
നടുറോഡിൽ കാട്ടുപന്നിക്കൂട്ടം; വിതുര തള്ളച്ചിറ–എലിക്കോണം റോഡിൽ ഭീതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിതുര∙ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിച്ച് കാട്ടുപന്നിക്കൂട്ടം റോഡുകളിലും. നേരം ഇരുട്ടിയാൽ റോഡുകളിലേക്ക് ഇറങ്ങി ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ റോഡിൽ തമ്പടിക്കുന്ന പന്നിക്കൂട്ടം വലിയ അപകടാവസ്ഥയാണ് സൃഷ്ടിക്കുന്നത്. വിതുര തള്ളച്ചിറ– എലിക്കോണം റോഡിൽ വിവിധ ഇടങ്ങളിൽ കാട്ടുപന്നിക്കൂട്ടം പതിവായി റോഡിൽ തമ്പടിക്കുന്നു. ഇതുവഴി പോകുന്നവർ ഏതു സമയവും കാട്ടുപന്നിക്കൂട്ടം മുന്നിലെത്തും എന്ന ഭീതിയിലൂടെയാണ് വാഹനം ഓടിക്കുന്നത്. ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ സ്ഥിതിയാണ് കൂടുതൽ പരിതാപകരം. വാഹനത്തിലേക്ക് പന്നി വന്നിടിച്ചാൽ തെറിച്ചു വീണ് ഗുരുതര പരുക്കേൽക്കുമെന്ന ഭീതിയോടെ ഇക്കൂട്ടർ ഇതുവഴി കടന്നു പോകുന്നത്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മേമല, തള്ളച്ചിറ, എലിക്കോണം സ്വദേശികളായ ആറ് പേർക്ക് റോഡിൽ തെന്നി വീണ് പരുക്കേറ്റിരുന്നു. കാൽനട യാത്രക്കാരുടെ കാര്യം കൂടുതൽ ദയനീയമാണ്. ഒരു സമയം കഴിഞ്ഞാൽ ഇതുവഴി കാൽനട യാത്ര അപ്രാപ്യമെന്നു തന്നെ പറയേണ്ടി വരും. പല കൃഷിയിടങ്ങളിലും കാട്ടുപന്നിക്കൂട്ടം ഇതിനകം തന്നെ നാശം വിതച്ചു കഴിഞ്ഞു. ആയിരക്കണക്കിനു രൂപയുടെ നാശ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വിതുര– മൈലക്കോണം റോഡിലും മൈലക്കോണം– ചേന്നൻപാറ റോഡിലും കാട്ടുപന്നിക്കൂട്ടം സ്ഥിരം സന്ദർശകരാണ്. തള്ളച്ചിറ– എലിക്കോണം റോഡിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോ ഡ്രൈവറായ സഞ്ചാരി സുനിൽ മൊബൈലിൽ പകർത്തിയ ചിത്രത്തിൽ പതിഞ്ഞത് പന്ത്രണ്ടിലേറെ കുട്ടികളടക്കം കാട്ടുപന്നികൾ. ചിത്രം മൊബൈലിൽ പകർത്തിയ ശേഷം ഏറെ നേരം വാഹനം റെയ്സ് ചെയ്താണ് സുനിൽ പന്നിക്കൂട്ടത്തെ റോഡിൽ നിന്ന് അകറ്റിയത്.