
കൊച്ചി ∙ ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയുടെ പുറങ്കടലിലുണ്ടായ കപ്പൽച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) കണ്ടെയ്നർ ഫീഡർ കപ്പലായ ‘എംഎസ്‌സി എൽസ 3’ യിൽ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനം ചരക്കുകൾ ഉണ്ടായിരുന്നതായി സൂചന. അസംസ്കൃത കശുവണ്ടി മുതൽ രാസവസ്തുക്കൾ വരെ വ്യത്യസ്ത ഇനം ചരക്കുകളാണ് 550 കണ്ടെയ്നറുകളിൽ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ (എംപ്റ്റി ബോക്സ്) 73 കണ്ടെയ്നറുകളും കപ്പലിലുണ്ടായിരുന്നു.
കപ്പലിൽ തോട്ടണ്ടിയും
ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടൺ അസംസ്കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇൻഷുറൻസ് ഉള്ളതിനാൽ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാൽ, ചരക്കിന്റെ കാര്യത്തിൽ ഈ ഉറപ്പില്ല. മിക്കവാറും അസംസ്കൃത വസ്തുക്കൾ (റോ മെറ്റീരിയൽസ്) ഇൻഷുറൻസ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന.
സിമന്റും അസംസ്കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇൻഷുർ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്കൃത വസ്തുക്കൾ ഇൻഷുർ ചെയ്യാതെ അയയ്ക്കുന്നത്. ഇൻഷുറൻസ് ബാധ്യത കൂടി വരുമ്പോൾ അന്തിമ ഉൽപന്നത്തിന്റെ വില വർധിക്കുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. അതേസമയം, പൂർണ ഉൽപന്നങ്ങൾ (ഫിനിഷ്ഡ് പ്രോഡക്ട്സ്) ഇൻഷുർ ചെയ്താണ് അയയ്ക്കുക.
വിലയിടാനാകാത്ത നഷ്ടങ്ങൾ
കപ്പലും ചരക്കും നശിക്കുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനു പുറമേയാണു പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനുമുണ്ടാകാൻ സാധ്യതയുള്ള നഷ്ടം. രാസവസ്തുക്കൾ കലരുന്നതു സമുദ്ര ആവാസ വ്യവസ്ഥയ്ക്കും മനുഷ്യർക്കും ഒരു പോലെ ഭീഷണിയായേക്കാം. നാവിക സേന, കോസ്റ്റ് ഗാർഡ്, മലിനീകരണ നിയന്ത്രണ ബോർഡ്, കസ്റ്റംസ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളുടെ ചെലവും അധ്വാനവും വേറെ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
A massive ship accident off the coast of Kochi caused an estimated 7-10 billion rupee loss. The incident involved the MSC Elsa 3, impacting cargo, the environment, and various rescue agencies.
mo-events-and-happening-msc-elsa-3-ship-accident 7577jni1sce8a69e733js10lia mo-news-kerala-districts-ernakulam-kochi mo-auto-cargo-ship 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-business