
‘എസ്ഡിപിഐയുടെ വികൃതമുഖം ഒന്നുകൂടി വെളിപ്പെട്ടു; ഇത് താലിബാന്റെ അഫ്ഗാനിസ്ഥാനല്ല, കേരളമാണ്’
കണ്ണൂർ∙ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്ഡിപിഐയുടെ വികൃതമുഖം ഒന്നുകൂടി വെളിപ്പെട്ടുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.
ആൺസുഹൃത്തുമായി സംസാരിച്ചു എന്ന കുറ്റം ചുമത്തി സമൂഹ വിചാരണ നടത്തിയും അതു സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് യുവതിയെ അപമാനിച്ചത്. അതിനാലാണ് അവർ ആത്മഹത്യ ചെയ്തത്.
ഇക്കാര്യം ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ പേരിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിലാണെന്നും കെ.കെ.രാഗേഷ് പറഞ്ഞു.
ആൺസുഹൃത്തിനെ ഏഴുമണിക്കൂർ നേരമാണ് എസ്ഡിപിഐ ഓഫിസിൽ കൊണ്ടുപോയി വിചാരണ ചെയ്തത്.
ഭീകരമായി മർദിച്ചാണ് വിചാരണ ചെയ്തതെന്നും രാഗേഷ് പറഞ്ഞു ‘‘യുവതിയുടെ മരണത്തിനു ശേഷവും എസ്ഡിപിഐ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം തുടരുകയാണ്. ആൺസുഹൃത്ത് ഡിവൈഎഫ്ഐക്കാരനാണ് എന്നാണ് പ്രചാരണം. കൊടുംപാതകം ചെയ്ത് അതുമറച്ചുവക്കാൻ മതരാഷ്ട്ര വാദികൾ ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുകയാണ്.
കായലോട്ടെ സംഭവത്തിൽ രാഷ്ട്രീയനിറം നൽകാൻ സിപിഎമ്മിന് താൽപര്യമില്ല. അത് പ്രസക്തവുമല്ല.
ആൺസുഹൃത്തിന് സിപിഎമ്മുമായി ബന്ധമില്ല. അയാൾ കോൺഗ്രസ് കുടുംബത്തിലുള്ളയാളാണ്.
എസ്ഡിപിഐക്കാർ, വിചാരണ സമയത്ത് വിളിച്ചുവരുത്തിയ അയാളുടെ ബന്ധുക്കളുടെ കൂട്ടത്തിൽ കോൺഗ്രസ് പഞ്ചായത്തംഗവും പ്രവർത്തകരുമാണുള്ളത്.’’ – കെ.കെ.രാഗേഷ് പറഞ്ഞു. ‘‘വടക്കേ ഇന്ത്യയിൽ സംഘപരിവാറുകാർ നടത്തുന്ന ഘാപ് പഞ്ചായത്തിന് സമാനമായി, മതരാഷ്ട്രവാദികളായ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും കേരളത്തിലും ഫത്വ പുറപ്പെടുവിക്കുകയാണ്.
കായലോട്ട് യഥാർഥത്തിൽ നടന്നത് കൊലപാതകമാണ്. താലിബാന്റെ അഫ്ഗാനിസ്ഥാനല്ല കേരളമാണെന്ന് എസ്ഡിപിഐക്കാർ മനസ്സിലാക്കണം.
അവരുടെ സദാചാര പൊലീസ് കളി ജനാധിപത്യകേരളം അംഗീകരിക്കില്ല. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതരാഷ്ട്രവാദികൾ കോൺഗ്രസിന്റെ സഖ്യകക്ഷി ആയതിന് ശേഷമാണ് സദാചാര ഗുണ്ടായിസം പോലുള്ള ഇത്തരം കാര്യങ്ങൾ വീണ്ടും തലപൊക്കിയത്.
ഈ സംഭവത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. എസ്ഡിപിഐയുടെ സദാചാര ഗുണ്ടായിസത്തെ പറ്റി കോൺഗ്രസും പ്രതിപക്ഷനേതാവും നിലപാട് വ്യക്തമാക്കണം.’’ – കെ കെ രാഗേഷ് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]