
നവീകരണം നിലച്ചു; എവിഎം കനാൽ വീണ്ടും പായലിൽ മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാറശാല∙നവീകരണം പാതിവഴിയിൽ നിലച്ചതോടെ എവിഎം കനാൽ വീണ്ടും പായലിൽ മുങ്ങി. രണ്ടു വർഷം മുൻപ് പാറശാല ബ്ലോക്ക് പഞ്ചായത്ത് ആണ് ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ 55 ലക്ഷം രൂപ വകയിരുത്തി കനാൽ നവീകരണത്തിനു തുടക്കം കുറിച്ചത്. രാജഭരണ കാലത്ത് നഗരത്തിൽ നിന്നു കുളച്ചൽ വരെ ചരക്ക് നീക്കം നടത്താൻ പതിനഞ്ച് മീറ്റർ വീതിയിൽ നിർമിച്ച കനാൽ നവീകരണം ഇല്ലാതായതോടെ പായൽ നിറഞ്ഞു നശിച്ചു തുടങ്ങി. പലയിടത്തും കനാലിന്റെ വീതി അഞ്ചു മീറ്ററിൽ താഴെയായി മാറി കഴിഞ്ഞു.
കനാലിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നു പ്രഖ്യാപിച്ച് മൂന്നു ഘട്ടം ആയിട്ടാണ് വികസന പദ്ധതികൾ വിഭാവനം ചെയ്തിരുന്നത്. 2023 മാർച്ച് 23ന് കനാലിന്റെ നവീകരണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഒന്നാം ഘട്ടത്തിൽ പായൽ മാറ്റി പ്രധാന സ്ഥലങ്ങളിൽ പടിക്കെട്ട്, പാർശ്വഭിത്തി എന്നിവ നിർമിക്കുന്നതിനു വേണ്ടി 37 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ജോലി ഏറ്റെടുത്ത കരാറുകാർ പായൽ മാത്രം നീക്കിയെങ്കിലും പാർശ്വഭിത്തി അടക്കമുള്ള നിർമാണ ജോലികൾ നടത്തിയില്ല.
വാരി മാറ്റിയ പായൽ കനാലിന്റെ വശങ്ങളിൽ തന്നെ നിക്ഷേപിച്ചതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവയെല്ലാം കനാലിലേക്ക് തന്നെ തിരിച്ചെത്തി. ഇതോടെ ആഴ്ചകൾക്കുള്ളിൽ തന്നെ കനാൽ പായൽ നിറഞ്ഞ് ഒഴുക്ക് പോലും തടസ്സപ്പെട്ട നിലയിൽ ആയി. മാറ്റിയ പായൽ കനാലിൽ തിരിച്ചെത്തിയത് ഗുരുതര ക്രമക്കേട് ആയിട്ടും കരാർ തുകയിൽ മുപ്പത് ലക്ഷം രൂപ കരാറുകാർക്ക് ബ്ലോക്ക് അധികൃതർ മാസങ്ങൾക്ക് മുൻപേ നൽകിയിട്ടുണ്ട്. ഒട്ടേറെ തവണ നോട്ടിസ് നൽകിയിട്ടും ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കരാറുകാർ തയാറായിട്ടില്ല.
ഒന്നാം ഘട്ടത്തിൽ പായൽ നീക്കി പാർശ്വ ഭിത്തി നിർമാണവും രണ്ടാം ഘട്ടത്തിൽ കനാലിലേക്ക് ഒഴുകുന്ന വീടുകളിലെ മാലിന്യക്കുഴലുകൾ നീക്കം ചെയ്ത് കേന്ദ്രീകൃത സംസ്കരണ സംവിധാനം സ്ഥാപിക്കലും മുന്നാം ഘട്ടത്തിൽ കനാൽ സൗന്ദര്യവൽക്കരണവും പൂവാർ മുതൽ കൊല്ലങ്കോട് വരെ ബോട്ട് സർവീസും അടക്കം പ്രഖ്യാപിച്ചിരുന്ന വികസനങ്ങൾ ജലരേഖ ആയി മാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിനു ലക്ഷങ്ങൾ പാഴായ പദ്ധതിയെ കുറിച്ച് നവീകരണത്തിന്റെ സംഘാടകരായ ബ്ലോക്ക് പഞ്ചായത്ത് പോലും നിലവിൽ വിസ്മരിച്ച സ്ഥിതി ആണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള നിർമാണ മികവ് വിളിച്ചോതുന്ന ചരിത്ര നിർമിതി നിലനിർത്താൻ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിൽ ആണ് പ്രദേശവാസികൾ.