
‘സൂംബയുമായി മുന്നോട്ട്; തെറ്റിദ്ധാരണയെങ്കിൽ പറഞ്ഞു മനസ്സിലാക്കും, രാഷ്ട്രീയമെങ്കിൽ നേരിടും’
കോഴിക്കോട്∙ സ്കൂളുകളിലെ കായിക വിനോദങ്ങൾ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്നും ഇത്തരം പദ്ധതികളെ എതിർക്കുന്നത് ലഹരിയെക്കാൾ മാരകമായ വിഷം സമൂഹത്തിൽ കലർത്തുകയും വർഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിലെ സൂംബ കായിക വിനോദത്തിനെതിരെയുള്ള എതിർപ്പ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സൂംബയുമായി മുന്നോട്ടുപോകും. തെറ്റിദ്ധാരണയാണെങ്കിൽ പറഞ്ഞു മനസ്സിലാക്കും.
രാഷ്ട്രീയമാണെങ്കിൽ അങ്ങനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.
ഒളിംപിക്സിൽ ഫുട്ബോൾ, വോളിബോൾ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങൾക്ക് വ്യക്തമായ ഡ്രസ്സ് കോഡ് നിലവിലുണ്ട്.
ഈ ഡ്രസ്സ് കോഡ് പാലിച്ചാണ് എല്ലാ കായികതാരങ്ങളും മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്കൂളിൽ നടത്തുന്നത് ലഘു വ്യായാമം ആണ്.
സ്കൂളിൽ കുട്ടികൾ യൂണിഫോമിൽ ആണ് ചെയ്യുന്നത്. സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾക്ക് കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം.
രക്ഷിതാവിന് അതിൽ തിരഞ്ഞെടുപ്പിന് അനുവാദമില്ല. വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അധ്യാപകന് ബാധ്യത ഉണ്ട്.
ആരും കുട്ടികളോട് അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പല സംസ്ഥാനങ്ങളിലും വസ്ത്രധാരണ രീതികൾക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ, പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ ജനാധിപത്യ സാംസ്കാരിക നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ‘ആടിനെ പട്ടിയാക്കുന്നതിന്’ തുല്യമാണ്.
കേരളം പോലെ ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്ക്ക് മാത്രമേ ഉത്തേജനം നൽകൂ. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റീവ് ചിന്തയും വളർത്താൻ സഹായിക്കും.
ഇത് അവരുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും നല്ല രീതിയിൽ സ്വാധീനിക്കും. അതിനാൽ, ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]