
മക്കളുടെ ജീവൻ കാത്ത് അമ്മ യാത്രയായി; കണ്ണീർമഴയിൽ അഭയമറ്റ് 4 പെൺകുട്ടികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ പദ്ധതികളേറെയുണ്ടെങ്കിലും പാവപ്പെട്ടവനു സുരക്ഷിതമായ വീടു കിട്ടാനുള്ള നീണ്ട നടപടികളുടെയും സാങ്കേതിക കടമ്പകളുടെ ഇര കൂടിയാണ് മരിച്ച, പോരൂർ പഞ്ചായത്തിലെ ചെണ്ണയിൽനഗർ നെച്ചിലൻ സുനിത (34). പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡിലാണു സുനിതയും ഭർത്താവും നാലു പെൺമക്കളും താമസിച്ചിരുന്നത്. കഴിഞ്ഞ 28ന് ശക്തമായ കാറ്റടിച്ചപ്പോൾ രക്ഷ തേടിയാണു സുനിതയും മക്കളും സമീപത്തെ ബന്ധുവീട്ടിലേക്ക് ഓടിയത്. ആ വീടിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് ഇന്നലെ സുനിത മരിച്ചത്.
ലൈഫ് അടക്കമുള്ള ഭവന പദ്ധതികളിലൊന്നും, ദലിത് വിഭാഗത്തിൽപെട്ട സുനിതയുടെ കുടുംബത്തിനു വീടു ലഭിച്ചില്ല. അർഹതയുണ്ടായിട്ടും നിബന്ധനകളുടെ നൂലാമാലകളിൽ കുടുങ്ങി തഴയപ്പെട്ടു. ഒടുവിൽ ഭർത്താവിന്റെ തറവാടു വീടിനു സമീപം താൽക്കാലിക സ്ഥലത്തു ഷെഡ് വച്ചു. പഴയ ഫ്ലെക്സ് ഷീറ്റു കൊണ്ടു മേൽക്കൂരയുണ്ടാക്കി, പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു ചുറ്റും മറച്ച അടച്ചുറപ്പില്ലാത്ത ഷെഡിലാണു നാലു പെൺകുട്ടികളടക്കമുള്ള കുടുംബം കഴിയുന്നത്. വീടിനു ചുറ്റും വലിയ മരങ്ങളുമുണ്ട്. ഇത്തവണ പിഎംഎവൈ പദ്ധതിയിൽ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു വാർഡ് അംഗം ടി.സഫ റംഷി പറയുന്നു.
സുനിതയുടെ ഭർത്താവ് വാസുവിന് 9 സഹോദരങ്ങളുണ്ട്. പ്രായമായ അമ്മയുമുണ്ട്. ഇവർക്കാകെയുള്ളത് 20 സെന്റ് സ്ഥലമാണ്. സ്ഥലത്തിന്റെ വീതം വയ്ക്കൽ നടന്നിട്ടില്ല. വീതം വച്ചു കിട്ടിയാൽ തന്നെ ഒരു കുടുംബത്തിനു രണ്ടു സെന്റ് പോലും കിട്ടാത്ത അവസ്ഥയാണ്. അമ്മയുടെ പേരിൽ വീട് ലഭ്യമാക്കി വാസുവിനു നൽകാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതിക തടസ്സമുണ്ടായി. ഭൂരിഭാഗം ദലിത് ഗ്രാമങ്ങളിലും കൂട്ടുകുടുംബ വ്യവസ്ഥയാണ് ഇപ്പോഴും നിലവിലുള്ളത്. ചെറിയ ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള വീടുകളിൽ നാലും അഞ്ചും കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ഗൃഹനാഥയ്ക്കു മാത്രമാകും റേഷൻ കാർഡ് ഉണ്ടാവുക. മറ്റെല്ലാവരും റേഷൻ കാർഡിൽ ഉൾപ്പെടുകയും ചെയ്യും. ഫലത്തിൽ കൂട്ടുകുടുംബങ്ങളെ ഒറ്റക്കുടുംബമായാണു പരിഗണിക്കുക. റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കെങ്കിലും വീടുണ്ടെങ്കിൽ മറ്റാർക്കും ഭവനപദ്ധതികളുടെ ആനുകൂല്യം ലഭിക്കില്ല. വിവാഹം കഴിച്ചു ഭാര്യയും കുട്ടികളുമായി തറവാട്ടു വീട്ടിൽ തന്നെ താമസിക്കുന്ന പലരും തഴയപ്പെടും. തികഞ്ഞ അർഹതയുള്ളവരാകും പലപ്പോഴും ലിസ്റ്റിൽനിന്നു പുറത്താകുന്നത്. കൂട്ടുകുടുംബങ്ങളിലുള്ളവർ ഷെഡുണ്ടാക്കിയും വാടകവീടുകളിലേക്കു മാറിയുമാണ്, റേഷൻ കാർഡ് ഉൾപ്പെടെ രേഖകൾ ഉണ്ടാക്കുന്നത്.
