ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിവരാവകാശ നിയമത്തെ കൂട്ടിലടയ്ക്കാൻ ശ്രമിക്കുന്നു: വിവരാവകാശ കമ്മിഷണർ
മലപ്പുറം ∙ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിവരാവകാശ നിയമത്തിന്റെ ചിറകരിയാനും കൂട്ടിലടയ്ക്കാനും ശ്രമിക്കുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം.
തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നടന്ന വിവരാവകാശ സെമിനാറും കോറോ എന്ന ആർടിഐ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘പല ഉദ്യോഗസ്ഥർക്കും പ്രത്യേക അജണ്ടകൾ സംരക്ഷിക്കാനുണ്ടെന്ന് എല്ലാവർക്കും അറിയാം.
ജനങ്ങൾ എത്ര കൂടുതൽ ജനാധിപത്യ സർക്കാരിനോട് അടുത്തുവരുന്നുവോ അതിലധികം അവരിൽ നിന്ന് അകലം പാലിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈ നിയമത്തിൽ വിവരം പുറത്തു നൽകേണ്ടതില്ല എന്ന് വിവരിക്കുന്ന വകുപ്പുകൾക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്.
ആകെ 31 വകുപ്പുകളുള്ള ആർടിഐ ആക്ടിൽ എട്ടാം വകുപ്പിൽ പറയുന്ന പത്തിനങ്ങളാണ് നൽകേണ്ടതില്ലാത്തത്. ആ നിർദേശങ്ങൾ വളരെ ആവേശത്തോടെ നടപ്പാക്കാൻ ഉദ്യോഗസ്ഥരും ആ ഖണ്ഡികയുടെ വ്യാപ്തി വലുതാക്കാൻ ചട്ടം നിർമിക്കാൻ അനുമതിയുള്ള അധികാരികളും പരിശ്രമിക്കുന്നു.
എന്നാൽ വിവരം നൽകാൻ പറയുന്ന മറ്റു വകുപ്പുകളുടെ ഉത്തമ താൽപര്യം ഇവരിൽ ഏറെപ്പേരും സൗകര്യപൂർവം മറക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു. മാത്രമല്ല അത്തരം വകുപ്പുകളെ ദുർബലപ്പെടുത്താനും അസ്ഥിരപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നു’– അദ്ദേഹം പറഞ്ഞു.
അപേക്ഷ നൽകിയാൽ വിവരം ലഭിക്കുമെന്നും ഇല്ലെങ്കിൽ ചോദിക്കാൻ ആളുണ്ടെന്നും വന്നതോടെ ജനങ്ങൾ കൂടുതലായി ഈ നിയമത്തെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസ്എംഒ കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ.
നിസാമുദ്ദീൻ കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തിരൂരങ്ങാടി തഹസിൽദാർ സാദിഖ്, വിവരാവകാശ ഓർഗനൈസേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് കെ.നാരായണൻ, കെ.ടിഅബ്ദുൽ മനാഫ്, ട്രഷറർ ജോളി ജോസഫ്, സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ റഹീം, പിഎസ്എംഒ കോളജ് മാനേജ്മെന്റ് ക്വാളിറ്റി അഷ്വറൻസ് സെൽ സിഇഒ ഡോ. കെ.അസീസ്, ലഹരി നിർമാജന സമിതി സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഇ.കെ.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]