ഗതാഗതപരിഷ്കാരം: ‘ആർക്കും എന്തും ആകാം’, ഒറ്റപ്പാലം മോഡൽ പരാജയപ്പെടുന്നു; എവിടെയും പരാതികൾ മാത്രം
ഒറ്റപ്പാലം∙ പാർക്കിങ് സൗകര്യങ്ങളും വൺവേ സംവിധാനവും യു ടേണിനു മാനദണ്ഡങ്ങളുമില്ല. റോഡ് കുറുകെ കടക്കാൻ നിശ്ചിത കേന്ദ്രങ്ങളില്ല, കയറ്റിറക്കിനു സമയപരിധിയുമില്ല… പേരിനു പോലും ഗതാഗത ക്രമീകരണങ്ങളില്ലാത്ത ‘ഒറ്റപ്പാലം മോഡലിൽ’ ആർക്കും എന്തും ആകാമെന്ന സ്ഥിതിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ ജീവനെടുത്ത ദാരുണമായ അപകടത്തിനു ശേഷം ഇന്നലെയും നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കും കുത്തഴിഞ്ഞ സംവിധാനങ്ങളും തുടരുകയാണ്.
റോഡിന്റെ വശങ്ങളിൽ കിട്ടിയ ഭാഗങ്ങളിലെല്ലാം വാഹനങ്ങൾ നിർത്തിയിടുന്നതാണു ഗതാഗതക്കുരുക്കിനു വഴിയൊരുക്കുന്ന പ്രധാന പ്രശ്നം.
ആറുവരിപ്പാതയിൽ പാതാളക്കുഴികൾ; ദുരിതമായി വീണ്ടും വടക്കഞ്ചേരി–മണ്ണുത്തി പാത
Palakkad News
പാർക്കിങ് നിരോധിച്ചാൽ പിന്നെ എവിടെ പാർക്ക് ചെയ്യണമെന്നു നിർദേശിക്കാൻ ഉത്തരവാദപ്പെട്ടവർക്കു കഴിയാത്തതാണു പരിമിതി. ബസ് സ്റ്റാൻഡിനു പിന്നിൽ ഉൾപ്പെടെ പാർക്കിങ്ങിനു മതിയായ സ്ഥലങ്ങൾ ഉണ്ടെങ്കിലും വിനിയോഗിക്കാറില്ല.
ഏറെ ഫലപ്രദമെന്നു വിലയിരുത്തപ്പെട്ട വൺവേ സംവിധാനങ്ങളും മെല്ലെ മെല്ലെ ഉപേക്ഷിച്ചു. വ്യാപാരികൾക്കോ പൊതുജനങ്ങൾക്കോ ബുദ്ധിമുട്ടാകാത്ത വിധം ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലെങ്കിലും മീഡിയൻ സ്ഥാപിച്ചു യു ടേണിനു കൃത്യം മാനദണ്ഡം ഒരുക്കാനും നടപടിയില്ല.
പ്രധാന പാതയോരത്തെ നടപ്പാതകളിൽ ഹാൻഡ് റെയിൽ സ്ഥാപിച്ചു റോഡുകൾ കുറുകെ കടക്കുന്നതിനു സുരക്ഷിത കേന്ദ്രങ്ങൾ നിശ്ചയിക്കാനുള്ള നടപടികളും മറന്ന മട്ടാണ്.
ചരക്കുവാഹനങ്ങൾ പാതയോരത്തു നിർത്തിയിട്ടു കയറ്റിറക്കിനു സമയപരിധി ഇല്ലാത്ത നഗരവും ഒരുപക്ഷേ, ഒറ്റപ്പാലം മാത്രമാകും. ഇതിനെല്ലാം പുറമേ, നഗരത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ചു സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം പലരും പിന്തുടരാത്തതും അപകടഭീഷണി ഉയർത്തുന്നു. ശരിയായ ഇടവേളകളിൽ ഗതാഗത ക്രമീകരണസമിതി യോഗം ചേരാറുണ്ടെങ്കിലും കാതലായ കാര്യങ്ങളിൽ ഉറച്ച തീരുമാനങ്ങളെടുക്കാത്തതാണു പ്രതിസന്ധി.
ഗതാഗതം സുഗമമാക്കാൻനടപടി വേണമെന്ന് സിറ്റിസൻസ് ഫോറം
ഒറ്റപ്പാലം∙ നഗരത്തിലെ കയ്യേറ്റങ്ങളുടെയും ഗതാഗതക്കുരുക്കിന്റെയും ഇരയാണു കഴിഞ്ഞ ദിവസത്തെ വാഹനാപകടത്തിൽ മരിച്ച യുവതിയെന്നു സിറ്റിസൻസ് ഫോറം. ഗതാഗതം സുഗമമാക്കാൻ നടപടി വേണമെന്നു ഫോറം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന പ്രസിഡന്റ് ആർ.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
വി.പി.രാധാകൃഷ്ണൻ അധ്യക്ഷനായി. ഭാസ്കരൻ പാലത്തോൾ, പി.എം.ശിവദാസൻ, സി.ജഗന്നിവാസൻ, കെ.എം.രാജൻ, എം.പി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]