
വാൻ ഹയി കപ്പലിൽ വെള്ളം കയറുന്നു, തീ അണയ്ക്കാനാകുന്നില്ല; കപ്പൽ മുങ്ങുമോയെന്ന് ആശങ്ക
കൊച്ചി ∙ അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹയി 503യുടെ എൻജിൻ റൂമിൽ വെള്ളം നിറയുന്നതും പല ഭാഗങ്ങളിലായി തീ അണയാതിരിക്കുന്നതും മൂലം കപ്പൽ മുങ്ങിയേക്കുമോ എന്ന് ആശങ്ക. തീ അണയ്ക്കാനായി വെള്ളവും രാസവസ്തുക്കളും തുടർച്ചയായി പമ്പു ചെയ്യുകയും തീ പിടിച്ച ഭാഗങ്ങൾ തണുപ്പിക്കുകയും ചെയ്യുന്നുണ്ട്.
തീ പിടുത്തത്തിലുണ്ടായ സുഷിരങ്ങളിലൂടെ മഴ വെള്ളം അകത്തു കയറുന്നതാണ് സുരക്ഷാഭീഷണി ഉയർത്തുന്നത്. എൻജിൻ റൂമിൽ നിറഞ്ഞ വെള്ളം പമ്പു ചെയ്തു നീക്കാനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവർത്തകർ.
കപ്പലിന് കഴിഞ്ഞ ദിവസം 4 ഡിഗ്രി ചെരിവ് കണ്ടെത്തിയിരുന്നു. വെള്ളം നിറയുന്നതു മൂലം ചെരിവ് വർധിക്കുമോ എന്നതാണ് ആശങ്ക.
കനത്ത മഴയും മോശം കാലാവസ്ഥയും ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കാറ്റ് ചിലപ്പോൾ മണിക്കൂറിൽ 77 കിലോമീറ്റർ വരെയാകുന്നു.
കപ്പലിന്റെ നമ്പർ 4 ഹോൾഡ് ഭാഗങ്ങളിൽ വീണ്ടും തീ ആളുന്നുണ്ട്. ബേ 33–35ൽ നിന്ന് കറുത്ത പുക വമിക്കുകയും ചെയ്യുന്നു.
ടഗ്ഗുകളായ സക്ഷവും വാട്ടർ ലില്ലിയുമാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഓഫ്ഷോർ വാരിയർ കപ്പലിനെ ഇപ്പോഴും കെട്ടിവലിച്ചു നിർത്തിയിരിക്കുന്നു.
ആലപ്പുഴ–കായംകുളം തീരത്തു നിന്ന് 77 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് ഇപ്പോൾ കപ്പൽ.
കഴിഞ്ഞ 17 ദിവസമായി തുടരുന്ന അഗ്നിരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായി കപ്പലിലേക്ക് വെള്ളം പമ്പു ചെയ്യുന്നുണ്ട്.
ഇതിനു പുറമെയാണ് ഡെക്കിൽ തീപിടിച്ചുണ്ടായ ദ്വാരത്തിലൂടെ മഴവെള്ളം ഉള്ളിലെത്തിയതും. ഇതും ഇവിടെ കെട്ടിക്കിടക്കുകയാണ്.
സ്ഫോടനത്തെ തുടർന്ന് കേടുപാടുണ്ടായ ചില ഭാഗങ്ങളിലൂടെയും വെള്ളം ഉള്ളിലേക്കു കടക്കുന്നുണ്ട്.
െവള്ളം കൂടുതലായി അകത്തേക്ക് എത്തുന്നത് കപ്പലിന്റെ ചെരിവ് കൂടാനും ഒപ്പം ചട്ടക്കൂടിന്റെ ഉറപ്പിനു ഭീഷണിയുമാണ്.
ഇതിനാൽ, കപ്പലിന്റെ ഇരു ഭാഗങ്ങളിൽ നിന്നും വെളളം പമ്പു ചെയ്തു കളയാനാണ് ശ്രമം. കപ്പലിലേക്ക് ഇറങ്ങാൻ സുരക്ഷാ ഭീഷണിയുണ്ടെങ്കിലും രക്ഷാപ്രവർത്തകർ ഇതിനുള്ള ശ്രമവും നടത്തിക്കൊണ്ടിരിക്കുന്നു.
കപ്പലിനെ കെട്ടിവലിച്ച് ഏതെങ്കിലും തുറമുഖത്തേക്ക് മാറ്റാനുള്ള ആലോചനകളും ഇതിനിടെ പുരോഗമിച്ചിരുന്നു. എന്നാൽ കപ്പൽ മുങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാവും തുറമുഖത്തേക്ക് മാറ്റുക.
നിലവിലെ സാഹചര്യത്തിൽ തുറമുഖത്തേക്ക് മാറ്റിയാൽ മാത്രമേ കപ്പലിലെ ഇന്ധനമടക്കം പുറത്തെടുക്കാൻ സാധിക്കൂ. എംഎസ്സി എൽസ 3 കപ്പൽ ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് 14.76 നോട്ടിക്കല് ദൂരത്തിൽ മുങ്ങിക്കിടക്കുകയാണ്.
ഇതിലെ ഇന്ധനം നീക്കാനുള്ള നടപടികൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]