
‘ഇതാരും ‘സൈഡ്’ കൊടുക്കാത്ത ഉപതിരഞ്ഞെടുപ്പ്; കണ്ടറിഞ്ഞതൊന്നുമല്ല മത്സരം, അൻവറും നിർണായകം’
നിലമ്പൂർ ∙ തേക്കിന്റെ സ്വന്തം നാടായ നിലമ്പൂരിൽ ഇത്തവണത്തേത് തേക്കിന്റെ കാതൽ പോലെ കടുപ്പമേറിയ മത്സരമെന്ന് നിലമ്പൂർ നഗരത്തിലെ ടാക്സി ഡ്രൈവർമാർ. ഉപതിരഞ്ഞെടുപ്പിലെ കാതടപ്പിക്കുന്ന പ്രചാരണ കോലാഹലങ്ങൾക്കിടയിൽ നിലമ്പൂർ നഗരത്തിലെ നിരത്തുകളിലും ഉൾമേഖലകളിലും നിത്യവും ഓടുന്ന ടാക്സി ഡ്രൈവർമാരാണ് മത്സരം ‘ടൈറ്റാ’ണെന്ന് അടിവരയിടുന്നത്.
‘‘അവകാശവാദങ്ങൾ ഏറെയുണ്ടാകാം എന്നാൽ ഇവിടെ മത്സരം അൽപം കടുപ്പമേറിയതാണ്. പ്രധാന സ്ഥാനാർഥികളെല്ലാം ആഞ്ഞുപിടിക്കുന്ന മത്സരം.
മുൻ എംഎൽഎ പി.വി.അൻവറിന് ചുങ്കത്തറ, വഴിക്കടവ് ഭാഗത്തെല്ലാം നല്ല പിന്തുണയുണ്ട്. അൻവർ എംഎൽഎയായിരിക്കെ ഗുണം നേടിയവരിൽ പാർട്ടിക്കാരും കോൺഗ്രസുകാരുമെല്ലാമുണ്ട്.
അവർ എങ്ങനെ പ്രതികരിക്കുമെന്നത് ഒട്ടും വ്യക്തമല്ല.’’ – നിലമ്പൂരിലെ പിഡബ്ലിയുഡി റസ്റ്റ് ഹൗസിന് മുന്നിലെ ടാക്സി സ്റ്റാൻഡിൽ സ്വന്തം വാഹനത്തിലിരുന്ന് ശിവദാസൻ പറയുന്നു. ‘‘എല്ലാ മുന്നണിയിലെയും പ്രവർത്തകരിൽ ഒരുപോലെ ആവേശമുണ്ട്.
ഇതെല്ലാം കാണിക്കുന്നത് എല്ലാ പാർട്ടികൾക്കും ഇതെത്ര പ്രധാനമെന്നതാണ്.’’ – തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ വിഷയം ഏറെയുണ്ടെങ്കിലും സമൂഹത്തിലെ ഒരു വിഭാഗമായ ഓട്ടോ–ടാക്സി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ കൂടി എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രദ്ധിക്കണമെന്ന അഭ്യർഥനയും ശിവദാസനുണ്ട്.
നിലമ്പൂർ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരായ ശിവശങ്കരനും നൗഷാദും. (ചിത്രം: മനോരമ ഓൺലൈൻ)
‘‘സാധാരണക്കാരുടെ പ്രശ്നങ്ങളിൽ പ്രസ്താവനകൾക്കപ്പുറം ഭരണ–പ്രതിപക്ഷ കക്ഷികൾ ഗൗരവമായി ഇടപെട്ടു കാണുന്നില്ല.
ഊട്ടിയിലേക്കും മറ്റും ഓട്ടം കിട്ടിയാൽ വലിയ സന്തോഷമൊന്നുമില്ല. സംസ്ഥാന അതിർത്തി കടക്കുന്നതിനുള്ള പെർമിറ്റിലും വാഹനനികുതിയിലും മറ്റും നല്ല വർധനയാണ്.
വഴിക്കടവ് പിന്നിട്ടാൽ പലതരം പിരിവു തുടങ്ങും. റോഡ് ടാക്സ്, ഇൻഷുറൻസ്, ജിപിഎസ് പിടിപ്പിക്കൽ, ഫിറ്റ്നസ്, പുകപരിശോധന തുടങ്ങി എല്ലാത്തിനുമായി ഏകദേശം അരലക്ഷത്തോളം രൂപ ഒരു ടാക്സിക്ക് ഈ വർഷം ചെലവായി.
റോഡ് നികുതിയെല്ലാം പിരിക്കുന്നുണ്ട്. എന്നാൽ നഗരപരിധി വിട്ടാൽ റോഡിന്റെ സ്ഥിതിയത്ര മെച്ചമല്ല.’’ – ശിവദാസൻ വിഷമതകൾ നിരത്തുന്നു.
ഉപതിരഞ്ഞെടുപ്പ് വന്നതോടെ ടാക്സിക്കാർക്ക് പൊതുവേ ഓട്ടം കൂടുതലുണ്ടായെന്നാണ് മറ്റൊരു ടാക്സി ഡ്രൈവറായ ഹസൻകുട്ടി പറയുന്നത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് ഇടതു സ്ഥാനാർഥിക്ക് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
‘‘പാർട്ടിക്കാരെല്ലാം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രചാരണത്തിലുള്ളത്.
