
ഇന്ത്യയുമായി വമ്പൻ വ്യാപാരക്കരാർ ഉടനെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുമായി കരാർ ഒപ്പുവച്ചുവെന്നും അടുത്തത് ഇന്ത്യയുമായിട്ടാകാമെന്നും അതു വലിയൊരു കരാർ ആയിരിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.
‘‘ഞങ്ങൾ എല്ലാവരുമായി കരാറിൽ ഒപ്പിടുന്നില്ല. ചൈനയുമായി ഒപ്പുവച്ചു.
അടുത്തത് ഇന്ത്യയായിരിക്കാം. അതൊരു വലിയ ഡീൽ ആണ്.
ഞങ്ങൾ ഇന്ത്യയിലേക്കും കടക്കുകയാണ്. മറ്റുള്ളവർ 25-35-45 ശതമാനമൊക്കെ തീരുവ നേരിടേണ്ടി വരും’’ – ട്രംപ് പറഞ്ഞത് ഇങ്ങനെ.
യുഎസും ഇന്ത്യയും തമ്മിൽ വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തേ സമഗ്രമായ വ്യാപാര കരാറിലേക്ക് കടക്കുംമുമ്പ് ഹ്രസ്വകാല കരാറായിരിക്കും ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കുകയെന്ന് സൂചനകളുണ്ടായിരുന്നു.
ഇന്ത്യയിലേക്കുള്ള യുഎസ് കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ നിലവിൽ 30 ശതമാനത്തിലധികമാണ്. ഇന്ത്യൻ കാർഷികോൽപന്നങ്ങൾക്ക് യുഎസ് ഈടാക്കുന്നത് 5 ശതമാനവും. ഇന്ത്യയും തീരുവ കുറയ്ക്കണമെന്നാണ് യുഎസിന്റെ പ്രധാന ആവശ്യം.
എന്നാൽ, രാജ്യത്തെ കർഷകർക്കത് തിരിച്ചടിയാകുമെന്നതിനാൽ ഇന്ത്യ വഴങ്ങിയിരുന്നില്ല. ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം, വാഹനഘടകങ്ങൾ എന്നിവയ്ക്ക് യുഎസ് പ്രഖ്യാപിച്ച കനത്ത ഇറക്കുമതി തീരുവ സംബന്ധിച്ചും സമവായത്തിലേക്ക് എത്തേണ്ടതുണ്ട്.
ലോക രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പകരംതീരുവ നടപ്പാക്കുന്നത് ട്രംപ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു. യുഎസുമായി കരാറിലെത്താനുള്ള സാവകാശമാണിതെന്നായിരുന്നു ട്രംപ് പറഞ്ഞത്.
ജൂലൈ 9 വരെയായിരുന്നു സാവകാശം. ഇതിൽ ഏറ്റവുമധികം തിരിച്ചടി നേരിടേണ്ടിവരുന്നത് യൂറോപ്യൻ യൂണിയനായിരുന്നു.
സ്റ്റീലിനും മറ്റും 50 ശതമാനം തീരുവയാണ് കാത്തിരിക്കുന്നത്. ജൂലൈ 9ന് ശേഷം യുഎസ് 50 ശതമാനം തീരുവ ഈടാക്കിത്തുടങ്ങിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, ട്രംപ് പ്രഖ്യാപിച്ച ‘ജൂലൈ 9’ എന്ന അന്തിമതീയതി ‘ഗുരുതര’മല്ലെന്നും തീയതി നീട്ടിയേക്കുമെന്നും ചർച്ചകൾ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇതോടെ ആഗോളതലത്തിൽ ഓഹരി വിപണികൾ വൻ നേട്ടത്തിലേക്ക് കുതിച്ചുകയറി.
കുതിച്ചുകയറി ഓഹരി വിപണികൾ പകരച്ചുങ്കം നടപ്പാക്കുന്നത് നീട്ടിവച്ചേക്കുമെന്ന വൈറ്റ്ഹൗസിന്റെയും ചൈനയുമായി കരാറിലെത്തിയെന്നും ഇന്ത്യയുമായാണ് അടുത്തതെന്നുമുള്ള ട്രംപിന്റെയും പ്രഖ്യാപനം കരുത്താക്കി ഓഹരി വിപണികൾ മികച്ച നേട്ടത്തിലേറി. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 1.49% ഉയർന്നു.
ചൈനയുടെ ഷാങ്ഹായ് 0.19%, ഹോങ്കോങ്ങിന്റെ ഹാങ്സെങ് 0.46%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.19% എന്നിങ്ങനെയും നേട്ടമുണ്ടാക്കി. യുഎസിൽ ഡൗ ജോൺസ് 0.94%, നാസ്ഡാക് 0.97%, എസ് ആൻഡ് പി500 സൂചിക 0.80% എന്നിങ്ങനെയും ഫ്യൂച്ചേഴ്സിൽ നാസ്ഡാക് 100, ഡൗ ജോൺസ് എന്നിവ 0.1 ശതമാനവും ഉയർന്നു. എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.80% ഉയർന്ന് 6,141 പോയിന്റിലാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 6,147 ആണ് റെക്കോർഡ്. ഇതുടനെ തിരുത്തിയേക്കുമെന്നാണ് പ്രതീക്ഷ.
