്രമേയത്തിലെ നിർദേശത്തിനെതിരെ ക്യാംപിൽ വിമർശനം. സംഘടനയുടെ യുവത്വം നഷ്ടമാകുമെന്നും ചിലർക്കു ഭാരവാഹിത്വത്തിൽ തുടരാനുള്ള കുറുക്കുവഴിയാണിതെന്നും വിമർശനമുയർന്നു. പുതിയ ആളുകൾക്കു നേതൃത്വത്തിലേക്കുള്ള വഴി അടയ്ക്കരുത്. ജനപ്രതിനിധി ആയവർ സംഘടനയിലെ ഭാരവാഹിത്വം ഒഴിയണമെന്നും ചില പ്രതിനിധികൾ ആവശ്യപ്പെട്ടു.
പ്രായപരിധി ഉയർത്തൽ നിർദേശത്തെ 12 ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ എതിർത്തതായി സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എന്നാൽ ജനപ്രതിനിധിയായാൽ സ്ഥാനം ഒഴിയണമെന്ന വിമർശനം ഉണ്ടായിട്ടില്ല. ജനപ്രതിനിധിയാവുന്നത് അയോഗ്യതയല്ല. ഒരു തിരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ടു മാറിനിൽക്കേണ്ട ആവശ്യമില്ല–രാഹുൽ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റികൾ രൂപീകരിക്കും. ജില്ലാതലം മുതൽ താഴേക്കു പഠനക്യാംപുകൾ സംഘടിപ്പിക്കും. സമരരീതികൾ കാലത്തിനനുസരിച്ചു പരിഷ്കരിക്കുമെന്നും രാഹുൽ പറഞ്ഞു.