
ഇഎംഎസിന് സാധിക്കാത്തത് പിണറായി നേടിയെന്ന് ‘പിണറായി ദ് ലെജന്‍ഡ്’; അമ്മയുടെ പേര് തെറ്റിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം∙ നായനാര്‍ക്കോ വിഎസിനോ സാക്ഷാല്‍ ഇംഎംഎസ് നമ്പൂതിരിപ്പാടിനോ പോലും സാധ്യമാകാതിരുന്ന തുടര്‍ഭരണമെന്ന നാഴികക്കല്ലാണു മുഖ്യമന്ത്രി പിണറായി വിജയന് നേടിയതെന്നു സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് തയാറാക്കിയ ‘പിണറായി ദ് ലെജന്‍ഡ്’ ഡോക്യുമെന്ററി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ മറ്റാര്‍ക്കും അടയാളപ്പെടുത്താന്‍ കഴിയാത്ത അപൂര്‍വതയാണിതെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഡോക്യുമെന്ററിയില്‍ അമ്മയുടെ പേര് തെറ്റിയത് മുഖ്യമന്ത്രി പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. ആലക്കാട് കല്യാണി എന്നാണ് അമ്മയുടെ പേര്.
അങ്ങനെയല്ല അതില്‍ പറയുന്നത്. അത് അമ്മയോടു ചെയ്ത നീതികേടായിപ്പോയി.
അമ്മയെക്കുറിച്ച് അറിയുന്നവര്‍ക്ക് അതു തെറ്റിയെന്നു മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്യുമെന്ററിയില്‍ ആലക്കണ്ടി കല്യാണി എന്നാണ് പറഞ്ഞിരുന്നത്.
പിണറായി വിജയന്റെ ജനനം മുതല്‍ ചെറുപ്പകാലവും വിദ്യാര്‍ഥി രാഷ്ട്രീയകാലവും ജയില്‍ ജീവിതവും പൊലീസ് മര്‍ദനവും സംഘടനാ മികവും പാര്‍ലമെന്ററി പാടവവും വര്‍ണിക്കുന്നതാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി.
സര്‍ക്കാര്‍ പദ്ധതികളും നേട്ടങ്ങളും ഡോക്യുമെന്ററിയില്‍ എണ്ണമിട്ടു നിരത്തിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന് കമല്ഹാസന് ഡോക്യുമെന്ററി പ്രകാശനം ചെയ്തു.
കമല്ഹാസന് മുഖ്യമന്ത്രിയെക്കുറിച്ചു പറഞ്ഞതുവച്ചാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഇടയിലും അദ്ദേഹത്തിന്റെ വിവരണമുണ്ട്.
അഴിമതിക്കെതിരെ പോരാടുന്നത് തുടരണമെന്ന് കമല്ഹാസന് ചടങ്ങില്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും അത്തരക്കാര്‍ തുടരണം.
കേരളം തന്റേതു കൂടിയാണെന്നും കമല്ഹാസന് പറഞ്ഞു.
അതേസമയം, വ്യക്തിയെന്ന നിലയില്‍ സ്വന്തം കഴിവിലൂടെ തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു വന്നതല്ലെന്നും പാര്‍ട്ടിയുടെ ഉല്‍പ്പന്നമാണു താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഘട്ടങ്ങളിലും പാര്‍ട്ടി ആഗ്രഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ട്ടിക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ വ്യക്തിപരമായി തനിക്കുനേരെ നീളുകയാണെന്നും അതിനെ ആ രീതിയില്‍ തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയാറാക്കിയ ‘പിണറായി ദ് ലെജൻഡ്’ ഡോക്യുമെന്ററി പ്രകാശനവേളയിൽനിന്നുള്ള ദൃശ്യം.
ചിത്രത്തിൽ മന്ത്രി വി.ശിവൻകുട്ടി, നടൻ കമൽഹാസന്, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ്. (ചിത്രം: മനോജ് ചേമഞ്ചേരി∙മനോരമ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]