
തിരിച്ചടിച്ച് റഷ്യ: വടക്കൻ യുക്രെയ്നിൽ ആക്രമണം, 5 മരണം; ഉപയോഗിച്ചത് 103 ഡ്രോണുകൾ
വാഷിങ്ടൻ ∙ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് റഷ്യയുടെ തിരിച്ചടി. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു.
ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കൻ യുക്രെയ്നിലെ കെർസോണിൽ ഭരണനിർവഹണ ഓഫിസുകൾ റഷ്യൻ ബോംബാക്രമണത്തിൽ തകർന്നതിന്റെ ചിത്രങ്ങൾ സെലൻസ്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
രണ്ടു തവണ ബോംബാക്രമണം നടത്തിയതായും കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും സെലൻസ്കി പറഞ്ഞു. റഷ്യയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശയവിനിമയം നടത്തിയിരുന്നു. ഫോൺസംഭാഷണം നന്നായിരുന്നെന്നും എന്നാൽ ഉടൻ സമാധാനം സാധ്യമാക്കാൻ പോന്നതായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
ഇരു നേതാക്കളും തമ്മിലുള്ള സംസാരം 75 മിനിറ്റ് നീണ്ടു. റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകുമെന്നു പുട്ടിൻ പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തിയിരുന്നു.
യുക്രെയ്ൻ നടത്തിയ ഡ്രോണ് ആക്രമണത്തിൽ റഷ്യയുടെ 40–ൽ അധികം ബോമർ വിമാനങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. അവയിൽ 13 എണ്ണം പൂർണ്ണമായി തകർന്നുവെന്നും ബാക്കിയുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
റഷ്യയുടെ 5000 കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാർഗം 117 ഡ്രോണുകൾ ലോറികളിൽ അയച്ച്, തകർക്കാനുദ്ദേശിച്ച ലക്ഷ്യങ്ങളായ വ്യോമത്താവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെ നിന്നായിരുന്നു യുക്രെയ്ന്റെ പ്രഹരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]