
യുദ്ധങ്ങളും താരിഫ് തർക്കങ്ങളും അപകടങ്ങളുമൊക്കെ ഓഹരി വിപണിയിൽ ഇടയ്ക്കിടെ അനിശ്ചിതാവസ്ഥകള്‍ക്കിടയാക്കുന്നുണ്ടെങ്കിലും പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന വമ്പൻമാരുടെ ആവേശത്തിന് കുറവില്ല. ജനുവരി–മാർച്ച് മാസങ്ങളിൽ മങ്ങലിലായിരുന്ന ഐപിഒ രംഗം മെയ് മാസത്തോടെ വീണ്ടും ഉഷാറാവുകയായിരുന്നു.
ജൂണിലും ജൂലൈയിലുമായി വിപണിയിലെത്തുന്ന 5 ഐപിഒകളിലേയ്ക്കാണ് നിക്ഷേപകരുടെ ശ്രദ്ധ ഇപ്പോൾ. എന്‍എസ് ഡിഎല്‍, എച് ഡിബി ഫിനാന്‍ഷ്യൽ സർവീസസ്, ജെഎസ്ഡ്ബ്ല്യു സിമന്റ്, ഹീറോ ഫിൻകോർപ്പ്, കൽപതരു എന്നിവയാണവ.
എന്എസ്ഡിഎല് ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി സ്ഥാപനമായ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്എസ്ഡിഎല്) ആണ് പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്ന വമ്പന്മാരിലൊരാൾ. സിഡിഎസ്എല്ലിന് ശേഷം ഐപിഒയ്ക്ക് എത്തുന്നു എന്ന സവിശേഷതയുമുണ്ട്.
പുതിയ ഓഹരികള്‍ക്ക് പകരം നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) രീതിയിലൂടെയാകും 3300 കോടി രൂപ സമാഹരിക്കുന്നതിനായി ജൂലൈയിൽ എന്എസ്ഡിഎല് ഐപിഒയുമായി എത്തുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എൻഎസ് ഡിഎല്ലിൽ നിലവിൽ ഓഹരികളുള്ള ഐഡിബിഐയും എൻഎസ് ഇയും കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയ്ക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം എൻഎസ് ഡിഎല്ലിന്റെ ലാഭം 25 ശതമാനത്തോളം ഉയർന്ന് അറ്റാദായം 340 കോടി രൂപയിലെത്തിയിരുന്നു എച് ഡിബി ഫിനാന്‍ഷ്യൽ സർവീസസ് എച് ഡി എഫ് സി ബാങ്കിന്റെ ഉപകമ്പനിയായ എച് ഡിബി ഫിനാന്‍ഷ്യൽ സർവീസസിന്റെ ഐപിഒ ജൂൺ 25 – 27 തിയതികളിലായിരിക്കും വിപണിയിലെത്തുക.12500 കോടി രൂപയുടെ ഐപിഒ സമാഹരണമാണ് ഉദ്ദേശിക്കുന്നത്. വായ്പാരംഗത്താണ് കമ്പനി പ്രവർത്തിക്കുന്നത്.
ഒരു എൻബിഎഫ്സി ആദ്യമായാണ് ഇത്രയും വലിയ തുകയ്ക്കുള്ള ഐപിഒയ്ക്ക് ഒരുങ്ങുന്നത്. 2500 കോടി രൂപയുടെ പുതിയ ഓഹരി വില്പനയും എച് ഡിഎഫ് സി ബാങ്കിന്റെ കൈവശമുള്ള 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. ജെഎസ്ഡ്ബ്ല്യു സിമന്റ് ജെഎസ്ഡ്ബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ഈ സിമന്റ് നിർമാതാക്കൾ 4000 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് ഒരുങ്ങുന്നത്.
റിയൽ എസ്റ്റേറ്റിലെ വളർച്ചാ സാധ്യത ഐപിഒയ്ക്ക് പ്രതീക്ഷയേകുന്നു. റിട്ടെയ്ൽ നിക്ഷേപകർ തൽപ്പരരാണെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഹീറോ ഫിൻകോർപ്പ് ഹീറോ മോട്ടോഴ്സിന്റെ പിന്തുണയുള്ള കമ്പനി ഇരുചക്ര വാഹനങ്ങൾ, ചെറു ബിസിനസ് വായ്പകൾ, ചെലവ് കുറഞ്ഞ ഭവന വായ്പകൾ എന്നിവയുടെ രംഗത്ത് പ്രവർത്തിക്കുന്നു.3670 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത് കൽപതരു മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ മുന്‍നിര റിയല്‍എസ്റ്റേററ് ഡവലപ്പര്‍മാരായ കല്പതരു ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2025 ജൂണ്‍ 24 മുതല്‍ 26 വരെയാണ്. 1590 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ കടങ്ങൾ വീട്ടാനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വേണ്ടിയായിരിക്കും തുക ചെലവഴിക്കുകയെന്നറിയുന്നു. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 387 രൂപ മുതല്‍ 414 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞത് 36 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 36ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഓരോ ഇക്വിറ്റി ഓഹരിക്കും 38 രൂപ വീതം ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
ഐപിഒ കളം നിറയും വരും നാളുകളിൽ ഇന്ത്യക്കാർക്ക് പ്രിയങ്കരമായ പല ബ്രാൻഡുകളും വിപണിയിലേയ്ക്ക് വരുന്നുണ്ട് . ഈ വർഷം ഇനി 1.4 ലക്ഷം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് 150 ഓളം കമ്പനികളാണ് സെബിയിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്.
അവയിലേറെയും ജനപ്രിയ ബ്രാൻഡുകളാണെന്ന പ്രത്യേകതയുമുണ്ട്. അടുത്തറിയുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കണമെന്ന പൊതുതത്വം പാലിക്കുകയാണെങ്കിൽ ഈ ഐപിഒകള്‍ക്ക് നിക്ഷേപകരിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇ കൊമേഴ്സ് കമ്പനികളായ മീഷോ ഐപിഒയിലൂടെ 80 കോടി ഡോളർ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. വസ്ത്ര ബ്രാൻഡായ ഫാബ് ഇന്ത്യയും ഐപിഒ സമാഹരണത്തിന് തയാറെടുക്കുകയാണ്.
ഓയോ, സെപ്റ്റോ, ഫോൺപേ, ഫ്ലിപ്കാര്‍ട്ട്, വൗമോമോ, ഹാല്‍ദിറാം, മിൽകി മിസ്റ്റ് തുടങ്ങിയ വമ്പന്മാരുൾപ്പടെയാണ് വരും ദിവസങ്ങളിൽ വിപണിയിലേയ്ക്ക് വരാനൊരുങ്ങുന്നത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുന്നതാണ് കൂടുതൽ കമ്പനികളെ ഐപിഒയുമായി വരാൻ പ്രേരിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]