ഇടതുപക്ഷത്തിന് ഇത് അഭിമാനപോരാട്ടം തന്നെയാണ്. പുതിയ ജനപ്രതിനിധി വന്നാലും എട്ടൊൻപതു മാസത്തിനുള്ളിൽ എന്തു ചെയ്യാനാകുമെന്ന ചോദ്യവുമുണ്ട്.
നിലമ്പൂരിലെ ജനം എന്തായാലും ചിന്തിച്ചു തന്നെയാകും വോട്ടു ചെയ്യുക.’’ – ഹസൻകുട്ടി വിശദീകരിക്കുന്നു. നിലമ്പൂർ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ ഹസൻകുട്ടി.
(ചിത്രം: മനോരമ ഓൺലൈൻ)
മൂന്നു മുന്നണികളും ഇത്തവണ അരയും തലയും മുറുക്കിയാണ് പ്രചാരണത്തിനിറങ്ങിയതെന്ന് മണ്ഡലത്തിൽ ഉടനീളമുള്ള ട്രെൻഡ് വ്യക്തമാക്കുന്നതായി സ്റ്റാൻഡിൽ വിശ്രമത്തിനിടെ ടാക്സി ഡ്രൈവർ ബഷീർ പറഞ്ഞു. ‘‘ആർക്കാണ് മുൻതൂക്കമെന്നത് പറയാനാകുന്നില്ല.
ഈ ഉപതിരഞ്ഞെടുപ്പ് ഇപ്പോൾ ആവശ്യമില്ലായിരുന്നു. ഒരു വർഷത്തിനിടെ ഒന്നിനു പുറകെ മൂന്നു തിരഞ്ഞെടുപ്പാണ് ഇത്തവണ നിലമ്പൂരുകാർക്ക്.
ഇതുകഴിഞ്ഞാൽ പഞ്ചായത്തിലേക്കും പിന്നെ വീണ്ടും നിയമസഭയിലേക്കും. കഴിഞ്ഞ വർഷം വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും വോട്ടിട്ടു.’’ – ഉപതിരഞ്ഞെടുപ്പ് വന്നുവെന്നതുകൊണ്ട് മാത്രം കൂടുതൽ ടാക്സി ഓട്ടമൊന്നുമില്ലെന്നാണ് ബഷീറിന്റെ പക്ഷം.
പലരും പലയിടത്തുനിന്നും വാഹനങ്ങളിൽ തന്നെയാണ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത്. അതിനാൽ വലിയ ഓട്ടങ്ങൾ ഇവിടുത്തുകാർക്കില്ല.
വോട്ടു കൂടുതൽ പിടിച്ചാലും ബിജെപി വലിയ ഫാക്ടർ ആകില്ല. എന്നാൽ അൻവറാണ് ഇത്തവണ മുന്നണികൾക്ക് ചങ്കിടിപ്പാകുന്നത്.
എന്നാൽ ഇത്തവണ പല വിഷയങ്ങളിലും മാറിമറിഞ്ഞ നിലപാടു കാരണം മണ്ഡലത്തിലെ ചിലർക്ക് അൻവറിനോട് താൽപര്യക്കുറവുണ്ടെന്നും ബഷീർ പറഞ്ഞു. നിലമ്പൂർ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ ബഷീർ.
(ചിത്രം: മനോരമ ഓൺലൈൻ)
‘അൻവർ ഫാക്ടർ’ ഇടതു–വലതു മുന്നണികളെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് ഇതേ ടാക്സി സ്റ്റാൻഡിലെ നൗഷാദും ശിവശങ്കരനും പറയുന്നത്. ഫലമെന്തായാലും അത് വലിയ മാർജിനിലാവില്ല.
2000–2500 വോട്ട്. അത്ര ടൈറ്റാണ് മത്സരം.
ആരും ഈ തിരഞ്ഞെടുപ്പിൽ അറിഞ്ഞുകൊണ്ട് സൈഡ് കൊടുക്കില്ല. ലീഗ് ഇത്തവണ കച്ചമുറുക്കി തന്നെ രംഗത്തുണ്ട്.
അതുപോലെ തന്നെയാണ് ഇടതുപക്ഷവും. ആരു ജയിച്ചാലും നിലമ്പൂരുകാരുടെ ജീവൽപ്രശ്നങ്ങൾ അവർ ഓർക്കണമെന്ന് നൗഷാദും ശിവശങ്കരനും പറയുന്നു.
‘‘ഈ നിൽക്കുന്ന ശിവശങ്കരന്റെ വീടിന്റെ വശത്താണ് രണ്ടാഴ്ച മുൻപ് കാട്ടാനയെത്തിയത്. നാട്ടിൽ ആന വന്നു, പന്നി വന്നു എന്നൊക്കെ വാർത്ത കേൾക്കുമ്പോൾ അത് അടുത്ത് കാടില്ലാത്തവർക്ക് അത്ര പിടികിട്ടണമെന്നില്ല.
അതിന്റെ പേടിയും വേദനയും അനുഭവിച്ച് തന്നെ അറിയണം. ജയിച്ചെത്തുന്ന ജനപ്രതിനിധി ആരായാലും ഇതെല്ലാം മനസ്സിലാക്കണം.’’ – നൗഷാദ് ഓർമിപ്പിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]