ജമ്മു കാശ്മീർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ചുകഴിഞ്ഞു. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ-ശ്രീനഗർ-ബരാമുള്ള റെയിൽവേ ലിങ്ക് (USBRL) പാലം പദ്ധതിക്ക് 2003-ലായിരുന്നു അംഗീകാരം ലഭിച്ചത്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫൽ ടവറിനേക്കാൾ ഉയരത്തിൽ ഉയർന്നുനിൽക്കുന്നു.1486 കോടി രൂപയാണ് നിർമാണ ചെലവ്. 1,315 മീറ്ററാണ് നീളം. ചെനാബ് പാലം ഇന്ത്യയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളെ പുനർനിർവചിക്കുക മാത്രമല്ല, എഞ്ചിനീയറിംഗ് മികവിൽ ആഗോള ഭൂപടത്തിൽ രാജ്യത്തെ പ്രധാന സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

ചരിത്രപരമായ ഈ പാലം വിജയകരമായി നിർമ്മിച്ചതിൽ വലിയ സംഭാവനകൾ നൽകിയവരിൽ ഒരാളാണ് പ്രൊഫസർ ജി മാധവി ലത. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) പ്രൊഫസറായ അവർ, 17 വർഷത്തോളം ചെനാബ് പാലം പദ്ധതിയിൽ ജിയോടെക്നിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചു. പാലത്തിന്റെ കരാറുകാരായ അഫ്കോൺസുമായി ചേർന്ന്, ഭൂപ്രകൃതി ഉയർത്തിയ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഘടന നിര്‍മിക്കുന്നതിലെ ആസൂത്രണം, രൂപകൽപ്പന, നിർമ്മാണം എന്നിവയിൽ അവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു

ആരാണ് ജി. മാധവി ലത?

നിലവിൽ ഐഐഎസ്സിയിലെ ഹയര്‍ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡിലുള്ള പ്രൊഫസറാണ് ഡോ. ലത. 1992-ൽ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിസ്റ്റിങ്ഷനോടെ ബി.ടെക് പൂർത്തിയാക്കിയ അവർക്ക് വാറങ്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം ടെകിന് സ്വർണ്ണമെഡൽ ലഭിച്ചു. ജിയോടെക്നിക്കൽ എഞ്ചിനീയറിംഗിലായിരുന്നു അവരുടെ സ്പെഷ്യലൈസേഷൻ. 2000-ൽ ഐഐടി.-മദ്രാസിൽ നിന്ന് ജിയോടെക്നിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റും പൂർത്തിയാക്കി. 2021-ൽ ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റിയിൽ നിന്ന് മികച്ച വനിതാ ജിയോടെക്നിക്കൽ ഗവേഷക അവാർഡ് അവർക്ക് ലഭിച്ചു. 2022-ൽ ഇന്ത്യയിലെ മികച്ച 75 സ്ത്രീകളിൽ (STEAM വിഭാഗത്തിൽ) അവരും ഉൾപ്പെട്ടിരുന്നു.

ചെനാബ് പാലം പദ്ധതിയിലെ പങ്ക്

ചെനാബ് പാലത്തിന്റെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി, കാലാവസ്ഥ, ഉയരം എന്നിവ ഈ മേഖലയിലെ നിർമ്മാണം ഒരു വലിയ വെല്ലുവിളിയായിരുന്നു. എല്ലാ തടസ്സങ്ങളെയും മറികടക്കാൻ പ്രത്യേക രീതിയിൽ ("ഡിസൈൻ ആസ് യു ഗോ) കാര്യങ്ങൾ നീക്കി. ആദ്യകാല സർവേകളിൽ വ്യക്തമല്ലാതിരുന്ന പൊട്ടിയ പാറകൾ, മറഞ്ഞിരിക്കുന്ന അറകൾ, പാറകളുടെ വ്യത്യസ്ത ഗുണങ്ങൾ തുടങ്ങിയ ഭൗമശാസ്ത്രപരമായി ഉരുത്തിരിയുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തത്സമയ പദ്ധതി നിര്‍വഹണത്തിൽ മാറ്റങ്ങൾ വരുത്തുക എന്നതായിരുന്നു അത്. നിർമ്മാണ വേളയിൽ കണ്ടെത്തിയ പാറകളുടെ അവസ്ഥകൾക്ക് അനുസരിച്ച് സങ്കീർണ്ണമായ കണക്കുകൂട്ടലുകളും ഡിസൈൻ മാറ്റങ്ങളും നടത്തി.

ആങ്കറുകളുടെ രൂപകൽപ്പനയിലും സ്ഥാപിക്കുന്നതിലും ഡോ. ലതയുടെ സംഭാവനകൾ നിർണായകമായി. അടുത്തിടെ, ഇന്ത്യൻ ജിയോടെക്നിക്കൽ ജേണലിന്റെ പ്രത്യേക വനിതാ പതിപ്പിൽ "ഡിസൈൻ ആസ് യു ഗോ: ദി കേസ് സ്റ്റഡി ഓഫ് ചെനാബ് റെയിൽവേ ബ്രിഡ്ജ്" എന്ന പേരിൽ അവർ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. സൈറ്റിലെ ഭൗമശാസ്ത്രപരമായ സാഹചര്യങ്ങൾക്ക് അനുയോജ്യമായി പാലത്തിന്റെ രൂപകൽപ്പന എങ്ങനെ തുടർച്ചയായി വികസിപ്പിച്ചു എന്ന് ഈ പ്രബന്ധം വിശദീകരിക്കുന്നുണ്ട്. ആകെയുള്ള ഘടനയും സ്ഥാനവും മാത്രമായിരുന്നു നിര്‍മാണ പ്രക്രിയയിലെ സ്ഥിരമായ ഘടകങ്ങൾ എന്നും പ്രബന്ധം വിവരിക്കുന്നു.

ചെനാബ് പാലം

1,486 കോടി രൂപ ചെലവിൽ നിർമ്മിച്ച ചെനാബ് പാലത്തെ, "ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏതൊരു റെയിൽവേ പദ്ധതിയും നേരിട്ട ഏറ്റവും വലിയ സിവിൽ എഞ്ചിനീയറിംഗ് വെല്ലുവിളി" എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. 359 മീറ്റർ ഉയരമുള്ള ഈ പാലം ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരം കൂടിയതാണ്. കാശ്മീർ താഴ്വരയിലെ ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ പദ്ധതി നിർണായകമാകും.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]