പട്രോളിങ് ബോട്ട് കട്ടപ്പുറത്തായി; രക്ഷാപ്രവർത്തനത്തിനു മാർഗമില്ലാതെ തീരദേശ പൊലീസ്
ബേപ്പൂർ ∙ യന്ത്രത്തകരാർ കാരണം പട്രോളിങ് ബോട്ട് കട്ടപ്പുറത്തായതോടെ രക്ഷാപ്രവർത്തനത്തിനു മാർഗമില്ലാതെ തീരദേശ പൊലീസ്. ഇന്നലെ രാവിലെ ബേപ്പൂർ ചാലിയാറിൽ നിർത്തിയിട്ട വള്ളങ്ങൾ കൂട്ടത്തോടെ ഒഴുകിപ്പോയപ്പോൾ മത്സ്യത്തൊഴിലാളികൾ ആദ്യം ആശ്രയിച്ചത് തീരദേശ പൊലീസിനെയായിരുന്നു.സ്റ്റേഷനിൽ എത്തി അപകടവിവരം പറഞ്ഞെങ്കിലും രക്ഷാപ്രവർത്തനത്തിനു പോകാൻ ബോട്ട് എൻജിൻ കേടായി കിടപ്പാണെന്ന് അറിയിച്ചതോടെ രോഷാകുലരായ മത്സ്യത്തൊഴിലാളികൾ സ്റ്റേഷനു മുൻപിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ 20ന് പട്രോളിങ്ങിനു പോയപ്പോഴാണ് ബോട്ടിന്റെ എൻജിനു തകരാറുള്ളത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ വാർഷിക അറ്റകുറ്റപ്പണി കരാർ എടുത്തവരെ വിവരം അറിയിച്ചു.
അവർ നടത്തിയ പരിശോധനയിലാണ് ഇന്റർസെപ്റ്റർ ബോട്ടിന്റെ ഒരു എൻജിൻ കേടാണെന്ന് കണ്ടെത്തിയത്.അറ്റകുറ്റപ്പണികൾക്കായി എൻജിൻ അഴിച്ചെടുത്തു കൊണ്ടുപോയിരിക്കുകയാണ്. ഇതു നന്നാക്കി ഘടിപ്പിച്ചാൽ മാത്രമേ ബോട്ട് ഉപയോഗിക്കാനാകൂ. 2010 ജൂണിലാണ് ചാലിയത്ത് തീരദേശ പൊലീസ് സ്റ്റേഷൻ തുടങ്ങിയത്. അന്നു വാങ്ങിയ ബോട്ട് കാലപ്പഴക്കത്താൽ ശരിയായി പ്രവർത്തിപ്പിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്.കാലവർഷം കനത്തതോടെ പടിഞ്ഞാറൻ കാറ്റും കടൽ ക്ഷോഭവും ശക്തമായതിനാൽ വള്ളങ്ങൾ മറിഞ്ഞു അഴിമുഖം മുറിച്ചു കടക്കാനാകാതെയും മറ്റും അപകട
സാധ്യത ഏറെയാണ്. എന്നിട്ടും രക്ഷാപ്രവർത്തനത്തിന് ബദൽ സംവിധാനം ഒരുക്കാൻ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതാണ് മത്സ്യത്തൊഴിലാളികളെ രോഷാകുലരാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]