
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫാക്ട് (Fertilizers and Chemicals Travancore Limited /FACT) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാന പാദമായ ജനുവരി-മാർച്ചിൽ കാഴ്ചവച്ചത് ലാഭപാതയിലേക്കുള്ള വൻ കുതിച്ചുകയറ്റം. മുൻവർഷത്തെ (2023-24) സമാനപാദത്തിലെ 79.10 കോടി രൂപയുടെ നഷ്ടത്തിൽ (net loss) നിന്ന് 70.72 കോടി രൂപയുടെ ലാഭത്തിലേക്കാണ് (net profit) ഫാക്ട് മികച്ച തിരിച്ചുവരവ് നടത്തിയത്. കഴിഞ്ഞവർഷം മൂന്നാംപാദത്തിൽ (ഒക്ടോബർ-ഡിസംബർ) ലാഭം 8 കോടി രൂപയായിരുന്നു.
അതേസമയം, പ്രവർത്തന വരുമാനം (Revenue from operations) 1,058.10 കോടി രൂപയിൽ നിന്ന് 1,053.28 കോടി രൂപയിലേക്ക് കുറഞ്ഞു. മൊത്ത വരുമാനം (total income) 1,111.17 കോടി രൂപയിൽ നിന്ന് 1,113.19 കോടി രൂപയിലേക്ക് നേരിയതോതിൽ മെച്ചപ്പെട്ടു.
റീഗാസിഫൈഡ് ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (RLNG) വാങ്ങിയ ഇനത്തിൽ 24.61 കോടി രൂപയുടെ റീഫണ്ട് ലഭിച്ചതുൾപ്പെടെയുള്ള അനുകൂലഘടകങ്ങളാണ് കഴിഞ്ഞപാദ ലാഭത്തിലേക്ക് ഫാക്ടിനെ നയിച്ചതെന്ന് കരുതുന്നു. കഴിഞ്ഞപാദത്തിൽ കമ്പനിയുടെ പ്രതി ഓഹരി ലാഭം (EPS) മുൻവർഷത്തെ സമാനപാദത്തിലെ നെഗറ്റീവ് 1.22 രൂപയിൽ നിന്ന് ഇക്കുറി പോസിറ്റീവ് 1.09 രൂപയായി മെച്ചപ്പെട്ടതും മികവാണ്.
കഴിഞ്ഞവർഷത്തെ ആകെ ലാഭം കുറഞ്ഞു
കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഫാക്ട് കുറിച്ചത് 41.23 കോടി രൂപയുടെ ലാഭമാണ്. തൊട്ടുമുൻവർഷം ലാഭം 128.27 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 5,051.21 കോടി രൂപയിൽ നിന്ന് 4,050.91 കോടി രൂപയിലേക്കും മൊത്ത വരുമാനം 5,254.33 കോടി രൂപയിൽ നിന്ന് 4,267.36 കോടി രൂപയിലേക്കും കുറഞ്ഞത് ലാഭത്തെ ബാധിച്ചു.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തെ അന്തിമ ലാഭവിഹിതമായി (final dividend) ഓഹരിക്ക് 20 പൈസ വീതം ഓഹരിയുടമകൾക്ക് നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തു.
ഓഹരികളിൽ മികച്ച തിരിച്ചുവരവ്
2024 ജൂൺ 21ലെ 1,187 രൂപയെന്ന 52-ആഴ്ചത്തെ ഉയരത്തിൽ നിന്ന് ഈ വർഷം ഏപ്രിൽ 7ന് 52-ആഴ്ചത്തെ താഴ്ചയായ 565 രൂപയിലേക്ക് വീണ ഫാക്ട് ഓഹരികൾ പിന്നീട് കാഴ്ചവച്ചത് അതിശയിപ്പിക്കുന്ന തിരിച്ചുകയറ്റമാണ്. ഒരുമാസത്തിനിടെ 25 ശതമാനവും ഒരാഴ്ചയ്ക്കിടെ 5.55 ശതമാനവും ഉയർന്ന ഓഹരിവില തിങ്കളാഴ്ച വ്യാപാരാന്ത്യത്തിലുള്ളത് 2.39% നേട്ടവുമായി 921.45 രൂപയിൽ. ഒരുഘട്ടത്തിൽ ഓഹരിവില 942.95 രൂപവരെ ഉയർന്നിരുന്നു. കമ്പനിയുടെ വിപണിമൂല്യം (market cap) 59,625 കോടി രൂപയായും മെച്ചപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)