
മങ്കയം ടൂറിസം ചെക്പോസ്റ്റിൽ അപകടം; ജീവനക്കാരിയുടെ കൈവിരൽ ഒടിഞ്ഞുതൂങ്ങി
പാലോട്∙ പെരിങ്ങമ്മല മങ്കയം എക്കോ ടൂറിസത്തിന്റെ ചെക്പോസ്റ്റ് കവാടത്തിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി ചെക്പോസ്റ്റ് ജീവനക്കാരി മങ്കയം റോഡരികത്ത് വീട്ടിൽ രജനി(35)യുടെ കൈവിരൽ മുറിഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജറിക്കു ശേഷം പാലോട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സംഭവം.
ഇവിടത്തെ ക്രോസ് ബാർ കേടാണ്. ക്രോസ്ബാറിനു പകരം കയർ കെട്ടിയാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുുന്നത്.
ദൂരെ നിന്ന് വരുന്ന വാഹനങ്ങൾക്ക് കയർ കെട്ടിയിരിക്കുന്നത് കാണാനായി ഒരു ലൈഫ് ജാക്കറ്റും കെട്ടിയിട്ടുണ്ട്.
മങ്കയം ചെക്പോസ്റ്റിലെ കയറിൽ കുരുങ്ങി മുറിഞ്ഞതിനെ തുടർന്ന് രജനിയുടെ കൈവിരലിൽ സർജറി നടത്തിയ നിലയിൽ.
കഴിഞ്ഞ ദിവസം എത്തിയ ഒരു കാറിനു കടന്നു പോകാനായി രജനി കയർ താഴ്ത്തിക്കൊടുക്കുന്നതിനിടെ കാറിന്റെ അടിഭാഗം ജാക്കറ്റിൽ കുരുങ്ങി . കയറിന്റെ ഒരറ്റം പിടിച്ചിരുന്ന രജനിയയേയും വലിച്ചു കൊണ്ടു കാർ മുന്നോട്ടാഞ്ഞു.
സമീപത്തെ കേടായ ക്രോസ് ബാർ കുറ്റിയിൽ രജനിയുടെ കൈ ഇടിച്ചു. കയർ കുരുങ്ങി ചൂണ്ടുവിരൽ മുറിഞ്ഞു തൂങ്ങി. ഇവരെ ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര സർജറി നടത്തി.
550രൂപ നിരക്കിൽ ദിവസ വേതനത്തിൽ പണിയെടുക്കുന്ന താൽക്കാലിക ജീവനക്കാരിയാണ് രജനി. പരുക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി രജനി പറഞ്ഞു.
കഴിഞ്ഞ 31നാണ് ക്രോസ് ബാർ ഒടിഞ്ഞു വീണത്. ഇത്രയും ദിവസമായിട്ടും നന്നാക്കിയിട്ടില്ലെന്നും അപകടം നടന്നിട്ടും കയർ മാറ്റിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
ഇത്തരത്തിൽ ജോലിയെടുക്കുന്ന ഗൈഡുകൾക്ക് ഡ്യൂട്ടിക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ 25,000രൂപ നഷ്ടപരിഹാരം ഉണ്ടെന്നാണ് നേരത്തെ നടന്ന യോഗങ്ങളിൽ വനപാലകർ അറിച്ചിരുന്നതെന്നും പറയുന്നു. ഇവിടത്തെ വന സംരക്ഷണ സമിതി യഥാസമയം യോഗങ്ങൾ ചേരാതെ നിലവിലില്ല.
വന സംരക്ഷണ സമിതിയുടെ കീഴിൽ എടുത്തവർ തന്നെയാണ് ഇന്നും ദിവസ വേതനത്തിൽ ജോലി ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]