
അൻവറിന്റെ ഭീഷണിയിൽ വഴങ്ങിയില്ല, ഇടയുമെന്ന് അറിഞ്ഞുതന്നെ തീരുമാനം; പച്ചക്കൊടി കാട്ടേണ്ടെന്ന് ഉള്ളിലിരുപ്പ്
കൊച്ചി ∙ ആര്യാടൻ ഷൗക്കത്തിന്റെ പേര് തീരുമാനിക്കുകയും യുഡിഎഫ് പ്രവേശനം വൈകുകയും ചെയ്താൽ പി.വി.അൻവർ ഇടയുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് കോൺഗ്രസിന്റെ കേരള നേതൃത്വം ഇന്ന് കൊച്ചിയിൽ യോഗം ചേർന്നത്. കോൺഗ്രസിന്റെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ അൻവറിന് മേൽക്കൈ കൊടുക്കേണ്ട
എന്ന തീരുമാനവും കെപിസിസി നേതൃത്വത്തിന് ഉണ്ടായിരുന്നു. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇക്കാര്യം അർഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തതോടെ ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രം നിർദേശിക്കാൻ തീരുമാനിക്കുകയായിരുന്നു.
അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് യോഗശേഷവും സതീശൻ പറഞ്ഞെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.
വി.ഡി.സതീശനു പുറമെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, വൈസ് പ്രസിഡന്റുമാരായ വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. സൈനികരുടെ ആദരവിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ജയ് ഹിന്ദ് സഭയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കോൺഗ്രസ് നേതൃത്വം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉള്‍പ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് നിലമ്പൂരിലെ കാര്യം തീരുമാനിക്കാൻ കേരള നേതൃത്വം ഒത്തു ചേർന്നത്.
യുഡിഎഫ് പ്രവേശനം അൻവർ കുറച്ചു കാലമായി ആവശ്യപ്പെടുന്നതാണെങ്കിലും പലവിധ കാരണങ്ങളാൽ കോൺഗ്രസ് നേതൃത്വം ഇത് നീട്ടിക്കൊണ്ടു പോവുകയാണ്.
അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും അത് എങ്ങനെ വേണമെന്ന് ബന്ധപ്പെട്ടവരുമായി അതിനുള്ള ചർച്ചകൾ നടത്തുമെന്നും മാത്രമാണ് യോഗശേഷം സതീശൻ വ്യക്തമാക്കിയത്. വി.എസ്.ജോയിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അൻവർ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് പ്രവേശനവിഷയം വീണ്ടും ചർച്ചയിൽ വരുമെങ്കിലും തത്കാലം പച്ചക്കൊടി കാട്ടേണ്ടതില്ല എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഉള്ളിലിരിപ്പ്.
അൻവറിന്റെ ഭീഷണിക്ക് വഴങ്ങി സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടതില്ല എന്ന് യോഗത്തിൽ സതീശൻ വ്യക്തമാക്കിയതായാണ് അറിയുന്നത്. കോൺഗ്രസിന്റെ സ്ഥാനാർഥിയെ കോൺഗ്രസ് തന്നെ തീരുമാനിച്ചാൽ മതിയെന്നും പുറത്തുനിന്നൊരാൾ ഇടപെടുന്നത് പാർട്ടിക്ക് നല്ലതല്ല എന്ന അഭിപ്രായം യോഗത്തിൽ പൊതുവെ ഉയർന്നു.
അൻവറിനെ എങ്ങനെ അനുനയിപ്പിക്കാം എന്ന കാര്യത്തിലും ചർച്ചകൾ നടന്നതായാണ് അറിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]