
രക്ഷാപ്രവർത്തകനെ ആക്രമിച്ച സംഭവം: ഒരു മാസമായിട്ടും പ്രതികളെ കണ്ടെത്താനായില്ല
കോഴിക്കോട് ∙ രക്ഷാപ്രവർത്തനത്തിനു പോകുന്നതിനിടെ അഗ്നിരക്ഷാസേന സിവിൽ ഡിഫൻസ് അംഗത്തെ വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ആയുധം കൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഒരു മാസം തിരഞ്ഞിട്ടും പൊലീസിനു കണ്ടെത്താനായില്ല. യുവാവിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നതോടെ ക്വട്ടേഷൻ സംഘമാണെന്നാണു പൊലീസ് നിഗമനം.
പുതിയപാലം സ്വദേശി തറയിങ്ങൽ എം.പി.അനീസ് റഹ്മാൻ, സുഹൃത്ത് മൻസൂർ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. കഴിഞ്ഞ മാസം 18ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തെ തുടർന്നു അനീസ് കുതിരവട്ടം – പൊറ്റമ്മൽ റോഡ് വഴി വാഹനത്തിൽ വരുമ്പോൾ ഗതാഗതക്കുരുക്കായി.
തുടർന്നു വാഹനം അവിടെ വച്ച് സുഹൃത്ത് മൻസൂറിനൊപ്പം നഗരത്തിലേക്ക് നടന്നു പോകുമ്പോൾ ഒരു വാഹനം തുടർച്ചയായി ഹോൺ മുഴക്കി സഞ്ചരിച്ചത് അനീസ് ഇടപെട്ടു നിർത്തിച്ചു. പിന്നീട് അനീസും സുഹൃത്തും നടന്നു പോകുന്നതിനിടെ അനീസിനെ പിന്തുടർന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു.
അനീസിനെ പിന്നീട് വാഹനത്തിലുള്ള അഞ്ചംഗ സംഘം ആയുധം കൊണ്ടു മർദിച്ചു. തടുക്കാൻ ശ്രമിക്കുന്നതിനിടെ അടിയേറ്റ സുഹൃത്തിന്റെ പല്ല് പോയി.
തുടർന്നു 4 പേർ ചേർന്നു അനീസിനെ ക്രൂരമായി മർദിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. പിന്നീട്, സുഹൃത്തുക്കളാണ് വീണു കിടന്ന അനീസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
പരാതിയിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു. അക്രമികൾ സഞ്ചരിച്ച വാഹനം ഫറോക്ക് സ്വദേശിയിൽ നിന്നു സംഘം വാടകയ്ക്ക് എടുത്തതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഹന ഉടമയിൽ നിന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ ബേപ്പൂർ, ഫറോക്ക്, ചാലിയം, മലപ്പുറം ജില്ലാ അതിർത്തികളിൽ നിന്നുള്ളവരാണെന്നു വിവരം ലഭിച്ചിട്ടുണ്ട്.
അന്വേഷണം വ്യാപിപിച്ചതോടെ പ്രതികൾ മുങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]