
‘ജോയി നയിക്കും, ബാപ്പുട്ടി ജയിക്കും’; ‘പട്ടാളം, പട്ടാളം, രാഹുലിന്റെ പട്ടാളം, പാണക്കാട്ടെ പട്ടാളം’; നിലമ്പൂർ വലത്തേക്ക്
ചുങ്കത്തറ∙ മണി ഏഴായിട്ടും കോടമഞ്ഞിലും ഇരുളിലും മുങ്ങിയ പന്തീരായിരം ഏക്കർ മലവാരം, എങ്ങോട്ട് ഒഴുകുന്നുവെന്ന് അറിയാതെ അതിലൊരു വെള്ളച്ചാട്ടം. വോട്ടെണ്ണൽ കേന്ദ്രമായ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിനു പുറത്ത്, പുലർകാഴ്ച ഇങ്ങനെ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടൊഴുക്കിന്റെ ഗതിയറിയാൻ കൗണ്ടിങ് സെന്ററിനു പുറത്ത് അപ്പോൾ കുറച്ച് ആളുകൾ മാത്രം.
എന്നാൽ ലോകത്തുള്ള മലയാളികളൊക്കെയും അതറിയാൻ കണ്ണുംനട്ട് സ്ക്രീനുകൾക്കു മുന്നിലും. എട്ടോടെ കൗണ്ടിങ് സെന്റർ ഉണർന്നു. ഗേറ്റിനു പുറത്ത്, ആലുവയിൽ നിന്നെത്തിയ പ്രവാസി അബൂബക്കർ എന്ന ലീഗ് പ്രവർത്തകൻ പച്ചപ്പതാക വീശി വരവറിയിച്ചപ്പോൾ അങ്ങിങ്ങായി നിന്ന യുഡിഎഫ് പ്രവർത്തകരും ഒപ്പം കൂടി.
ഇതുപോലെ താൻ മുൻപു വോട്ടെണ്ണൽ ആവേശത്തിൽ പങ്കെടുക്കാൻ പോയിടത്തൊന്നും യുഡിഎഫ് തോറ്റിട്ടില്ലെന്നു പറഞ്ഞതു ചുറ്റുമുള്ളവരിലും പ്രതീക്ഷയേകി. പിന്നാലെ ചാനലുകളിൽ ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിനെന്നു തെളിഞ്ഞു.
ആൾക്കൂട്ടം ആശങ്ക വിട്ട് ആഹ്ലാദത്തിലേക്ക്. ലീഡ് ആയിരം കടന്നതോടെ കൗണ്ടിങ് സെന്ററിലേക്കൊഴുകിയ യുഡിഎഫ് പ്രവർത്തകരുടെയും കൊടികളുടെയും എണ്ണം കൂടി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ ചുങ്കത്തറ മാർത്തോമ്മാ എച്ച്എസ്എസിനു മുൻപിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോഷിക്കാനെത്തിയ മാവേലി വേഷം ധരിച്ചയാൾ ചായ കുടിക്കുന്നു.
ചിത്രം: മനോരമ
ജൂൺ മാസത്തിലും മാവേലി!
രാവിലെ 8.50ന് ഒരു പറ്റം യുഡിഎഫ് പ്രവർത്തകരോടൊപ്പം അതാ ഒരു മാവേലിയും കൗണ്ടിങ് സെന്ററിനു സമീപത്തേക്ക്. നാഷനൽ ജനതാദളിന്റെ പ്ലക്കാർഡും പിടിച്ചായിരുന്നു വരവ്.
9 കൊല്ലം മുൻപു സ്വന്തം തട്ടകത്തിൽ ചവിട്ടേറ്റു താഴ്ന്നുപോയ യുഡിഎഫിന്റെ തിരിച്ചുവരവിന്റെ പ്രതീകമാകുമോ ആ മാവേലി എന്നു തോന്നിപ്പിക്കും വിധം ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് ഉയരുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ പിന്നിൽപോയ വഴിക്കടവ് പഞ്ചായത്തിൽ ഇത്തവണ തകർപ്പൻ മുന്നേറ്റമെന്ന വാർത്ത പുറത്ത് ആവേശത്തിരയിളക്കി.
