
നാടിന്റെ ആവേശോത്സവമായി നാട്ടി കാർഷികോത്സവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരവത്ത്∙ നാട്ടിപ്പാട്ടിന്റെ ആവേശത്തിൽ മുക്കുണ്ട് വയലിൽ നടന്ന നാട്ടി കാർഷികോത്സവം ആവേശോത്സവമായി. അരവത്ത് പുലരിയുടെ നേതൃത്വത്തിൽ ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുമായി ചേർന്നു 2 ദിവസമായി നടത്തിയ നാട്ടി കാർഷിക പാഠശാലയിലെത്തിയത് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ. കാർഷിക കൂട്ടായ്മ, ഞാറുനടീൽ, നാട്ടിപ്പാട്ട്, കാർഷിക സംവാദം, വിത്താൾ പുരസ്കാരം സമർപ്പണം, പരമ്പരാഗത കർഷകരെ ആദരിക്കൽ, നാട്ടറിവുകളുടെയും നാടൻ നെൽവിത്തിനങ്ങളുടെ പ്രദർശനം എന്നിവയെല്ലാം കാർഷിക പാഠശാലയുടെ ഭാഗമായി നടന്നു. കുട്ടികളും നാട്ടുകാരും ചേർന്ന് വിവിധ വയലുകളിൽ ഞാറു നട്ടു. നാട്ടി ഉത്സവം കാണാനെത്തിയവർക്ക് തനത് വിഭവങ്ങളോടെ ഉച്ചഭക്ഷണവും രുചി വൈവിധ്യം തീർത്ത് 101 തരം പായസങ്ങളും നൽകി. തവിടു മുതൽ പുളിങ്കുരുവരെയും മാങ്ങയണ്ടി മുതൽ ചക്കക്കുരുവരെയും ഉപയോഗിച്ചാണ് പായസമുണ്ടാക്കിയത്.
സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ, മധുമുതിയക്കാൽ, എ. മണികണ്ഠൻ, വിനോദ് മേൽപ്പുറം, എ.കെ. ജയപ്രകാശ്, കെ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു. കാർഷിക ജനിതക സംരക്ഷകർക്കുള്ള പുലരി വിത്താൾ പുരസ്കാരങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ എം പി വിതരണം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കൊടക്കാട്, കണ്ണാലയം നാരായണൻ, നാഗരത്ന ഹെബ്ബാർ, മിനി മണികണ്ഠൻ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, എ.കെ. ഉദയഭാനു എന്നിവർ പ്രസംഗിച്ചു.