
‘ഭീരുവായ സ്വേച്ഛാധിപതി, ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ല’: ഇസ്രയേൽ പ്രതിരോധ മന്ത്രി
ജറുസലം∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിനടുത്തുള്ള ആശുപത്രിയിൽ ഇറാന്റെ മിസൈൽ പതിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് ഖമനയിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
‘‘ഭീരുവായ ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്.
ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണ്. ഖമനയി തന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും’’– കാറ്റ്സ് എക്സിൽ കുറിച്ചു.
ഇറാനിയൻ നേതാവിനെ ഇല്ലാതാക്കാൻ ഇസ്രയേൽ പ്രതിരോധ സേന തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേലിനു നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കാൻ ഇറാനിലെ ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കാൻ പ്രധാനമന്ത്രിയും താനും സൈന്യത്തിനു നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തള്ളിയിരുന്നു. അടിച്ചേൽപിക്കുന്ന യുദ്ധത്തോടോ സമാധാനത്തോടോ യോജിപ്പില്ലെന്നും ടിവി പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
സൈനികമായി ഇടപെട്ടാൽ താങ്ങാനാകാത്ത നഷ്ടമാകും യുഎസിനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]