ഭവനപദ്ധതികളിൽ ഉൾപ്പെടണമെങ്കിൽ അത്തരം രേഖകൾ ആവശ്യമാണ്. നൂലാമാലകളെക്കുറിച്ച് അറിയാത്ത സാധാരണക്കാർക്കു ഭവനപദ്ധതികൾ ഉൾപ്പെടെ ആനുകൂല്യങ്ങൾ പലതും വൈകുന്ന അവസ്ഥയാണ്. മരിച്ച സുനിതയുടെ കുടുംബത്തിനു എത്രയും വേഗം വീട് ലഭ്യമാക്കണമെന്നും മക്കളുടെ പഠനത്തിനു സഹായം ലഭ്യമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
മക്കളുടെ ജീവൻ കാത്ത് അമ്മ യാത്രയായി; കണ്ണീർമഴയിൽ അഭയമറ്റ് 4 പെൺകുട്ടികൾ
പോരൂർ ∙ മഴയും കാറ്റും കലിതുള്ളിയെത്തിയപ്പോൾ താമസിച്ചിരുന്ന ഷെഡിൽനിന്ന് 4 പെൺമക്കളുമായി ഓടി അടുത്തവീട്ടിൽ രക്ഷ തേടുന്നതിനിടെ മരം ദേഹത്തുവീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വണ്ടൂരിനടുത്ത ചെറുകോട് മേലണ്ണം ചെണ്ണയിൽ നഗർ നെച്ചിലൻ സുനിത (34) ആണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 28ന് വൈകിട്ടാണ് അപകടമുണ്ടായത്. പ്ലാസ്റ്റിക് ഷീറ്റും പഴയ ഫ്ലെക്സ് ഷീറ്റും വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡിലാണ് സുനിതയും ഭർത്താവ് നെച്ചിലൻ വാസുവും 4 പെൺമക്കളും താമസിച്ചിരുന്നത്. ശക്തമായ മഴയും കാറ്റും വരുന്നതു കണ്ടപ്പോൾ ഷെഡിനു മുകളിൽ മരം വീഴുമെന്നു ഭയന്നാണ് സുനിത മക്കളായ നിരഞ്ജന, നിവേദിത, നന്ദിത, നവനിക എന്നിവരെയും കൂട്ടി ബന്ധുവായ ശാന്തയുടെ വീട്ടിലേക്ക് ഓടിയത്. മുന്നിലോടിയ മക്കൾ വീടിനകത്തു കയറിയതിന്റെ തൊട്ടുപിന്നാലെ സുനിതയും എത്തിയെങ്കിലും ഇവരുടെ ദേഹത്തേക്കു മരം വീഴുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തനിക്ക് അപകടം പറ്റിയപ്പോഴും മക്കൾ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു സുനിത.
നിർധന ദലിത് കുടുംബമായിട്ടും ഒരു ഭവനപദ്ധതിയിലും ഇവർക്കു വീടു കിട്ടിയില്ല. നിലവിൽ ഒരു ലിസ്റ്റിലും ഉൾപെട്ടിട്ടുമില്ല. സ്വന്തമായി സ്ഥലവുമില്ല. തറവാട് വീടിനു സമീപം പ്ലാസ്റ്റിക് കൊണ്ടു മറച്ച ഷെഡിലാണു താമസം. പത്താം ക്ലാസ് മുതൽ എൽകെജി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും ഇവിടെയാണു കഴിഞ്ഞിരുന്നത്. അപകട സമയത്തു ഭർത്താവ് വാസു സ്ഥലത്തുണ്ടായിരുന്നില്ല.
ഓടിക്കൂടിയ നാട്ടുകാരാണ് സുനിതയെ ആശുപത്രിയിലാക്കിയത്. ഇതുവരെയുള്ള ചികിത്സച്ചെലവും നാട്ടുകാരുടെ സഹായത്തോടെയാണു കണ്ടെത്തിയത്. അമ്മ സുരക്ഷിതയായി തിരിച്ചെത്തുമെന്നു തന്നെയാണു മക്കൾ വിശ്വസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ചേതനയറ്റ സുനിതയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഒരു നാടു മുഴുവൻ തേങ്ങി.