
മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ; പമ്പ, അച്ചൻകോവിൽ നദികളിൽ പ്രളയസാധ്യത മുന്നറിയിപ്പ്
പത്തനംതിട്ട ∙ മഴ കനത്തതോടെ നദികൾ കരകവിഞ്ഞു, ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു പമ്പ, അച്ചൻകോവിൽ എന്നീ നദികളിൽ ജലസേചന വകുപ്പ് പ്രളയസാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പമ്പ അണക്കെട്ട് പ്രദേശത്ത് 169 മില്ലി മീറ്റർ മഴ
ശബരിഗിരി പദ്ധതിയുടെ പമ്പ അണക്കെട്ട് പ്രദേശത്ത് അതിശക്തമായ മഴ പെയ്തു (169 മില്ലി മീറ്റർ).
ഇതോടെ പമ്പ അണക്കെട്ടിലെ ജലനിരപ്പ് 973.05 മീറ്ററിലേക്ക് ഉയർന്നു. കക്കി– ആനത്തോട് അണക്കെട്ട് മേഖലയിൽ 124 മില്ലിമീറ്റർ മഴ പെയ്തു.
കക്കി– ആനത്തോട് അണക്കെട്ടിലെ ജലനിരപ്പ് 967.42 മീറ്ററായി ഉയർന്നു.മൂഴിയാർ അണക്കെട്ട് മേഖലയിൽ 92 മില്ലിമീറ്റർ മഴയാണ് പെയ്തത്. ശക്തമായ നീരൊഴുക്ക് കാരണം ജലനിരപ്പ് വേഗം ഉയർന്നു.
ഇതേത്തുടർന്നു മൂഴിയാർ അണക്കെട്ടിന്റെ ഒന്നും മൂന്നും ഷട്ടറുകൾ 20 സെന്റീമീറ്ററും രണ്ടാം നമ്പർ ഷട്ടർ 15 സെന്റീമീറ്ററും ഉയർത്തി അധികജലം കക്കാട്ടാറ്റിലേക്ക് ഒഴുക്കി വിടുകയാണ്.കക്കാട്ടാറ്റിലെ വെള്ളം പെരുനാട് പൂവത്തുംമൂട്ടിൽ പമ്പാനദിയിൽ ചേരുന്നു. ഇതുകാരണം പമ്പയിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നു.
കല്ലേലി ഭാഗത്ത് റെഡ് അലർട്ട്
അച്ചൻകോവിലാറ്റിൽ കല്ലേലി ഭാഗത്ത് ജലനിരപ്പ് അപകട നിരപ്പിനും മുകളിലായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
29.7 മീറ്ററാണ് മുന്നറിയിപ്പ് നില. ഇന്നലെ ഉച്ചയ്ക്ക് ജലനിരപ്പ് 30.41 മീറ്ററായി ഉയർന്നു.
അപകട മേഖല കടന്ന് ജലനിരപ്പ്
ശബരിമല വനമേഖലയിലെ കനത്ത മഴയെ തുടർന്ന് അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ്വേകളിൽ വെള്ളം കയറി പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞു.
മൂന്നു നദികളിലും ഇന്നലെ ഒറ്റദിവസം കൊണ്ട് 2 മീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയർന്നു. മണിമലയാറ്റിൽ വള്ളംകുളം, കല്ലൂപ്പാറ എന്നിവിടങ്ങളിലെ ജലനിരപ്പ് അപകട
മേഖല കടന്നു. വള്ളംകുളത്തെ ജലനിരപ്പ് രാവിലെ 3.44 മീറ്ററായിരുന്നു, ഉച്ചയായപ്പോഴേക്കും ഇത് 4.55 മീറ്ററായി ഉയർന്നു.
3.7 മീറ്ററാണ് അപകട മുന്നറിയിപ്പിനു നിശ്ചയിച്ചിട്ടുള്ളത്.
കല്ലൂപ്പാറയിൽ ജലനിരപ്പ് രാവിലെ 4,42 മീറ്ററായിരുന്നു. ഉച്ചയായപ്പോഴേക്കും അത് 5.7 മീറ്ററായി ഉയർന്നു.
ഇവിടെ അപകട മുന്നറിയിപ്പ് 5 മീറ്ററിനാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]