
തുടർച്ചയായ 4 ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയ രാജ്യാന്തര സ്വർണവില (Gold) ഇന്നു ചാഞ്ചാട്ടത്തിലേക്ക് കടന്നതോടെ കേരളത്തിൽ വില (Kerala gold price) നേരിയതോതിൽ താഴ്ന്നു. ഗ്രാമിന് (gold rate) 15 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 120 രൂപ താഴ്ന്ന് 74,440 രൂപയുമായി.
ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായിരുന്നു.
രാജ്യാന്തര വില നിലവിൽ ഔൺസിന് 3,433 ഡോളറിൽ നിന്ന് 3,950 വരെ എത്തിയശേഷം 3,428 ഡോളറിലേക്ക് താഴ്ന്നത് കേരളത്തിലും വില കുറയാൻ സഹായിച്ചു. കേരളത്തിലെ വില നിശ്ചയിക്കുന്നത് രാജ്യാന്തര വില, മുംബൈ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന റേറ്റ്, ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ്.
ഇന്നു രാവിലെ കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്ന വേളയിൽ രാജ്യാന്തര വില താഴ്ന്നത് നേട്ടമായി. മുംബൈ വില ഗ്രാമിന് 10 രൂപയും ബാങ്ക് റേറ്റ് 9 രൂപയും കൂടിയെങ്കിലും രാജ്യാന്തര വിപണിയിലെ ഇറക്കം കണക്കിലെടുത്ത്, കേരളത്തിലെ വ്യാപാരികളും വില കുറയ്ക്കുകയായിരുന്നു.
ഡോളറിനെതിരെ ഇന്നും രൂപ 10 പൈസ ഇടിഞ്ഞ് 86.18ലാണ് വ്യാപാരം തുടങ്ങിയതെങ്കിലും സംസ്ഥാനത്ത് സ്വർണവില കുറയ്ക്കാൻ തന്നെ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ചില കടകളിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,660 രൂപയായി.
മറ്റു ചില കടകളിൽ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,635 രൂപയാണ്. വെള്ളിക്കും കേരളത്തിൽ ‘പലവില’യാണ് വിവിധ സ്വർണ വ്യാപാരി അസോസിയേഷനുകൾക്ക് കീഴിലായുള്ളത്.
ചില കടകളിൽ ഗ്രാമിന് ഇന്നു വില മാറാതെ റെക്കോർഡ് 118 രൂപ. മറ്റു കടകളിൽ 115 രൂപ.
രാജ്യാന്തര സ്വർണവില ഇന്നൽപം താഴ്ന്നെങ്കിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷകർ പറയുന്നു. യുദ്ധം പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലെപ്പോഴും ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡും വിലയും കൂടുന്നത് പതിവാണ്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവില്ലെങ്കിൽ വില വീണ്ടും ഉയരത്തിലേക്ക് പോയേക്കും. യുഎസ് കേന്ദ്രബാങ്കിന്റെ (US Fed) ഈയാഴ്ചത്തെ പണനയവും നിർണായകമാണ്.
അടിസ്ഥാന പലിശനിരക്ക് ഉടൻ കുറയ്ക്കാൻ സാധ്യത വിരളമെങ്കിലും ഈ വർഷത്തെ പലിശയിറക്കം സംബന്ധിച്ച സൂചനകൾ യുഎസ് ഫെഡ് നൽകിയേക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള യോഗങ്ങളിൽ പലിശനിരക്ക് കുറച്ചേക്കാമെന്നാണ് വിലയിരുത്തലുകൾ.
പലിശ കുറയുന്നതും സ്വർണത്തിന് കരുത്താകും. കാരണം, പലിശ കുറഞ്ഞാൽ ആനുപാതികമായി യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) കുറയും.
ഡോളറും ദുർബലമാകും. ഇത് സ്വർണ നിക്ഷേപങ്ങളെ ആകർഷകമാക്കുകയും വില കൂടുകയും ചെയ്യാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]