
ജെഎസ്കെ സിനിമാ വിവാദം; സിനിമ കാണാൻ റിവ്യൂ കമ്മിറ്റി, തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി ∙ സുരേഷ് ഗോപി നായകനായ ‘ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ സിനിമ ഈ മാസം 27ന് റിലീസ് ചെയ്യുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി നാളെ ചിത്രം കാണുന്ന സാഹചര്യത്തിൽ ഇതിന്റെ തീരുമാനം അറിയിക്കാൻ ഹൈക്കോടതി ഇന്നു നിർദേശിച്ചു.
കേസ് വീണ്ടും 27നു പരിഗണിക്കും. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്.
സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ ഹർജി നൽകിയത്.
ജൂൺ 12ന് സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചതാണെന്നു ഹര്ജിക്കാർ വാദിച്ചു. സ്ക്രീനിങ് കമ്മിറ്റി കണ്ട് അംഗീകരിച്ച് യു/എ സർട്ടിഫിക്കറ്റ് നൽകിയതാണ്.
സാധാരണ നിലയ്ക്ക് ഇത് അംഗീകരിച്ചു സർട്ടിഫിക്കറ്റ് നൽകുകയാണു പതിവ്. എന്നാൽ ഇവിടെ തീരുമാനം അറിയിച്ചിട്ടില്ലെന്നും ഹർജിക്കാർ പറഞ്ഞു.
നാളെ ചേരുന്ന റിവ്യൂ കമ്മറ്റി യോഗത്തിന്റെ തീരുമാനം നിങ്ങളെ നേരിട്ട് അറിയിക്കില്ലേ എന്ന് ജസ്റ്റിസ് എന്. നഗരേഷ് ഹർജിക്കാരോട് ആരാഞ്ഞു.
ഓരോ ദിവസവും റിലീസിങ് തീയതി നീട്ടിവയ്ക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയാണു നഷ്ടമാകുന്നത് എന്നും ഹർജിക്കാർ പറഞ്ഞു. തുടർന്നാണു നാളെ നടക്കുന്ന റിവ്യൂ കമ്മിറ്റി യോഗത്തിന്റെ തീരുമാനം അറിയിക്കാൻ കോടതി നിർദേശിച്ചത്.
റിലീസിങ് തീയതിയായ 27ന് കേസ് വീണ്ടും പരിഗണിക്കും.
സിനിമയുടെയും കഥാപാത്രത്തിന്റെയും പേരിൽ ജാനകി എന്നുള്ളതാണ് തടസ്സം എന്നാണ് അനൗദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടുള്ളത് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ഈ പേര് മാറ്റണമെന്നു വാക്കാൽ പറഞ്ഞെന്നും കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അണിയറ പ്രവർത്തകർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]