
സ്വർണാഭരണപ്രിയർക്ക് ആവേശവുമായി വില വീണ്ടും താഴേക്ക്. കേരളത്തിൽ ഇന്നു ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയായി.
400 രൂപ താഴ്ന്ന് 71,440 രൂപയാണ് പവൻ വില. ഇന്നലെയും ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞിരുന്നു.
ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 390 രൂപയും പവന് 3,120 രൂപയുമാണ് കുറഞ്ഞത്. ആനുപാതികമായി ജിഎസ്ടി, പണിക്കൂലി എന്നിവയുടെ ബാധ്യതയും കുറയുമെന്നത് ഉപഭോക്താക്കൾക്ക് വൻ നേട്ടമാണ്.
ഈ മാസം 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയിലും മാറ്റമുണ്ട്.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റിനു വില ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 7,360 രൂപയായി.
വെള്ളി വില ഗ്രാമിന് 118 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. അതേസമയം, എസ്.
അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 കാരറ്റിനു നൽകിയ വില ഗ്രാമിന് 35 രൂപ താഴ്ത്തി 7,325 രൂപ. വെള്ളി വില ഗ്രാമിന് 115 രൂപയിൽ നിലനിർത്തി.
സ്വർണത്തിന് ‘യുഎസ്’ ആഘാതം രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഇടിഞ്ഞത്. കാരണങ്ങൾ നോക്കാം. 1) രാജ്യാന്തര വില ഔൺസിന് 59.28 ഡോളർ ഇടിഞ്ഞ് 3,274.23 ഡോളറായി.
ഇറാൻ-ഇസ്രയേൽ സംഘർഷം അയഞ്ഞതും യുഎസും ചൈന ഉൾപ്പെടെ മറ്റു പ്രമുഖ രാജ്യങ്ങളുമായുള്ള താരിഫ് തർക്കം ശമിക്കുന്നതും സ്വർണത്തിന്റെ ‘സുരക്ഷിത നിക്ഷേപം’ എന്ന തിളക്കം മായ്ച്ചു. 2) യുഎസിൽ പണപ്പെരുപ്പം കൂടിയത് പലിശനിരക്ക് കുറയാനുള്ള സാധ്യത കുറച്ചതും സ്വർണത്തിന് തിരിച്ചടി.
പലിശ കുറഞ്ഞാൽ ആനുപാതികമായി ഡോളറിന്റെ മൂല്യം, യുഎസ് കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്), ബാങ്ക് നിക്ഷേപ പലിശനിരക്ക് എന്നിവയും കുറയുമെന്നത് സ്വർണ നിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടുകയും വിലയെ മേലോട്ട് നയിക്കുകയും ചെയ്യുമായിരുന്നു. 3) താരിഫ് പ്രതിസന്ധി അകലുന്നതിന്റെ കരുത്തിൽ യുഎസ് ഓഹരി വിപണികൾ റെക്കോർഡ് ഉയരത്തിലെത്തിയതും സ്വർണത്തിനു തിരിച്ചടിയായി.
നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളെ കൈവിട്ട് വീണ്ടും ഓഹരി വിപണിയിലേക്ക് ചേക്കേറിത്തുടങ്ങി. എങ്ങനെയാണ് കേരളത്തിലെ സ്വർണവില നിർണയം? രാജ്യാന്തര സ്വർണവില, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്), രൂപ-ഡോളർ വിനിമയനിരക്ക് എന്നിവ വിലയിരുത്തിയാണ് ഓരോ ദിവസവും രാവിലെ സ്വർണവില നിർണയം.
ഇന്നുവില കുറയാനുള്ള ഘടകങ്ങൾ നോക്കാം: ∙ ഇന്ന് രാജ്യാന്തര സ്വർണവില 59 ഡോളറിലധികം താഴ്ന്നു. ∙ മുംബൈയിൽ സ്വർണവില ഗ്രാമിന് 52 രൂപയും ബാങ്ക് റേറ്റ് 82 രൂപയും കുറഞ്ഞു.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 24 പൈസ മുന്നേറി 85.48ൽ എത്തി. ക്രൂഡ് വില ഇടിവും ഓഹരി വിപണിയുടെ നേട്ടവും ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം വീണ്ടുമെത്തി തുടങ്ങിയതും രൂപയെ ശക്തമാക്കി.
∙ രൂപ ഉയരുകയും ഡോളർ ദുർബലമാകുകയും ചെയ്യുന്നത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കുറയ്ക്കും. ഇത് ആഭ്യന്തര വില കുറയാനും സഹായിക്കും.
ഇനി വില എങ്ങോട്ട്? ആഗോള സമ്പദ്വ്യവസ്ഥ യുദ്ധം, താരിഫ് തർക്കം തുടങ്ങിയ പ്രതിസന്ധികളിൽ നിന്ന് മെല്ലെ കരകയറുകയാണ്. വ്യാപാരങ്ങൾ സജീവമാകുന്നു, കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുന്നു, ഓഹരി-കടപ്പത്ര വിപണികൾ ഉഷാറാകുന്നു.
ഇതു സ്വർണ നിക്ഷേപപദ്ധതികളുടെ തിളക്കം കുറയ്ക്കുന്നതാണ് സ്വർണത്തെ ബാധിക്കുന്നത്. ഡോളറിനെതിരെ വികസ്വര രാജ്യങ്ങളിലെ (രൂപ ഉൾപ്പെടെ) കറൻസികൾ മെച്ചപ്പെടുന്നതും വിലയെ താഴ്ത്തുന്നു.
യുഎസിൽ പണപ്പെരുപ്പം കൂടിയതും സ്വർണത്തിന് തിരിച്ചടിയായി. ഈ ട്രെൻഡ് നിലനിന്നാൽ രാജ്യാന്തര സ്വർണവില 3,200 ഡോളറിനും താഴെയെത്താമെന്നാണ് വിലയരുത്തൽ.
3,100 ഡോളറിലേക്കും വീഴാം. അങ്ങനെയെങ്കിൽ ആനുപാതികമായി കേരളത്തിലും വില ഇടിയും.
മറിച്ച്, താരിഫ് യുദ്ധം വീണ്ടും കലുഷിതമാവുകയോ യുഎസിൽ പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിക്കുകയോ ചെയ്താൽ സ്വർണം ഉയിർത്തെണീക്കും. ഇന്ത്യയുടെ റിസർവ് ബാങ്കും ചൈനയുടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ വിദേശ കറൻസികൾക്കു പകരം കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് കൂടിയാലും സ്വർണവില തിരിച്ചുകയറും.
ഇന്ന് പണിക്കൂലിയും ചേർന്നാലുള്ള വില കേരളത്തിൽ സ്വർണാഭരണം വാങ്ങണമെങ്കിൽ അടിസ്ഥാന വിലയ്ക്കുപുറമെ 3% ജിഎസ്ടി, പണിക്കൂലി (3-35%), ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും നൽകണം. 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിനു വില 77,317 രൂപയാണ്.
ഇന്നലെ 77,792 രൂപയും രണ്ടാഴ്ച മുമ്പ് 85,000 രൂപയോളവുമായിരുന്നു. ഒരു ഗ്രാം സ്വർണാഭരണത്തിന്റെ വാങ്ങൽവില ഇന്നലെത്തെ 9,724 രൂപയിൽനിന്ന് 9,664 രൂപയായും കുറഞ്ഞിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]