
വേമ്പനാട്ടുകായലിലെ ചെളി നീക്കാൻ വേണ്ടത് 1850 കോടി; ഡ്രജിങ് നടത്തി മണൽ എടുക്കുന്ന പദ്ധതിക്ക് തുടക്കം
കോട്ടയം ∙ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അടിഞ്ഞ് ജലസംഭരണ ശേഷി 15% മാത്രമായ വേമ്പനാട്ടുകായലിലെ ചെളി നീക്കാൻ വേണ്ടത് 1850 കോടി രൂപ. കൃഷി, ജലസേചനം, ഫിഷറീസ് തുടങ്ങി എട്ടോളം വകുപ്പുകളെ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലാ ഭരണകൂടം രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സംരക്ഷിക്കേണ്ട തണ്ണീർത്തടങ്ങളുടെ രാജ്യാന്തര പട്ടികയായ റാംസറിൽ ഉൾപ്പെട്ട
വേമ്പനാടിന്റെ രക്ഷയ്ക്കു നടപടികൾ അത്യാവശ്യമാണെന്നും ഈ കമ്മിറ്റികൾ വിലയിരുത്തിയിട്ടുണ്ട്. ചെളി നീക്കാൻ മാത്രം ഇത്ര വലിയ തുക ഒറ്റയടിക്കു കണ്ടെത്തുന്നത് വിഷമകരമായതിനാൽ ബദൽ നടപടികളും ആരംഭിച്ചിട്ടുണ്ട്.
കായൽപ്രദേശത്തു ഡ്രജിങ് നടത്തി മണൽ ദേശീയപാതയുടെ നിർമാണത്തിനുപയോഗിക്കുന്ന പദ്ധതിയാണിത്. ഇതിനു സർക്കാർ അനുവാദം നൽകി.
തണ്ണീർമുക്കം ബണ്ട് മുതൽ അന്ധകാരനഴി വരെയുള്ള ഭാഗത്തെ തോടുകളിൽനിന്നു മണൽ നീക്കാനും കഴിഞ്ഞയാഴ്ച അനുമതി നൽകി. മൂന്നരലക്ഷം ക്യുബിക് മീറ്റർ മണ്ണ് ഇവിടെ നിന്നെടുക്കാമെന്നാണു കണക്ക്.
പുന്നമടക്കായലിൽ നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിന്റിനു വടക്ക് ഏഴര കിലോമീറ്റർ ദൂരത്തിലും 35 മീറ്റർ വീതിയിലും ഡ്രജിങ് ആരംഭിച്ചിട്ടുണ്ട്. ദേശീയപാത നിർമാണക്കമ്പനി കെസിസിക്കാണ് അനുമതി ലഭിച്ചത്.
മൂന്നര ലക്ഷം ക്യുബിക് മീറ്റർ മണ്ണ് ഇവിടെനിന്ന് എടുക്കാനാണു പദ്ധതി. വേമ്പനാട്ടുകായൽ പ്രദേശത്തെ 28 പഞ്ചായത്തുകളിലും തോടുകൾ മണ്ണെടുത്ത് ആഴംകൂട്ടി വൃത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
1.18 കോടി രൂപയുടെ പദ്ധതിയാണിത്. ചെരിവുകളിൽ കയർഭൂവസ്ത്രം വിരിച്ച് തോട്ടരികിൽ രാമച്ചം, കണ്ടൽച്ചെടി, മുള എന്നിവയിലേതെങ്കിലും നട്ടുപിടിപ്പിക്കും.
ഇതിനും തുടക്കമിട്ടു കഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]