ആഹ്ലാദം വിട്ട് വീണ്ടും ആശങ്ക
എന്നാൽ കഴിഞ്ഞ തവണ യുഡിഎഫിനു മുന്നേറ്റമുണ്ടായ മൂത്തേടം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പ്രതീക്ഷിച്ചത്ര ഭൂരിപക്ഷമില്ലെന്നു കണ്ടാണോ എന്തോ, പെട്ടെന്നു കൊടിവീശലും മുദ്രാവാക്യങ്ങളും നിന്നു. പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ്. ചാനലുകാർക്കു തെറ്റിയതാണോയെന്ന സംശയത്തിൽ അവിടെയുണ്ടായിരുന്ന ചാനൽ പ്രവർത്തകരോടും ചോദ്യം.
9.30 ആയപ്പോൾ ലീഡ് 3,000 കടന്നെന്ന വാർത്ത ഒരു പ്രവർത്തകൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതോടെ വീണ്ടും കൊടിവീശൽ.
പിന്നാലെ 4,000 കടന്നെന്നു കേട്ടപ്പോൾ, വള്ളിക്കുന്നിൽനിന്നു രാവിലെ തന്നെയെത്തിയ 64 വയസ്സുകാരൻ കോൺഗ്രസ് പ്രവർത്തകൻ ഖാദർകുട്ടി നൃത്തച്ചുവടുകളുമായാണ് അതേറ്റെടുത്ത് ചെറുപ്പക്കാർക്കിടയിലേക്കു ചെന്ന് ആവേശം പകർന്നത്. 9.45ന് ഭൂരിപക്ഷം 5,000 കടന്നെന്നു കേട്ടപ്പോൾ ആവേശം അണപൊട്ടി. ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോഷിക്കുന്ന യുഡിഎഫ് പ്രവർത്തകർ. വോട്ടെണ്ണൽ കേന്ദ്രമായ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽനിന്നുള്ള ദൃശ്യം.
(ഷാജി തേഞ്ഞിപ്പലം പകർത്തിയ ചിത്രം)
മുദ്രാവാക്യങ്ങളിൽ ഐക്യധ്വനി
‘ജോയി നയിക്കും, ബാപ്പുട്ടി ജയിക്കും’, ‘പട്ടാളം, പട്ടാളം, രാഹുലിന്റെ പട്ടാളം, പാണക്കാട്ടെ പട്ടാളം’, ‘മൂവർണക്കൊടി ഹരിതപതാക, വാഴില്ലിവിടെ ചോരച്ചെങ്കൊടി’… കൗണ്ടിങ് സെന്ററിനു പുറത്ത് യുഡിഎഫ് പ്രവർത്തകരുടെ, ഐക്യം വിളിച്ചോതുന്ന മുദ്രാവാക്യങ്ങളുയർന്നു. ഒപ്പം കോൺഗ്രസിന്റെയും ലീഗിന്റെയും കേരള കോൺഗ്രസിന്റെയും ജനതാദളിന്റെയുമൊക്കെ പതാകകൾ ഒന്നിച്ചു പാറി. മതിലിനു മുകളിൽ കയറിയ ചിലർ പതാക പാറിച്ചതു തൊട്ടുമുകളിലെ വൈദ്യുതക്കമ്പിയിൽ തട്ടാൻ സാധ്യതയുണ്ടെന്നറിഞ്ഞു മുന്നറിയിപ്പു നൽകി താഴെയിറക്കാനും പ്രവർത്തകർ ജാഗ്രത കാണിച്ചു.
എൽഡിഎഫ് ലീഡ്, ആരുമറിയാതെ
ഒൻപതാം റൗണ്ടിലാണ് എൽഡിഎഫിന് ആദ്യമായി ലീഡ് കിട്ടിയത്.
