
ഓഹരി വിപണിയിൽ (Stock market) കേരളത്തിൽ നിന്നുള്ള മുൻനിര കമ്പനികൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച വാരമാണ് കടന്നുപോയത്.
ഒട്ടുമിക്ക കമ്പനികളും ഓഹരിവിലയിലും വിപണിമൂല്യത്തിലും നേരത്തേ കൈവിട്ട നഷ്ടങ്ങൾ തിരിച്ചുപിടിച്ചപ്പോൾ മുത്തൂറ്റ് ഫിനാൻസ് (Muthoot Finnace) പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
കഴിഞ്ഞ സെഷനിൽ ഒരുവേള മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം (Market cap) 99,000 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. മുന്നിലുള്ളത് അനുകൂല സാഹചര്യമാണെന്നിരിക്കേ, കേരളത്തിൽ നിന്നുള്ള ആദ്യ ‘ലക്ഷം കോടി’ രൂപ വിപണിമൂല്യമുള്ള കമ്പനിയെന്ന നേട്ടം വൈകാതെ മുത്തൂറ്റ് ഫിനാൻസ് സ്വന്തമാക്കിയേക്കും.
മുത്തൂറ്റ് ഫിനാൻസ് കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ (Gold loan) സ്ഥാപനവുമാണ് മുത്തൂറ്റ് ഫിനാൻസ്. കഴിഞ്ഞ വാരാന്ത്യത്തിൽ കമ്പനിയുടെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 2,454.80 രൂപയിൽ.
ഒറ്റ ആഴ്ചയിൽ 10.4%, കഴിഞ്ഞ ഒരുമാസത്തിനിടെ 8.8%, ഒരുവർഷത്തിനിടെ 40% എന്നിങ്ങനെ ഉയർന്ന ഓഹരിയാണ് മുത്തൂറ്റ് ഫിനാൻസ്. Image: Shutterstock/T.
Schneider
ഇക്കഴിഞ്ഞ ജൂൺ 6ന് കുറിച്ച 2,470 രൂപയാണ് കമ്പനിയുടെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരവും റെക്കോർഡും. 52-ആഴ്ചത്തെ താഴ്ച 2024 ജൂൺ 5ലെ 1,646 രൂപയും.
നിലവിൽ മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 98,551 കോടി രൂപയാണ്. ഒരുലക്ഷം കോടി രൂപയെന്ന ‘മാന്ത്രികസംഖ്യ’യിലേക്ക് 1,500 കോടിയോളം രൂപയുടെ അകലം മാത്രം.
റിസർവ് ബാങ്കിന്റെ (RBI) പുതിയ സ്വർണപ്പണയ കരടുനയമാണ് മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് (Manappuram Finance) എന്നിവയടക്കമുള്ള ഗോൾഡ് ലോൺ കമ്പനികളുടെ ഓഹരികൾക്ക് പ്രധാന കുതിപ്പാകുന്നത് (Read details..). representative image from Shutterstock
ഫാക്ട്
കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിർമാണശാലയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന്റെ (FACT) ഓഹരിവില നിലവിൽ 1,029 രൂപ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 17.5 ശതമാനവും ഒരുമാസത്തിനിടെ 34 ശതമാനവും ഒരുവർഷത്തിനിടെ 49 ശതമാനവും കുതിച്ച ഓഹരിയാണിത്. 2024 ജൂൺ 21ലെ 1,187 രൂപയാണ് 52-ആഴ്ചത്തെ ഉയരം.
52-ആഴ്ചത്തെ താഴ്ച 2025 ഏപ്രിൽ 7ലെ 565 രൂപയും. എന്നാൽ, അതിനുശേഷം ഫാക്ട് ഓഹരികൾ മികച്ച തിരിച്ചുവരവാണ് നടത്തിയത്.
