
വഴിവിട്ട രീതിയിൽ വായ്പ, ഒരുഭാഗം ശേഖരിച്ച് പാർട്ടി; സമ്മർദം ചെലുത്തിയത് ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഇ.ഡി കുറ്റപത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കേസിൽ തൃശൂർ ജില്ലയിലെ പാർട്ടിയുടെ മുൻ സെക്രട്ടറിമാരെയും ‘പ്രതി’കളാക്കിയിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ കേസില്‍. അനധികൃത വായ്പ അനുവദിക്കാനും അതിന്റെ ഒരു വിഹിതം പാർട്ടി ഫണ്ടായി സ്വരൂപിക്കാനുമായി പാർട്ടി ജില്ലാ കമ്മിറ്റി മുതൽ താഴേത്തട്ടു വരെ പ്രവർത്തിച്ചെന്നും ഇത്തരത്തിൽ കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം പാർട്ടി ഓഫിസ് പോലെ വസ്തുവകകൾ വാങ്ങാനായി ചെലവഴിച്ചു എന്നുമാണ് ഇ.ഡി ഇന്നു സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ പറയുന്നത്. മുൻ ജില്ലാ സെക്രട്ടറിമാരായ എ.സി.മൊയ്തീൻ, കെ.രാധാകൃഷ്ണൻ എംപി, വി.വി.വർഗീസ് എന്നിവർക്കു പുറമെ സിപിഎമ്മിനെയും കേസിൽ പ്രതിയാക്കിയത് ഒട്ടൊക്കെ അപ്രതീക്ഷിതമായാണ്.
ഒരു കാലത്ത് പാർട്ടിയുടെ വിശ്വസ്തരും പിന്നീട് മാപ്പുസാക്ഷികളുമായി മാറിയ കരുവന്നൂർ ബാങ്കിലെ മുൻ മാനേജർ ബിജു കരിം, മുൻ സെക്രട്ടറി സുനിൽ കുമാർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം കേസിൽ പ്രതിയാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ‘പാർട്ടി സബ് കമ്മിറ്റി @ പാർലമെന്ററി പാർട്ടി ഫ്രാക്ഷൻ’, ‘പാർലമെന്ററി പാർട്ടി കമ്മിറ്റി’ എന്നിങ്ങനെ 2 സമിതികൾ കരുവന്നൂർ ബാങ്കിന്റെ ഭരണത്തിനായി ജില്ലാ കമ്മിറ്റി രൂപീകരിച്ചിരുന്നെന്നും ഇതിൽ പാർലമെന്ററി പാർട്ടി കമ്മിറ്റിയാണ് ബാങ്കിന്റെ ദൈനംദിന കാര്യങ്ങൾ നോക്കുന്നത് എന്നുമാണ് ബിജുവിന്റെ മൊഴി ഉദ്ധരിച്ച് ഇ.ഡി പറയുന്നത്. പാർട്ടിയുടെ വിവിധ ഘടകങ്ങളിലുള്ളവരും ബാങ്കിലെ ജീവനക്കാരുമാണ് ഈ കമ്മിറ്റികളിലുള്ളത്.
പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളാണ് വഴിവിട്ട രീതിയിൽ വായ്പ അനുവദിക്കാൻ ബാങ്കിന്റെ ഭരണസമിതിക്കു മേൽ സമ്മർദം ചെലുത്തിയത് എന്നും ബിജുവിനെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പറയുന്നു. അനധികൃതമായി അനുവദിക്കുന്ന വായ്പയുടെ ഒരു ഭാഗം ശേഖരിക്കാൻ ജില്ലാ കമ്മിറ്റി നിർദേശം നൽകിയിരുന്നെന്നും ഈ ഫണ്ട് ഉപയോഗിച്ച് പൊറത്തിശ്ശേരിയിൽ പാർട്ടി ഓഫിസ് നിർമിക്കാനായിരുന്നു തീരുമാനമെന്നും കുറ്റപത്രം തുടരുന്നു. അനധികൃതമായി വായ്പ നൽകിയവർ തന്ന കമ്മീഷനിൽ നിന്ന് താൻ 1 ലക്ഷം രൂപ കരുവന്നൂർ ബാങ്കിലുള്ള സിപിഎം ബിൽഡിങ് ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് സുനിൽകുമാറിനെ ഉദ്ധരിച്ച് കുറ്റപത്രത്തിൽ പറയുന്നു. ജില്ലാ സെക്രട്ടറിയുടെ പേരിൽ വസ്തു വാങ്ങാനാണ് സിപിഎം പൊറത്തിശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി ചെലവഴിച്ചതെന്ന് വ്യക്തമായതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കരുവന്നൂർ ബാങ്കിലുള്ള പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ അക്കൗണ്ടിലാണ് സഹകരണ ബാങ്ക് ഡയറക്ടേഴ്സിന്റെ ലെവി ഉള്‍പ്പെടെയുള്ളവ സ്വീകരിച്ചതെന്ന് പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഉദ്ധരിച്ച് കുറ്റപത്രത്തിൽ പറയുന്നു. ഇതിനു പുറമെ പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനയും ഈ അക്കൗണ്ടിലേക്കാണ് വാങ്ങിയത്. ഇവയ്ക്ക് രസീത് നല്‍കുകയോ പാർട്ടിയുടെ പ്രധാന അക്കൗണ്ടിൽ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. മാത്രമല്ല, അനുവദിച്ച ഒരു വായ്പയിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പാർട്ടി ഓഫിസ് നിർമിക്കുന്നതിന് അടക്കം ഫണ്ട് സ്വരൂപിക്കാനായി കരുവന്നൂർ ബാങ്കിൽ 5 അക്കൗണ്ടുകൾ പാർട്ടിക്കുണ്ടായിരുന്നതായി പൊറത്തിശ്ശേരി നോർത്ത് മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ആർ.പീതാംബരന്റെ മൊഴിയും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ഇതിലാകെ 76 ലക്ഷം രൂപയാണ് ശേഖരിച്ചത്. പാർട്ടി ലോക്കൽ കമ്മിറ്റിയുെട ദൈനംദിന ചെലവുകൾക്കായുള്ള പണം ഈ അക്കൗണ്ടിൽ നിന്നാണ് ചെലവഴിച്ചത് എന്നും ഇതിന്റെ കണക്ക് പാർട്ടി കമ്മിറ്റികളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരൻ പറയുന്നു.
പൊറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികൾക്ക് കരുവന്നൂർ ബാങ്കിൽ അക്കൗണ്ടുകൾ ഉള്ളതായി മുൻ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് മൊഴി നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. എ.വാസു എന്നൊരാളുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ 5 സെന്റ് സ്ഥലം വാങ്ങാനായി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അനധികൃതമായി വായ്പയും മറ്റും അനുവദിച്ചതിനുള്ള പ്രതിഫലമായി നിശ്ചിത ശതമാനം തുക പാർട്ടി അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. പണം വസ്തുവകകൾ വാങ്ങാനായി ചെലവഴിച്ചു. അതിനാൽ പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 3 വകുപ്പ് പ്രകാരം സിപിഎം കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടുവെന്ന് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു. 2011 മുതൽ 2025 വരെ പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിമാരായി ഇരുന്നവരാണ് ഇതിനു നേതൃത്വം നല്‍കിയത് എന്നും അതിനാൽ അവരും സമാന കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും കുറ്റപത്രത്തിൽ പറയുന്നു.