
വെടിനിർത്തൽ ഉണ്ടായേക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി ഇറാനും ഇസ്രയേലും സംഘർഷം (Iran-Israel Conflict) കൂടുതൽ കടുപ്പിച്ചതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ (Oil Price) വില വീണ്ടും കുതിപ്പ് തുടങ്ങി. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ ഓഹരി വിപണികൾ നേട്ടത്തിലേറിയെങ്കിലും മധ്യേഷ്യ വീണ്ടും യുദ്ധകലുഷിതമാവുകയും എണ്ണവില കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ ഗിഫ്റ്റി നിഫ്റ്റി (Gift Nifty) താഴേക്ക് നീങ്ങി. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 40 പോയിന്റോളം ഇടിഞ്ഞത് സെൻസെക്സും (Sensex) നിഫ്റ്റിയും (Nifty) നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കുമെന്ന സൂചനയാണ് നൽകുന്നത്.
ഇന്നലെ സെൻസെക്സ് 677.55 പോയിന്റ് (+0.84%) ഉയർന്ന് 81,796.15ലും നിഫ്റ്റി 227.90 പോയിന്റ് (+0.92%) നേട്ടവുമായി 24,946.50 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാൻ-ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തെയും ഉൽപാദനത്തെയും ബാധിക്കില്ലെന്ന വിലയിരുത്തലും യുഎസിൽ അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറഞ്ഞുതുടങ്ങിയേക്കുമെന്ന വിലയിരുത്തലുമാണ് നിക്ഷേപകർ പരിഗണിച്ചത്.
എന്നാൽ, യുദ്ധത്തിന് ശമനമില്ലാത്തതും ഗൾഫ് മേഖലയിലെ പ്രധാന ചരക്കുനീക്ക പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ബ്ലോക്ക് ചെയ്തേക്കാമെന്ന വിലയിരുത്തലുകളും നിലവിൽ എണ്ണവിലയെ വീണ്ടും മുന്നോട്ട് നയിക്കുകയാണ്. ഡബ്ല്യുടിഐ ക്രൂഡ് വില 0.29% ഉയർന്ന് 71.98 ഡോളറിലും ബ്രെന്റ് വില 0.30% ഉയർന്ന് 73.45 ഡോളറിലുമെത്തി. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്.
അതേസമയം, ലാഭമെടുപ്പ് തകൃതിയായതിനെ തുടർന്ന് രാജ്യാന്തര സ്വർണവില താഴ്ന്നിട്ടുണ്ട്. ഔൺസിന് 38 ഡോളർ ഇടിഞ്ഞ് 3,395 ഡോളറിലാണ് നിലവിൽ വ്യാപാരം. ഇത് ഇന്നു കേരളത്തിലും വില കുറയുമെന്ന സൂചന നൽകുന്നു.
ഇന്ത്യൻ ഓഹരി വിപണികളുടെ ദിശ
ഇറാൻ-ഇസ്രയേൽ സംഘർഷം മൂർച്ഛിക്കുന്നത് ഇന്ത്യൻ ഓഹരി വിപണികളെ ഇന്ന് സമ്മർദത്തിലാക്കിയേക്കാം. പ്രതിരോധ ഓഹരികളും ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളുമാണ് കൂടുതൽ ശ്രദ്ധാകേന്ദ്രമാവുക.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ 2,539 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു. എഫ്ഐഐ ഈ മനോഭാവം തുടർന്നാൽ അതു ഇന്ത്യൻ വിപണിക്ക് തിരിച്ചടിയാകും.
∙ ക്രൂഡ് വില വർധനയുടെ പശ്ചാത്തലത്തിൽ രൂപ സമ്മർദത്തിലാണ്. ഇന്നലെയും 7 പൈസ ഇടിഞ്ഞ് 86.04ലാണ് ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്.
∙ ഏഷ്യൻ ഓഹരികൾ പ്രധാനമായും ഉറ്റുനോക്കുന്നത് ബാങ്ക് ഓഫ് ജപ്പാന്റെ പണനയത്തിലേക്ക്. അടിസ്ഥാന പലിശനിരക്ക് നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 0.5 ശതമാനത്തിൽ നിലനിർത്താൻ സാധ്യത
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് (+0.62%), ഹോങ്കോങ് (+0.23%), ഷാങ്ഹായ് (+0.10%) എന്നീ വിപണികൾ നേട്ടത്തിലേറിയതൊരു പോസിറ്റീവ് ഘടകമാണ്.
∙ യുഎസ്, യൂറോപ്യൻ വിപണികളും പച്ചതൊട്ടു. യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.94 ശതമാനവും നാസ്ഡാക് 1.52 ശതമാനവും ഡൗ ജോൺസ് 0.75 ശതമാനവും യൂറോപ്പിൽ എഫ്ടിഎസ്ഇ 0.28 ശതമാനവും ഉയർന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)