
നിലമ്പൂരിലും ‘പെട്ടി വിവാദം’; ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന: ‘പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ല’
നിലമ്പൂർ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിനു പിന്നാലെ നിലമ്പൂരിലും ‘പെട്ടി വിവാദം’. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പി.കെ.ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ ഇന്നലെ രാത്രി പൊലീസ് പരിശോധിച്ചു.
ഷാഫിയുടെ വാഹനത്തിലാണ് പരിശോധന നടത്തിയത്. പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ പൊലീസ് വാഹനം തടയുകയായിരുന്നു.
വാഹനം പരിശോധിക്കാൻ ഷാഫി പറമ്പിൽ പൊലീസിനോട് നിർദേശിച്ചു. തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ലെന്ന് ഷാഫി പറയുന്നത് വിഡിയോയിൽ കാണാം.
ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആസൂത്രിതമായ സംഭവമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
സാധാരണ ജനപ്രതിനിധികളെ പുറത്തിറക്കി പെട്ടി പരിശോധിക്കാറില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചീറ്റിപ്പോയ അടവാണിത്.
സർക്കാരിന്റെ ഒത്താശയോടെ ചെയ്തതാണ്. യുഡിഎഫ് നേതാക്കളുടെ പെട്ടികൾ മാത്രമാണ് പരിശോധിക്കുന്നത്.
പൊലീസ് അവഹേളിതരാകുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് നഗരത്തിലെ ഹോട്ടലിൽ മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ, എഐസിസി അംഗം ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീലപ്പെട്ടിയില്‍ കള്ളപ്പണം കടത്തിയെന്നായിരുന്നു സിപിഎം ആരോപണം.
ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിനു ലഭിച്ചില്ല. ഉപതിരഞ്ഞെടുപ്പിൽ രാഹുൽ വിജയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]