
‘നമ്മൾ ജയിക്കും, നമ്മളേ ജയിക്കൂ’; സതീശൻ ഒറ്റയ്ക്കല്ല, നിലമ്പൂർ പിടിക്കാൻ ‘തോൽവിയറിയാത്ത’ ടീമുമായി കോൺഗ്രസ്
കോട്ടയം ∙ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മോഡൽ ഉപതിരഞ്ഞെടുപ്പ് വിജയത്തിനായി കച്ചമുറുക്കി നിലമ്പൂരിലേക്ക് വണ്ടി കയറുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള ടീം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ചേലക്കരയിൽ അവരുടെ ഭൂരിപക്ഷം കുത്തനെ കുറച്ചാണ് അദ്ഭുതം കാട്ടിയതെങ്കിൽ നിലമ്പൂരിലെ സിറ്റിങ് സീറ്റ് അവരിൽ നിന്ന് പിടിച്ചെടുക്കുമെന്ന് കട്ടായം പറയുകയാണ് സതീശനും സംഘവും.
‘നമ്മൾ ജയിക്കും, നമ്മളേ ജയിക്കൂ’ എന്നായിരുന്നു സ്ഥാനാർഥി നിർണയത്തിനു പിന്നാലെ ലൂസിഫറിലെ സിനിമാ സീൻ ഓർമിപ്പിച്ച് സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അവസാന നിമിഷം വരെ ആര്യാടൻ ഷൗക്കത്തിനൊപ്പം പരിഗണിച്ചിരുന്ന വി.എസ്.ജോയിയുടെ പോസ്റ്റ് ഷെയർ ചെയ്ത് നമ്മൾ ജയിക്കുമെന്ന് ഷാഫി പറമ്പിലും ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച് നിയമസഭയിലെ സീറ്റുനില അതേപടി നിലനിർത്തിയെങ്കിൽ നിലമ്പൂരിൽ ജയിച്ചാൽ സീറ്റ് എണ്ണം കൂട്ടാമെന്നതാണ് കോൺഗ്രസ് ക്യാംപിനു നൽകുന്ന ഊർജം. അത് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മുതൽക്കൂട്ടാകുമെന്നും മറ്റാരെക്കാളും നന്നായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ വി.ഡി.സതീശന് അറിയാം.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ സതീശൻ പയറ്റിയ തന്ത്രങ്ങൾക്ക് ഇത്തവണ ബലം നൽകാൻ പരിചയസമ്പന്നരും യുവമുഖങ്ങളുമായ പുതിയ നേതൃത്വം തന്നെ കൂട്ടുണ്ട്. കെപിസിസിയുടെയും യുഡിഎഫിന്റെയും പുതിയ നേതൃത്വം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടിപ്പ് അറിയാവുന്ന നേതാക്കൾ ആണ്. പുതിയ നേതൃത്വത്തെ തീരുമാനിച്ചപ്പോൾ വിവിധ മാനദണ്ഡങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവർ പുലർത്തിയ മികവും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു.
കന്നിയങ്കത്തില്‍ സിപിഎമ്മിന്റെ ജനകീയ മുഖമായ കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയ ശേഷം മണ്ഡലം നിലനിർത്തുന്ന സണ്ണി ജോസഫ്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മിന്നുംതാരം ഷാഫി പറമ്പിൽ, തിരഞ്ഞെടുപ്പുകളിൽ പയറ്റിത്തെളിഞ്ഞ എ.പി.അനിൽകുമാർ, സിപിഎം ശക്തികേന്ദ്രങ്ങളില്‍ പോയി മത്സരിച്ച് മണ്ഡലം പിടിച്ചെടുക്കുന്ന അടൂർ പ്രകാശ് എന്നിവരെല്ലാം ഇത്തവണ നിലമ്പൂരിൽ മുൻനിരയിലുണ്ടാകുമെന്നതാണ് വിവാദങ്ങൾക്കിടയിലും കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം.
ഇവരാരും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും തോൽവി അറിയാത്തവരാണ്. മേഴ്സിക്കുട്ടിയമ്മയെ തട്ടകത്തിൽ പോയി പരാജയപ്പെടുത്തിയ പി.സി.വിഷ്ണുനാഥും കൂട്ടത്തിലുണ്ട്.
നാലു വർഷത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചാണ് കോൺഗ്രസ് എതിർപാളയത്തെ ഞെട്ടിച്ചിരുന്നതെങ്കിൽ ഇത്തവണ അതിന് കഴിഞ്ഞിരുന്നില്ല.
എന്നാൽ അതൊന്നും തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കില്ലെന്ന് നേതാക്കൾ പറയുന്നു. അൻവറിനെ കൂടി മെരുക്കിയെടുത്താൽ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആദ്യപടി കടക്കുമെന്നാണ് നേതാക്കൾ കരുതുന്നത്.
മുൻ ഉപതിരഞ്ഞെടുപ്പകളിലേതിനു സമാനമായി വി.ഡി.സതീശൻ നിലമ്പൂരിൽ ക്യാംപ് ചെയ്തായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നേതാക്കളെ എത്തിച്ചു നടത്തിയ പഴയ മോഡൽ തന്നെയാകും നിലമ്പൂരിലും പരീക്ഷിക്കുക.
എംപിമാരും എംഎൽഎമാരും കെപിസിസി നേതാക്കളും നേതൃത്വം നൽകും. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മേൽക്കൈ നേടിയെന്നാണ് പൊതുവികാരം.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും മണ്ഡലത്തിലെ വേർപിരിഞ്ഞ എംഎൽഎയുടെ കുടുംബത്തിൽ നിന്നുള്ളവരെയാണ് യുഡിഎഫ് മത്സരത്തിനിറക്കിയത്. നിലമ്പൂരിലും സ്ഥിതി സമാനം.
2016 വരെ ആര്യാടൻ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്നു നിലമ്പൂർ. പരാമവധി പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ യുഡിഎഫ് ചേർത്തിട്ടുണ്ട്. മുകൾത്തട്ട് മുതൽ താഴെവരെ പ്രതിപക്ഷ നേതാവിന്റെ കണ്ണുണ്ടാകുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.
ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വൈകുന്നേരങ്ങളിൽ അവലോകന യോഗങ്ങൾ ചേരും. സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം കൊഴുപ്പിക്കും.
ഉപതിരഞ്ഞെടുപ്പ് ചൂടിനിടെയുണ്ടാകുന്ന ചൂടൻ വിവാദങ്ങളും നേരിടാൻ ടീം സജ്ജമായിരിക്കും. തിരഞ്ഞെടുപ്പ് ബൂത്തുകളുടെ ചുമതല മണ്ഡലത്തിനു പുറത്തു നിന്നുള്ള നേതാക്കൾക്കായിരിക്കും.
ബ്ലോക്ക് ഭാരവാഹികള്‍ക്ക് മുകളിലുള്ളവരായിരിക്കും ഇവർ. ഈ ശൈലിയാണ് നേരത്തെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരീക്ഷിച്ചത്.
പരമാവധി കുടുംബ യോഗങ്ങളും മണ്ഡലത്തിൽ സംഘടിപ്പിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]