എഫ്എസിടി ഫാക്ടറി (Photo by fact.co.in)
മികച്ച നാലാംപാദ പ്രവർത്തനഫലം (Read Details..) കമ്പനിയുടെ ഓഹരികൾക്ക് പുത്തനൂർജ്ജം സമ്മാനിച്ചിരുന്നു. എന്നാൽ അനുകൂലമായ ആഭ്യന്തര, രാജ്യാന്തര ഘടകങ്ങളും ഫാക്ട് ഓഹരികൾക്ക് കുതിപ്പിനുള്ള വളം ആകുകയാണ്.
ഒന്ന്, മികച്ച മൺസൂൺ കാർഷികവൃത്തിയെ ഉഷാറാക്കും. ഇത് വളത്തിന്റെ ഡിമാൻഡ് കൂട്ടും.
രണ്ട്, റഷ്യയുടെയും ബെലറൂസിന്റെയും വളത്തിന് 100% തീരുവ ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കമാണ്. ഇത്, ഇന്ത്യയിൽ നിർമിക്കുന്ന വളത്തിന് ഡിമാൻഡ് കൂടാനിടയാക്കും.
representative image
66,583 കോടി രൂപയാണ് ഫാക്ടിന്റെ നിലവിലെ വിപണിമൂല്യം. ഓഹരിവില 52-ആഴ്ചത്തെ ഉയരംതൊട്ടപ്പോൾ ഇതു 70,000 കോടി രൂപ കടക്കുകയും മുത്തൂറ്റ് ഫിനാൻസിന് കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് ഓഹരിവില താഴുകയും വിപണിമൂല്യം ഒരുഘട്ടത്തിൽ 50,000 കോടിക്ക് താഴേക്ക് പോവുകയും ചെയ്തിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് നേട്ടങ്ങളുടെ തീരത്താണ് കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) ഓഹരി.
2024 ജൂലൈ 8ന് 2,979.45 രൂപയെന്ന 52-ആഴ്ചത്തെ ഉയരവും റെക്കോർഡും കുറിച്ച ഓഹരി, പിന്നീട് വിൽപനസമ്മർദ്ദത്തെയും ലാഭമെടുപ്പിനെയും തടുക്കാനാവാതെ താഴേക്ക് നീങ്ങി. ഈ വർഷം ഫെബ്രുവരി 18ന് വില 1,180 രൂപയെന്ന 52-ആഴ്ചത്തെ താഴ്ചയായിരുന്നു.
നിലവിൽ വില 2,376 രൂപ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഓഹരിവില 23% കുതിച്ചുയർന്നു.
കഴിഞ്ഞ ഒരുമാസത്തെ നേട്ടം 61%. ഒരുവർഷത്തിനിടെ 29 ശതമാനവും.
62,507 കോടി രൂപയാണ് വിപണിമൂല്യം. ഫാക്ടിനു പുറമെ കല്യാൺ ജ്വല്ലേഴ്സുമായാണ് വിപണിമൂല്യത്തിൽ മത്സരം.
ഓഹരിവില 2,979.45 രൂപയായിരുന്നപ്പോൾ മുത്തൂറ്റ് ഫിനാന്സിനെ പിന്തള്ളി കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടം ചൂടിയിരുന്നു. 22,000 കോടിയിൽപരം രൂപയുടെ ഓർഡറുകൾ നിലവിൽ കൊച്ചിൻ ഷിപ്പ്യാർഡിനുണ്ട്. മികച്ച നാലാംപാദ പ്രവർത്തനഫലം (Read Details..), യൂറോപ്പിൽ നിന്നുൾപ്പെടെ പ്രതീക്ഷിക്കുന്ന മികച്ച കയറ്റുമതി ഓർഡറുകൾ എന്നിവയ്ക്ക് പുറമെ ഇന്ത്യ-പാക്ക് സംഘർഷത്തിന്റെയും ബംഗാൾ ഉൾക്കടലിൽ ചൈന ഉയർത്തുന്ന വെല്ലുവിളികളുടെയും (Read Details..) പശ്ചാത്തലത്തിൽ പ്രതിരോധച്ചെലവ് (Defence spending) കൂട്ടാനുള്ള കേന്ദ്രസർക്കാർ നീക്കവും കൊച്ചി കപ്പൽശാലാ ഓഹരികൾക്ക് നേട്ടമാവുകയാണ്.
