
വഴി ചുറ്റിക്കുന്ന പാലം നിർമാണം; ആറാട്ടുവഴി പാലത്തിന്റെ അപ്രോച്ച് റോഡ് തീരാത്തത് ജനത്തെ ചുറ്റിക്കുന്നു
ആലപ്പുഴ ∙ ആറാട്ടുവഴി പാലം പണി പൂർത്തീകരണം നീളുംതോറും നാട്ടുകാർക്കു ചുറ്റിക്കറക്കം തന്നെ. പാലത്തിന്റെ പണി തീർന്നെങ്കിലും അപ്രോച്ച് റോഡ് പൂർത്തിയാകാത്തതാണു കാരണം.
കുറച്ചു ചെമ്മണ്ണു കൂടിയിട്ടു റോഡ് പാലത്തിന്റെ നിരപ്പിലാക്കിയാൽ തൽക്കാലം ഇരുചക്ര വാഹനങ്ങളെങ്കിലും കടന്നുപോകുമെന്നാണു നാട്ടുകാർ പറയുന്നത്. പക്ഷേ, മഴയും ബാക്കിയുള്ള പണികളും കാരണം ഇത് എളുപ്പത്തിൽ സാധ്യമല്ലെന്ന് അധികൃതർ പറയുന്നു.
പാലം പണി കാരണം ഒരു വർഷമായി സമീപവാസികൾ ഏറെ ചുറ്റിയാണു സഞ്ചരിക്കുന്നത്. സ്കൂൾ വിദ്യാർഥികളും മറ്റും ഏറെ കഷ്ടപ്പെടുന്നു.
കുറച്ചു ചെമ്മണ്ണിട്ടു വഴിയൊരുക്കുന്നത് മറ്റു പണികൾക്കു തടസ്സമല്ലെന്നു നാട്ടുകാർ പറയുന്നു. ആറാട്ടുവഴി പാലവും ജനകീയ നടപ്പാലവും 2024 മേയ് 15നാണു പുതുക്കിപ്പണിയാനായി പൊളിച്ചത്.
2 മാസംകൊണ്ടു രണ്ടു പാലങ്ങളും പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, മഴയിൽ പുതുവൽ കോളനി അടക്കം സമീപ പ്രദേശങ്ങളെല്ലാം പ്രളയഭീതിയിലായപ്പോൾ മേയ് 25നു പാലം പണിക്കായി നിർമിച്ച ബണ്ടുകൾ മുറിച്ചു, പണി മുടങ്ങി.
ഡിസംബറിൽ വീണ്ടും പണി തുടങ്ങിയെങ്കിലും റോഡ് കൂടി പൂർത്തിയാകാനുണ്ട്. മേയ് അവസാനം ആറാട്ടുവഴി പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയാക്കുമെന്നാണ് അധികൃതർ അവസാനം അറിയിച്ചത്.
എന്നാൽ, റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയായില്ല. അപ്രോച്ച് റോഡിൽ ഗ്രാവൽ നിറയ്ക്കലും നടന്നില്ല.
മഴ കാരണം ജോലി മുടങ്ങിയെന്നാണു കാരണം പറയുന്നത്. മൂന്നുനാലു ദിവസം മഴ മാറിനിന്നാൽ തീർക്കാവുന്ന ജോലികൾ മാത്രമാണ് ബാക്കിയുള്ളതെന്നും കരാറുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]