
മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് : നിർമാണപ്രവൃത്തി പുനരാരംഭിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ കനത്ത മഴയെത്തുടർന്നു നിർത്തിവച്ച മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചു. കഴിഞ്ഞ രണ്ടുദിവസമായി മഴ കുറഞ്ഞ സാഹചര്യത്തിലാണു നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമാക്കിയത്. ആദ്യ ക്ലസ്റ്ററുകളിലെ വീടുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. വീടുകൾക്ക് അടിത്തറയൊരുക്കാനായി എടുത്ത കുഴികളിലെല്ലാം വെള്ളം കെട്ടിനിന്നതാണു നേരത്തെ പണി തടസ്സപ്പെടുത്തിയത്.മഴ ഇനിയും ശക്തമാകാനിടയുള്ളതിനാൽ പരമാവധി വേഗത്തിൽ പണി പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറഞ്ഞു. ഏപ്രിൽ 16നാണു മാതൃകാ വീടിന്റെ പ്രവൃത്തി ആരംഭിച്ചത്. ചുമരുകെട്ടലാണ് ഇപ്പോൾ നടക്കുന്നത്. കോൺക്രീറ്റ് പില്ലറുകൾക്കിടയിൽ ഫ്ലൈ ആഷ് കട്ടകൾ ഉപയോഗിച്ചാണു മുറികൾ വേർതിരിക്കുക.
70 ദിവസത്തിനുള്ളിൽ മാതൃകാവീടിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണു പ്രഖ്യാപനം. ഓഗസ്റ്റിനകം 100 വീടിന്റെ കോൺക്രീറ്റ് പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു.മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. 5 സോണുകളിലാണു നിർമാണം.ആദ്യ സോണിൽ മാതൃകാ വീടുൾപ്പെടെ 99 വീടുകളാണുള്ളത്. 450 വീടുകൾ നിർമിക്കാനുള്ള സൗകര്യമാണു സർക്കാർ ഏറ്റെടുത്ത ഭൂമിയിലുള്ളത്. എസ്റ്റേറ്റിലെ ഫാക്ടറി കെട്ടിടത്തിൽ ഉൾപ്പെടെ തൊഴിലാളികളെ പാർപ്പിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണു നിർമാണ ജോലി പുരോഗമിക്കുന്നത്. തൊഴിലാളികൾക്ക് കന്റീൻ സൗകര്യവും ഏർപ്പെടുത്തി.