
ഇസ്രയേൽ വധഭീഷണിക്കിടെ പിൻഗാമികളുടെ പട്ടിക മുന്നോട്ട് വച്ച് ആയത്തുല്ല ഖമനയി; പട്ടികയിൽ മകന്റെ പേരില്ലെന്ന് റിപ്പോർട്ട്
ടെഹ്റാൻ∙ ഇസ്രയേലിന്റെ വധഭീഷണികൾക്കിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പിൻഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു വച്ചതായി റിപ്പോർട്ട്. പട്ടികയിൽ ഖമനയിയുടെ മകൻ മോജ്തബ ഇല്ലെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിൻഗാമികളുടെ പട്ടികയ്ക്കു പുറമെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്ക് പകരക്കാരെ നിയമിക്കാനും ഖമനയി നീക്കം ആരംഭിച്ചിട്ടുണ്ട്.
LISTEN ON
മേഖലയിൽ നിലവിൽ സംഘർഷ സാഹചര്യം തുടരുന്നതിനാൽ 86 വയസ്സുകാരനായ ഖമനയി ബങ്കറിൽ അഭയം തേടിയിരിക്കുകയാണെന്നും പിൻഗാമികളുടെ പട്ടികയിൽ മൂന്നു പുരോഹിതന്മാരുണ്ടെന്നാണ് സൂചനയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേരത്തെ മകൻ മോജ്തബ ഖമനയിയുടെ പിൻഗാമിയാകുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതിനെ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന വൈദിക സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ടിനോട്, താൻ മുന്നോട്ടുവച്ചിരിക്കുന്ന മൂന്നു പേരുകളിൽനിന്ന് ഉചിതമായ വ്യക്തിയെ കണ്ടെത്താൻ വേഗത്തിൽ നടപടിയെടുക്കാൻ ഖമനയി നിർദേശിച്ചതായും സൂചനയുണ്ട്. സാധാരണ ഇറാനിലെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മാസങ്ങൾ എടുക്കും.
നീണ്ടുനിൽക്കുന്ന ചർച്ചകള്ക്കു ശേഷമാണ് പരമോന്നത നേതാവിനെ വൈദിക സമിതി തിരഞ്ഞെടുക്കുക. എന്നാൽ രാജ്യം അടിയന്തര ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ വേഗത്തിലുള്ള തീരുമാനം എടുക്കണമെന്നാണ് ഖമനയിയുടെ നിർദേശം.
ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ ശേഷികൾ നശിപ്പിക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യമെങ്കിലും, നിലവിലെ സർക്കാരിനെ മാറ്റാൻ സഹായിക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നത്. ഇറാന്റെ പരമോന്നത നേതാവിനെയാണോ ലക്ഷ്യം വയ്ക്കുന്നതെന്ന ചോദ്യത്തിന് ‘ആരും ഇതിൽ നിന്ന് മുക്തരല്ല’ എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]