തിരുവനന്തപുരം: കേരള തീരത്ത് മുങ്ങിയ എംഎസ്സി എൽസ 3 കപ്പൽ അപകടത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും. അഡ്മിറാലിറ്റി ആക്ട് പ്രകാരം ഹൈക്കോടതിയിലാണ് ഹർജി നൽകുക.
തീരദേശനഷ്ടം, പരിസ്ഥിതി ആഘാതം എന്നിവ പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസ് നൽകുക. ശാസ്ത്ര_ധനകാര്യ-നിയമ-പരിസ്ഥിതി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് പരിശോധന നടത്തുന്നത്.

കോസ്റ്റൽ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തി

കേരള തീരത്ത് മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിനെതിരെ കോസ്റ്റൽ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.
ദൂരവ്യാപക പരിസ്ഥിതി ആഘാതം ഏൽപിക്കുന്ന അപകടത്തിന് 17 ദിവസത്തിന് ശേഷമാണ് വിമർശനങ്ങൾ തടയാൻ കണ്ണിൽ പൊടിയിടുന്ന നടപടികളുണ്ടാകുന്നത്. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ച വകുപ്പുകളുടെ സാധ്യത പോലും പരിശോധിക്കാതെ അശ്രദ്ധമായി കപ്പൽ കൈകാര്യം ചെയ്തതിന് മാത്രമാണ് കേസെടുത്തത്.

അലക്ഷ്യമായി കപ്പലോടിച്ച് അപകടമുണ്ടാക്കി, വിഷ രാസ സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും മാത്രമാണ് നിലവിൽ കേസ്.
കേസെടുക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ച് പല ന്യായങ്ങൾ പറഞ്ഞു. ഒടുവിൽ,എജിയുടെ നിയമോപദേശവും ദിവസങ്ങളോളം കൈയ്യിൽ വെച്ചു.
ഹൈക്കോടതിയിലെ കേസിൽ എന്ത് പറയുമെന്ന അവസ്ഥ വന്നപ്പോൾ മുഖം രക്ഷിക്കാൻ ഒരു വഴിയുമില്ലാതെ രജിസ്റ്റർ ചെയ്ത കേസാണിത്. അലക്ഷ്യമായി കപ്പലോടിച്ചതിന് ആറ് മാസം വരെ തടവ് ശിക്ഷയോ പിഴയോ മാത്രം കിട്ടാവുന്ന ദുർബല വകുപ്പുകളിലാണ് കേസ്.
കണ്ടെയ്നറുകളിൽ നിന്ന് പുറത്തേക്ക് ഒഴുകിയ അപകടകരമായ കാൽസ്യം കാർബൈഡ്, പോളിമർ വസ്തുക്കൾ സമുദ്ര പരിസ്ഥിതിക്ക് ഏൽപിച്ച മാരക പ്രഹരം നിയമസംവിധാനത്തിന് മുന്നിൽ കുറ്റകരമല്ല ശിക്ഷിക്കപ്പെടേണ്ടതുമല്ല. അപകടം സംഭവിച്ച് ദിവസങ്ങൾക്കുള്ളിൽ കേസ് പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ജൈവവൈവിധ്യ സംരക്ഷണത്തിനും, ജല പരിസ്ഥിതി മലിനീകരണം തടയാനുള്ള ചട്ടങ്ങൾ പ്രകാരം നടപടി എടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

അപകടം സംഭവിച്ച് അതിന്റെ പ്രത്യക്ഷ ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളടക്കം പരാതിയുമായി രംഗത്തെത്തിയിട്ടും കേസെടുത്ത കോസ്റ്റൽ പൊലീസ് ഇതൊന്നും കണ്ട
മട്ടില്ല. കപ്പൽ അപകടം സംഭവിക്കുമ്പോൾ പാലിക്കേണ്ട
പ്രോട്ടോക്കോൾ കമ്പനി പാലിച്ചോ എന്നതിലും സംശയങ്ങളുണ്ട്. കപ്പൽ ചെരിഞ്ഞ് 4 കണ്ടൈനറുകൾ കടലിലേക്ക് ഒലിച്ച് പോയിട്ടും ഇക്കാര്യം ഡിജി ഷിപ്പിംഗ് കൺട്രോൾ റൂമിൽ ഷിപ്പിംഗ് ക്രൂ അറിയിച്ചിരുന്നില്ല.
മത്സ്യത്തൊഴിലാളികളാണ് ഇക്കാര്യം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. മാത്രമല്ല കപ്പലിന്റെ ബലക്ഷയവും,ഇൻഷുറൻസ് കിട്ടാനുള്ള ഗൂഡാലോചനയുമടക്കം അന്വേഷണ പരിധിയിൽ വരണം.
വിപുലമായ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കേണ്ട സാഹചര്യത്തിൽ ലോക്കൽ പൊലീസിന് എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്നതിലും ചോദ്യങ്ങളുണ്ട്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]