
കോഴിക്കോട് ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ആർഡിഡി ഓഫിസ് ഉപരോധിച്ച് കെഎസ്യു
കോഴിക്കോട് ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെന്റും പൂർത്തിയായി ക്ലാസ് ആരംഭിച്ചിട്ടും അപേക്ഷ സമർപ്പിച്ച 35 ശതമാനത്തിലധികം വിദ്യാർഥികൾ മെറിറ്റ് സീറ്റുകളിൽ അഡ്മിഷൻ കിട്ടാതെ പുറത്തുനിൽക്കുന്ന സാഹചര്യത്തിൽ, കോഴിക്കോട് ഉൾപ്പെടെ മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർഡിഡി ഓഫിസ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ ആർഡിഡിയുമായി സംസാരിക്കാനെത്തിയ കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ ഓഫിസിനകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് മുന്നിൽ വച്ച് പൊലീസ് തടഞ്ഞു.
തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇതിനിടെ പൊലീസ് പ്രതിരോധം മറികടന്ന് കെഎസ്യു പ്രവർത്തകർ ആർഡിഡി ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറി.
മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കിയതിനുശേഷമാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പി.രാഗിൻ, പി.എം.ഷഹബാസ്, ജില്ലാ ഭാരവാഹികളായ രാഹുൽ ചാലിൽ, വി.കെ.ആയിഷ, ഇ.കെ.ശ്രേയ, സിനാൻ പള്ളിക്കണ്ടി എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]