ഗിഫ്റ്റ് നിഫ്റ്റിയിൽ മുന്നേറ്റം, ഇന്നും കുതിക്കാൻ സെൻസെക്സും നിഫ്റ്റിയും ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 0.43% (109 പോയിന്റ്) ഉയർന്നാണ് വ്യാപാരം ചെയ്തത്. ഇതു ഇന്നും സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടരുമെന്ന പ്രതീക്ഷ നൽകുന്നു.
ഇന്നലെ നിഫ്റ്റി 304 പോയിന്റ് (1.21%) ഉയർന്ന് 25,549ലും സെൻസെക്സ് 1,000 പോയിന്റ് (+1.21%) കുതിച്ച് 83,755ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ലാഭമെടുപ്പ് സമ്മർദ്ദം അലയടിച്ചില്ലെങ്കിൽ ഇന്നും കുതിപ്പ് തുടരാം.
ഏതാനും ദിവസങ്ങളായി ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞുകൊണ്ടിരുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ വൻതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയതും ശുഭകരമാണ്. ഇന്നലെ 12,594 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്.
ഈ മാസം ഇതുവരെയുള്ള നിക്ഷേപം (നെറ്റ് പർച്ചേസ്) 7,361 കോടി രൂപയാണ്. അതേസമയം, 2025ൽ ഇതുവരെ 1.14 ലക്ഷം കോടി രൂപ അവർ പിൻവലിച്ചിട്ടുണ്ട്. നിലംപൊത്തി യുഎസ് ജിഡിപി, ഡോളറും വീഴുന്നു ട്രംപിന്റെ പകരച്ചുങ്കം സംബന്ധിച്ച ആശങ്കകൾ നിഴലിച്ചത് 2025ന്റെ ആദ്യപാദത്തിൽ യുഎസിന്റെ ജിഡിപിയെ സാരമായി ഉലച്ചുവെന്ന് പുതിയ കണക്ക്.
ജനുവരി-മാർച്ചിൽ ജിഡിപി നെഗറ്റീവ് 0.2 ശതമാനമായി ഇടിഞ്ഞെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, നെഗറ്റീവ് 0.5 ശതമാനത്തിലേക്കാണ് ജിഡിപി വളർച്ചനിരക്ക് മുരടിച്ചതെന്ന് പുതിയ എസ്റ്റിമേറ്റ് വ്യക്തമാക്കി.
Image: Shutterstock/FOTOGRIN
അതേസമയം, കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ കൈകടത്താനും ചെയർമാൻ ജെറോം പവലിനെ പുറത്താക്കി തന്റെ ‘വിശ്വസ്തനെ’ പ്രതിഷ്ഠിക്കാനുമുള്ള ട്രംപിന്റെ നീക്കം ഇന്നലെ യുഎസ് ഡോളറിന് വൻ ആഘാതമായി. പൗണ്ട് സ്റ്റെർലിങ്ങിനെതിരെ ഡോളർ മൂന്നുവർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞു.
യുഎസ് ഡോളർ ഇൻഡക്സ് 97.04 വരെ കൂപ്പുകുത്തി. നിലവിൽ 0.13% കയറി 97.28 ആയിട്ടുണ്ട്.
ജനുവരിയിൽ ഇത് 110ന് അടുത്തായിരുന്നു. ഡോളറിന്റെ വീഴ്ച, ക്രൂഡ് ഓയിൽ വിലക്കുറവ്, ഓഹരി വിപണികളുടെ കുതിപ്പ് എന്നിവ രൂപയ്ക്കും ഉന്മേഷം നൽകുന്നുണ്ട്. ഇന്നലെ ഡോളറിനെതിരെ 0.4% ഉയർന്ന് 85.70ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഡോളറിന്റെ തളർച്ച അനുകൂലഘടകമാണെങ്കിലും അതുമുതലെടുത്ത് കുതിക്കാൻ സ്വർണത്തിനും ക്രൂഡ് ഓയിലിനും കഴിയുന്നില്ലെന്നത് നേട്ടമാണ്. രാജ്യാന്തര സ്വർണവില ഔൺസിന് 11 ഡോളർ താഴ്ന്ന് 3,319 ഡോളറിൽ വ്യാപാരം ചെയ്യുന്നു. ഇന്ന് കേരളത്തിൽ വില കുറയാനുള്ള അനുകൂലഘടകമാണിത്.
രൂപ ഡോളറിനെതിരെ മെച്ചപ്പെട്ടതും ആഭ്യന്തര സ്വർണവിലയെ താഴേക്ക് നയിച്ചേക്കും. ബാരലിന് 65-68 ഡോളർ നിലവാരത്തിൽ തുടരുകയാണ് രണ്ടുദിവസമായി ഡബ്ല്യുടിഐ, ബ്രെന്റ് ക്രൂഡ് വിലകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]