
നിർമാണത്തിലെ വീഴ്ചകൾ: എൻഎച്ച് 66 വികസനം അനന്തമായി നീണ്ടേക്കാം; 2026ൽ പൂർത്തിയായേക്കില്ല
തൃശൂർ ∙ നിർമാണത്തിലുണ്ടായ വലിയ വീഴ്ചകൾ മൂലം കാസർകോട് – തിരുവനന്തപുരം ദേശീയപാത 66 വികസനം പ്രതീക്ഷിച്ചതിലും ഏറെ നീളാൻ സാധ്യത. മലപ്പുറം കൂരിയാട്ട് തകർന്ന പ്രധാന പാതയുടെ പുനർനിർമാണവും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നിർമാണപ്രശ്നങ്ങളും പരിഹരിച്ചാലും ദേശീയപാതയുടെ വികസനം നിശ്ചയിച്ചതു പോലെ 2026ൽ പൂർത്തിയായേക്കില്ല.
മലപ്പുറത്തെ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ദേശീയപാത അതോറിറ്റി കടുത്ത നടപടി സ്വീകരിച്ചിരുന്നു. Read Also
ഉറപ്പിനു കടലാസു വില പോലുമില്ല: കൈവിട്ട് ഗതാഗതക്കുരുക്ക്; സ്തംഭിച്ച് ദേശീയപാത
Thrissur News
മഴ കനത്തതോടു കൂടി പലയിടങ്ങളിലും നിർമാണം സ്തംഭിച്ച നിലയിലാണ്.
യാത്രാദുരിതവും ഏറി. 2026ൽ പൂർണമായി ഗതാഗതയോഗ്യമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ദേശീയപാത വികസനം മന്ദഗതിയിലായതോടെ പല റീച്ചുകൾക്കും കരാർ കാലാവധി നീട്ടിക്കൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴുണ്ടായ നിർമാണ വീഴ്ചകൾ.
ഇതോടെ ഗുരുതര പ്രശ്നങ്ങളുണ്ടായ റീച്ചുകളുടെ പൂർത്തീകരണ ഷെഡ്യൂൾ വീണ്ടും പുതുക്കേണ്ടി വരും. പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിക്കുന്ന ദേശീയപാത അതോറിറ്റി ചെയർമാന്റെയും സംഘത്തിന്റെയും വിലയിരുത്തലിനു ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനം.
ഫുട് ഓവർ ബ്രിജ്, ഫ്ലൈഓവർ, വയഡക്ട്, അടിപ്പാത തുടങ്ങിയ വലിയ രീതിയിലുള്ള നിർമാണ ജോലികൾ പല റീച്ചിലും ബാക്കിയുണ്ട്. ജോലികൾ അവസാന ഘട്ടത്തിലെത്തിയ റീച്ചുകളിൽ കാന നിർമാണം, വെള്ളക്കെട്ട് ഒഴിവാക്കൽ, മറ്റ് അറ്റകുറ്റപ്പണികൾ തുടങ്ങിയവയും പൂർത്തിയാകാനുണ്ട്.
കഴിഞ്ഞ മാർച്ചിലെ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഈ വർഷം ജൂൺ, നവംബർ, ഡിസംബർ മാസങ്ങളിലായി പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന 12 റീച്ചുകളും 2026 മാർച്ച്–ജൂൺ മാസങ്ങളിലായി പൂർത്തിയാക്കേണ്ട 5 റീച്ചുകളുമുണ്ട്.നിർമാണം പൂർത്തിയായതായി ദേശീയപാത അതോറിറ്റി പറയുന്നത് 6 റീച്ചുകളാണ്. കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള പാതയിൽ 23 റീച്ചുകളിലാണു ദേശീയപാത അതോറിറ്റി നിർമാണം തുടങ്ങിയത്. ഇതിൽ കഴക്കൂട്ടം–മുക്കോല ബൈപാസ് (24.99 കി.മീ), കഴക്കൂട്ടം ജംക്ഷനിൽ നിന്നു ടെക്നോപാർക്ക് ജംക്ഷൻ വരെയുള്ള നാലുവരി എലിവേറ്റഡ് പാത (2.72 കി.മീ), മുക്കോല–കാരോട് ബൈപാസ് (16.20 കി.മീ), തലശ്ശേരി–മാഹി ബൈപാസ് നാലുവരിയാക്കൽ (28.60 കി.മീ), പാലോളിയിലും മൂറാടും ആറുവരി പാലം (2.1 കി.മീ), നീലേശ്വരം നാലുവരി റെയിൽവേ മേൽപാലം (പള്ളിക്കര റെയിൽവേ ഗേറ്റ്– 0.78 കി.മീ) എന്നിവയാണു പൂർത്തിയാക്കിയത്. ബാക്കിയുള്ള 17 റീച്ചുകളിൽ രണ്ടെണ്ണത്തിന്റെ നിർമാണം 90 ശതമാനത്തിനു മുകളിലെത്തി.
രണ്ടെണ്ണം 80 ശതമാനത്തിനു മുകളിലും. 3 റീച്ചുകളുടെ നിർമാണ പുരോഗതി 50 ശതമാനത്തിൽ താഴെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]