പക്ഷേ, അതാഘോഷിക്കാൻ കൗണ്ടിങ് സെന്ററിനു പുറത്ത് ഒറ്റച്ചെങ്കൊടിയുമുണ്ടായില്ല. അപ്പോഴേക്കും റോഡ് മുഴുവൻ യുഡിഎഫ് പ്രവർത്തകർ കയ്യടക്കിയിരുന്നു. അതിരാവിലെ താനൂരിൽനിന്നു ട്രെയിനിൽ പുറപ്പെട്ടു ഷൊർണൂർ വഴി നിലമ്പൂരിലെത്തി അവിടെനിന്നു ബസിൽ ചുങ്കത്തറയിലെത്തിയ അലിയെപ്പോലെ ഒട്ടേറെ ലീഗ്, കോൺഗ്രസ് പ്രവർത്തകർ ജില്ലയുടെ പലഭാഗത്തു നിന്നും ഒഴുകിയെത്തിയിരുന്നു.
അധികം വൈകാതെ പോത്തുകല്ല് പഞ്ചായത്തിൽ യുഡിഎഫിനാണ് ലീഡ് എന്നറിഞ്ഞതോടെ ആവേശം അണപൊട്ടി. ഇടയ്ക്കു പെയ്ത മഴയെയും കൂസാതെ കൗണ്ടിങ് സെന്ററിനു പുറത്ത് ഉത്സവമേളം.
ജനക്കൂട്ടത്തിനിടയിലൂടെ ഗുഡ്സ് ഓട്ടോയിൽ കോൺഗ്രസ് കൊടി വീശി ഒരു പ്രവർത്തകൻ കടന്നുവന്നപ്പോൾ രണ്ടായിപ്പിരിഞ്ഞ് ആഘോഷത്തിമർപ്പ്.
നഗരസഭയും മറിഞ്ഞു, മധുരവിതരണം തുടങ്ങി
ലീഡ് തുടരെ ഉയർത്തിയ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ നഗരസഭയിലും മുന്നിലെത്തിയെന്നറിഞ്ഞതോടെ യുഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചു. മിഠായി വിതരണവും തുടങ്ങി.
ഇതിനിടെ ഒരു പ്രവർത്തകൻ പൊലീസുകാരനു നേരെ മിഠായി നീട്ടിയപ്പോൾ മറ്റൊരു പ്രാദേശിക നേതാവ് തടഞ്ഞു. ‘സാറൻമാർക്ക് കൊടുക്കേണ്ട, പിണറായി നോട്ടമിടും’ എന്നു മുന്നറിയിപ്പ്. യുഡിഎഫ് വിജയാഘോഷത്തിനിടെ മഴ പെയ്തപ്പോൾ.
ചിത്രം: മനോരമ
അമരമ്പലം വീണു, ആരവം ആകാശം മുട്ടെ…
ആര്യാടൻ തരംഗത്തിൽ അമരമ്പലവും വീണതറിഞ്ഞതോടെ വെടിക്കെട്ടും മേശപ്പൂത്തിരിയും ചെണ്ടമേളവും മുദ്രാവാക്യവും എല്ലാം അത്യുച്ചത്തിൽ. വിജയം പ്രഖ്യാപിച്ചതോടെ സ്ത്രീകളടക്കമുള്ള പ്രവർത്തകരും കൂട്ടത്തോടെയെത്തി.
‘പാലുണ്ടയിലെ കബർസ്ഥാനിൽ
അന്തിയുറങ്ങും നേതാവേ
നിങ്ങൾ കണ്ടൊരു സ്വപ്നം
ഞങ്ങളിതാ യാഥാർഥ്യമാക്കി…’
വി.വി.പ്രകാശിനെ അനുസ്മരിച്ച് ഒരു പ്രവർത്തകൻ വിളിച്ച മുദ്രാവാക്യത്തിന് അപ്പോൾ വികാരാധീനമായ ആവേശമായിരുന്നു.