നിലവിൽ ജിഡിപിയുടെ 1.9 ശതമാനമാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. ഇത് 2030ഓടെ കുറഞ്ഞത് 2.5 ശതമാനമെങ്കിലുമാക്കുകയാണ് കേന്ദ്ര ലക്ഷ്യം.
കല്യാൺ ജ്വല്ലേഴ്സ് തിരിച്ചുവരവിന്റെ പാതയിലാണ് കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers) ഓഹരികൾ. 2024 ജൂൺ 05ന് 372.35 രൂപയെന്ന 52-ആഴ്ചത്തെ താഴ്ചയിലായിരുന്ന ഓഹരിവില, ഇപ്പോഴുള്ളത് 563.50 രൂപയിൽ.
ഇക്കഴിഞ്ഞ ജനുവരി 2ന് 52-ആഴ്ചത്തെ ഉയരമായ 795.40 രൂപയായിരുന്നു വില. കഴിഞ്ഞ ഒരുമാസത്തിനിടെ 12 ശതമാനവും ഒരുവർഷത്തിനിടെ 40 ശതമാനവുമാണ് ഓഹരികളുടെ ഉയർച്ച.
നിലവിൽ വിപണിമൂല്യം 58,147 കോടി രൂപ. ജനുവരിയിൽ മൂല്യം 70,000 കോടി രൂപയിൽ തൊട്ടിരുന്നു.
TS Kalyanaraman (Managing Director, Kalyan Jewellers). Image : Kalyan Jewellers Website.
സ്വർണവിലയുടെ (Gold price) കയറ്റിറക്കം (Read More..) കല്യാൺ ജ്വല്ലേഴ്സ് ഓഹരികളെ സ്വാധീനിക്കുന്നുണ്ട്.
സ്വർണവില കൂടുന്നത് ഡിമാൻഡിനെ ബാധിക്കുമെന്നാണ് പൊതുവേ കരുതുന്നതെങ്കിലും നിരീക്ഷകർ അതിനെ തള്ളുന്നു. നടപ്പുവർഷവും സ്വർണ ഡിമാൻഡിൽ 12-14 ശതമാനമെങ്കിലും വളർച്ചയുണ്ടാകുമെന്ന് ഇക്ര (ICRA) പോലുള്ള റേറ്റിങ് ഏജൻസികൾ പ്രവചിക്കുന്നു.
ഇത് കല്യാണിനും നേട്ടമായേക്കും. അതേസമയം കല്യാൺ ജ്വല്ലേഴ്സിനും തങ്കമയിൽ ജ്വല്ലറിക്കും ടൈറ്റനും പുതിയ എതിരാളിയായി തമിഴ്നാട്ടിൽ നിന്നൊരു ജ്വല്ലറി കമ്പനിയുടെ ഐപിഒ വരുന്നുണ്ട് (Read Details..) ഫെഡറൽ ബാങ്ക് കഴിഞ്ഞ ഒരുമാസത്തിനിടെ 11 ശതമാനവും ഒരുവർഷത്തിനിടെ 26 ശതമാനവും ഉയർന്ന ഫെഡറൽ ബാങ്കിന്റെ (Federal Bank) ഓഹരിവില, നിലവിലുള്ളത് 2079.99 രൂപയിൽ.
കഴിഞ്ഞ ഡിസംബർ 5ലെ 217 രൂപയാണ് 52-ആഴ്ചത്തെ ഉയരം. താഴ്ച കഴിഞ്ഞവർഷം ജൂൺ 5ലെ 150.90 രൂപയും.
51,115 കോടി രൂപയാണ് വിപണിമൂല്യം. പലിശനിരക്ക് (Repo rate) വെട്ടിക്കുറച്ചതുൾപ്പെടെയുള്ള റിസർവ് ബാങ്ക് തീരുമാനങ്ങളാണ് (Read Details..) ബാങ്കിങ് ഓഹരികളെ വരും ദിവസങ്ങളിൽ പ്രധാനമായും സ്വാധീനിക്കുക.
പ്രതീകാത്മക ചിത്രം (Image: Shutterstock/d_odin)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]