
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; അംഗീകാരം നൽകി പാർലമെന്റ്
ടെഹ്റാന്∙ ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. യുഎസ്–ഇറാൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണു തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയത്.
ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ഗൾഫിൽനിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതു നേരത്തേ ഇറാന്റെ പരിഗണനയിലുണ്ടായിരുന്നു.
ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പല്‍ റൂട്ടാണു ഹോര്‍മുസ് കടലിടുക്ക്. ഇറാനും അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന് എന്നീ രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതി ഉള്‍പ്പെടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്.
161 കിലോമീറ്റര്‍ നീളമുള്ള ഹോര്‍മുസില്‍ ഏറ്റവും ഇടുങ്ങിയ സ്ഥലത്തു 33 കിലോമീറ്റര്‍ വീതിയാണുള്ളത്. കപ്പല്‍ പാതയ്ക്ക് ഇരുവശത്തേക്കും മൂന്നു കിലോമീറ്റര്‍ വീതി മാത്രമാണുള്ളത്.
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണയില്‍ ഏകദേശം 2 ദശലക്ഷം ബാരല്‍ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാന്‍ കാരണമാകുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]