പിന്നാലെ പ്രവർത്തകർ ആഘോഷവുമായി ചുങ്കത്തറ ടൗണിലേക്കിറങ്ങി. തുറന്ന ജീപ്പുകളിലും സൂപ്പർ ബൈക്കുകളിലുമൊക്കെ കൊടിപാറിച്ചും പടക്കം പൊട്ടിച്ചും പ്രവർത്തകർ.
ഒപ്പം കൂടി കുട്ടികളും മുതിർന്നവരും. മാനം തെളിഞ്ഞു പൂർണമായും വെയിലെത്തിയപ്പോൾ അങ്ങു പന്തീരായിരം മലവാരത്തിൽ പച്ചപ്പ് തെളിഞ്ഞു. ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം പന്തീരായിരം തൊട്ടില്ലെങ്കിലും 11,000 കടന്ന് തല ഉയർത്തിനിന്നിരുന്നു. മലവാരത്തെ വെള്ളച്ചാട്ടത്തിന്റെ ഗതി എങ്ങോട്ടെന്നറിഞ്ഞില്ല.
പക്ഷേ നിലമ്പൂർ വലത്തോട്ടാണെന്നു തിരിച്ചറിഞ്ഞു കേരളമാകെ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. കരുളായിയിൽ കഥമാറി
‘കരുളായിയിൽ ലീഡ് കിട്ടും, അതൊന്നും പോകൂല’… കരുളായിയിൽ നിന്നുള്ള ഉമ്മർ എന്ന പ്രവർത്തകന്റെ ആത്മവിശ്വാസമായിരുന്നു.
പക്ഷേ, വോട്ടെണ്ണിത്തീർന്നപ്പോൾ കഥ മാറി. അതുവരെ യുഡിഎഫ് ലീഡ് ചെയ്ത കരുളായിയിൽ ചെങ്കൊടി പാറിയതു പ്രവർത്തകർക്കിടയിൽ ചങ്കിടിപ്പായി.
പക്ഷേ അപ്പോഴേക്കും, മറ്റൊരു എൽഡിഎഫ് ശക്തിദുർഘമായ അമരമ്പലത്തിനും പൊളിക്കാനാകാത്ത കോട്ടയായി യുഡിഎഫ് ലീഡ് ഉയർന്നിരുന്നു. അകത്തു കൗണ്ടിങ്ങും പുറത്ത് ആഘോഷവും അവസാന ലാപ്പിലേക്ക്.
നിലമ്പൂർ നഗരസഭയിൽ ഷൗക്കത്തിന് ചരിത്ര ഭൂരിപക്ഷം
നിലമ്പൂർ∙ നഗരസഭയിൽ ആര്യാടൻ ഷൗക്കത്തിനു ലഭിച്ചതു ചരിത്ര ഭൂരിപക്ഷം.
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിനെക്കാൾ 3,969 വോട്ടാണ് ഷൗക്കത്ത് അധികം നേടിയത്. ആര്യാടൻ മുഹമ്മദ് മത്സരിച്ചപ്പോൾ പോലും ഇത്ര ഉയർന്ന ഭൂരിപക്ഷം കിട്ടിയിട്ടില്ല.
തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണു നഗരസഭയിലേത്. 43 ബൂത്തുകളിൽ, 176 (31 വോട്ട്), 181 (8), 178 (ഒന്ന്), 188 (88) എന്നിങ്ങനെ നാല് ഇടങ്ങളിൽ മാത്രമാണ് യുഡിഎഫ്, എൽഡിഎഫിനു പിറകിൽ പോയത്. സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരവും നഗരസഭാ ഭരണത്തോടുള്ള അസംതൃപ്തിയും ആണു കാരണമെന്നു വിലയിരുത്തപ്പെടുന്നു.
യുഡിഎഫ് മുനിസിപ്പൽ ഭാരവാഹികളായ കൂമഞ്ചേരി ഷൗക്കത്ത്, ഷെറി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനം നേട്ടത്തിനു കാരണമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]