
റെയിൽവേ സുരക്ഷാവേലി നിർമാണം: നൂറിലേറെ കുടുംബങ്ങൾ ആശങ്കയിൽ; അധികൃതർക്ക് നിവേദനം നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മനിശ്ശേരി ∙ ചോറോട്ടൂർ, വെള്ളിയാട് പ്രദേശങ്ങളിൽ റെയിൽവേ ലൈനിനോടു ചേർന്ന നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെടുമെന്ന ആശങ്കയ്ക്കിടെ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമീപിച്ചു വാണിയംകുളം പഞ്ചായത്ത് ഭരണസമിതിയും ബിജെപി വെസ്റ്റ് ജില്ലാ നേതൃത്വവും. റെയിൽവേയുടെ സുരക്ഷാവേലി നിർമാണത്തോടെ കാൽനടയാത്ര പോലും പ്രതിസന്ധിയിലാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുതെന്നാണ് ആവശ്യം. ചോറോട്ടൂരിലും വെള്ളിയാട്ടും വഴിയടച്ചു റെയിൽവേയുടെ സുരക്ഷാ വേലി വരുന്നതോടെ തെക്കുഭാഗത്തു ഭാരതപ്പുഴയ്ക്കും റെയിൽവേ ട്രാക്കിനും ഇടയിലെ നൂറിലേറെ കുടുംബങ്ങളുടെ സഞ്ചാരമാർഗം അടയുമെന്ന നാട്ടുകാരുടെ ആശങ്ക ഇന്നലെ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
പഞ്ചായത്ത് ഭരണ സമിതി യോഗം ചേർന്നു പ്രമേയം പാസാക്കി ഡിവിഷനൽ റെയിൽവേ മാനേജർക്കും വി.കെ.ശ്രീകണ്ഠൻ എംപിക്കും പി.മമ്മിക്കുട്ടി എംഎൽഎയ്ക്കുമാണു നിവേദനം നൽകിയത്. റെയിൽവേ ലൈനിന്റെ മറുവശത്ത് എത്താനുള്ള കമാനങ്ങൾക്കടിയിലൂടെയുള്ള (കലുങ്ക്) വഴികൾ അടയ്ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നു ഡിആർഎമ്മിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നു വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ അറിയിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരമാർഗം തടസ്സപ്പെടുന്ന നിലയിലുള്ള സുരക്ഷാവേലിക്കു ബദൽ പ്ലാൻ കൂടി ഉൾപ്പെടുത്തിയാണു റെയിൽവേയ്ക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നിവേദനം നൽകിയിട്ടുള്ളതെന്നു ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലനും വാണിയംകുളം പഞ്ചായത്ത് ബിജെപി കക്ഷിനേതാവ് എ.പി.പ്രസാദും അറിയിച്ചു. നേതാക്കൾ ഡിആർഎമ്മുമായി ചർച്ചയും നടത്തി.
ചോറോട്ടൂരിലും വെള്ളിയാട്ടും രൂപീകരിക്കപ്പെട്ട ആക്ഷൻ കൗൺസിലുകളും റെയിൽവേയേയും ജനപ്രതിനിധികളെയും സമീപിക്കാൻ ഒരുങ്ങുകയാണ്. ചോറോട്ടൂരിലും വെള്ളിയാട്ടും വഴിയടച്ചു സുരക്ഷാ വേലി വരുന്നതോടെ തെക്കുഭാഗത്തു ഭാരതപ്പുഴയ്ക്കും റെയിൽവേ ട്രാക്കിനും ഇടയിലെ കുടുംബങ്ങളുടെ സഞ്ചാരമാർഗം അടയുമെന്നാണു നാട്ടുകാരുടെ ആശങ്ക. വടക്കുഭാഗത്തു റോഡ് അവസാനിക്കുന്ന പ്രദേശത്തു നിന്നു റെയിൽപ്പാളം കുറുകെ കടന്നും റെയിൽവേ കമാനങ്ങൾക്ക് അടിയിലൂടെയുമാണു നാട്ടുകാർ മറുവശത്തെ ജനവാസ മേഖലകളിൽ എത്തുന്നത്. ഈഭാഗത്ത് ഒട്ടേറെ കൃഷിഭൂമിയുമുണ്ട്.