
സിപിഐ എത്തുമ്പോള്‍ വോട്ടുകള്‍ ‘കാണാതാകുന്നു’, സത്യൻ മൊകേരിയും ആനി രാജയും രക്ഷപ്പെട്ടില്ല, ഇതെന്ത് പ്രതിഭാസം?
തിരുവനന്തപുരം∙ നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ഥി എം.സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ട് കണ്ട് 2024 ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിപിഐ നേതാവ് സത്യന് മൊകേരി ഞെട്ടിക്കാണണം. അന്ന് നിലമ്പൂരില്‍ മാത്രം സത്യന് മൊകേരിക്കു കിട്ടാതെ പോയത് മണ്ഡലത്തിലെ ഉറപ്പായ മുപ്പത്തിയാറായിരത്തോളം ഇടതു വോട്ടുകൾ.
സിപിഐയുടെ ദേശീയ നേതാവ് ആനി രാജ വയനാട്ടില്‍ മത്സരത്തിനെത്തിയപ്പോഴും നിലമ്പൂരിലെ ഇരുപതിനായിരത്തിലേറെ ഇടതുമുന്നണി വോട്ടുകള്‍ ‘കാണാതായി’ എന്ന് ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. പ്രിയങ്കയും രാഹുലും മത്സരിച്ചപ്പോള്‍ ഈ വോട്ടുകള്‍ ആര്‍ക്കു പോയി എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ഇക്കുറി അഭിമാനപോരാട്ടമായി കണ്ട് യുഡിഎഫും നിലനില്‍പ്പിന്റെ പ്രശ്നമായി കണ്ട് പി.വി.അന്‍വറും കടുത്ത മത്സരം കാഴ്ചവച്ചപ്പോഴും 66,600 വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ഥി എം.സ്വരാജിന് കിട്ടി. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി സിപിഐയുടെ പ്രമുഖ നേതാവ് സത്യന് മൊകേരി മത്സരിച്ചപ്പോള്‍ നിലമ്പൂരില്‍ കിട്ടിയതാകട്ടെ വെറും 29,911 വോട്ടുകള്‍.
ഒരു വര്‍ഷത്തിനിപ്പുറം നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വരാജിനു കൂടുതലായി കിട്ടിയ 36,749 വോട്ടുകള്‍ അന്ന് എവിടെപ്പോയി എന്ന ചോദ്യമാണ് സിപിഐയിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്.
2024ല്‍ വയനാട്ടില്‍ ആദ്യവട്ടം രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായപ്പോള്‍ എതിര് സ്ഥാനാര്‍ഥിയായിരുന്ന സിപിഐയുടെ ദേശീയ നേതാവ് ആനി രാജയ്ക്കു നിലമ്പൂരില്‍ കിട്ടിയത് 42,962 വോട്ടുകള്‍.
സ്വരാജിന് കിട്ടിയതിനേക്കാള്‍ 23,698 വോട്ടുകളുടെ കുറവ്. 2011ല്‍ പി.വി.അന്‍വറിന്റെ സാന്നിധ്യമില്ലാതിരുന്നപ്പോള് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന് മുഹമ്മദിനെതിരെ സിപിഎം സ്വതന്ത്രനായി മത്സരിച്ച എം.തോമസ് മാത്യുവിനും 60,733 വോട്ടുകള്‍ ലഭിച്ചിരുന്നു.
2006ല്‍ സിപിഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച പി.ശ്രീരാമകൃഷ്ണന് വാരിക്കൂട്ടിയത് 69,452 വോട്ടുകളാണ്. അന്നും ആര്യാടനായിരുന്നു എതിര് സ്ഥാനാര്‍ഥി.
ഏതാണ്ട് അറുപതിനായിരത്തിലേറെ വോട്ടുകള്‍ സിപിഎമ്മിന് വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ നാണംകെട്ട രീതിയിലുള്ള തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്.
സിപിഐ എത്തുമ്പോള്‍ വോട്ടുകള്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്നാണ് ഒരു വിഭാഗം സിപിഐ നേതാക്കള്‍ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]