
കാസർകോട്ടേക്കു 41 ഡോക്ടർമാർ; 20 പേരും കോഴിക്കോടു നിന്ന്; മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക
കോഴിക്കോട് ∙ കോഴിക്കോട്, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളജുകളിൽ നിന്നായി 41 ഡോക്ടർമാരെ കാസർകോട് ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി നിയമിച്ചു.
ഇതിൽ 20 പേരെയും കോഴിക്കോട് നിന്നാണ് മാറ്റിയത്. നാഷനൽ മെഡിക്കൽ കമ്മിഷന്റെ പരിശോധനയ്ക്കു മുന്നോടിയായാണ് ഇത്തരമൊരു സ്ഥലം മാറ്റം. വയനാട് മെഡിക്കൽ കോളജിൽ നാഷനൽ മെഡിക്കൽ കമ്മിഷന്റെ പരിശോധനയ്ക്ക് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളജിലെ 11 ഡോക്ടർമാരെ ഉൾപ്പെടെ 20 പേരെ കഴിഞ്ഞ 4ന് വയനാട്ടിലേക്കു മാറ്റിയിരുന്നു.
അവിടെ ഇതുവരെ പരിശോധന നടന്നിട്ടില്ല. അതിനാൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ സ്ഥലം മാറ്റം ലഭിച്ചവർ ഉൾപ്പെടെ വയനാട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുകയാണ്.
നേരത്തെയുള്ള ഡോക്ടർമാരുടെ സ്ഥലം മാറ്റം കോഴിക്കോട് മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിച്ചിരിക്കെയാണ് ഇന്നലെ കോഴിക്കോട് നിന്നുള്ള 20 പേരെ കൂടി കാസർക്കോട്ടേക്കു മാറ്റി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്. അനസ്തീസിയ, ശിശുരോഗം, സൈക്യാട്രി, സ്ത്രീരോഗം, എല്ലുരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിൻ, പാത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് കോഴിക്കോട് നിന്നും മാറ്റിയത്.
പനി പടരുമ്പോൾ ആവശ്യത്തിനു ഡോക്ടർമാരില്ലാതെ ജനറൽ മെഡിസിൻ വിഭാഗം ∙ കനത്ത മഴയെ തുടർന്ന് എലിപ്പനി, ഡെങ്കിപ്പനി, വൈറൽ ഫീവർ, മഞ്ഞപ്പിത്തം ഉൾപ്പെടെ പടരുമ്പോഴും ആവശ്യത്തിനു ഡോക്ടർമാരില്ലാതെ കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം. നേരത്തെ ഒരു യൂണിറ്റ് ചീഫിനെ വയനാട്ടിലേക്കു സ്ഥലം മാറ്റിയിരുന്നു.
ഇതിനു പുറമേ ഇന്നലെ ഇറങ്ങിയ ഉത്തരവു പ്രകാരം മറ്റൊരു യൂണിറ്റ് ചീഫിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. നിലവിൽ 4 അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകൾ ജനറൽ മെഡിസിൻ വിഭാഗത്തിൽ മാത്രം നികത്താതെ കിടക്കുന്നുണ്ട്. 10 സീനിയർ റസിഡന്റുമാർ വേണ്ടിടത്ത് 3 പേർ മാത്രമാണുള്ളത്.
3 അസോഷ്യേറ്റ് പ്രഫസറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. സീനിയർ റസിഡന്റുമാരായി നിയമിച്ച 10 പേരിൽ 7 പേർ സൂപ്പർ സ്പെഷ്യൽറ്റി പിജിക്കു പ്രവേശനം ലഭിച്ചപ്പോൾ വിടുതൽ ചെയ്തതാണ്. ഇവരുടെ ഒഴിവു വന്നിട്ടു ഒരു മാസം കഴിഞ്ഞെങ്കിലും പകരം നിയമനത്തിനു നടപടിയായില്ല.
ഇവിടെ നിന്നും ജനറൽ മെഡിസിനിൽ പിജി കഴിഞ്ഞവരെ കാസർകോട്, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ സീനിയർ റസിഡന്റുമാരായി നിയമിക്കുകയായിരന്നു. ഇവിടുത്ത കാര്യം അധികൃതർ സൗകര്യ പൂർവം മറക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]