
ചുറ്റിച്ചത് അറുപതിലേറെ ദിവസം, സുകാന്തിനെ പിടികൂടിയ ആശ്വാസത്തിൽ പൊലീസ്; നാളെ കോടതിയിൽ ഹാജരാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഹൈക്കോടതി കനിഞ്ഞതോടെ, രണ്ടു മാസമായി കിണഞ്ഞു ശ്രമിച്ചിട്ടും പിടിക്കാന്‍ കഴിയാതിരുന്ന പ്രതിയെ കൈയില്‍ കിട്ടിയതിന്റെ ആശ്വാസത്തിലാണ് പേട്ട . ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കീഴടങ്ങിയ പ്രതി സുകാന്ത് സുരേഷിനെ പേട്ട പൊലീസ് കൊച്ചിയിലെത്തി ‘പിടികൂടി’. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൊച്ചി ഡിസിപി ഓഫിസില്‍ കീഴടങ്ങിയ സുകാന്തിനെ ഇന്ന് ഏറ്റുവാങ്ങി രാത്രിയോടെ പേട്ട സ്റ്റേഷനിലെത്തിച്ച് നാളെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ രണ്ടു മാസത്തോളമായി വിവിധ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് വ്യാപകതിരച്ചില്‍ നടത്തിയിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ തൊടാന്‍ പോലും പൊലീസിനു കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഐബി ഉദ്യോഗസ്ഥയുടെ കുടുംബം കണ്ട് പരാതിപ്പെട്ടതോടെയാണ് കേസ് കൂടുതല്‍ ഊര്‍ജിതമായത്. തുടര്‍ന്ന് സുകാന്ത് സുഹൃത്തായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന തരത്തില്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി കോടതി സുകാന്തിന്റെ ജാമ്യഹര്‍ജി തള്ളിയത്. താന്‍ നിരപരാധിയാണെന്ന സുകാന്തിന്റെ വാദം കോടതി തള്ളി. ഒന്നിലേറെ ബന്ധങ്ങളുമായാണു പ്രതി മുന്നോട്ടു പോയതെന്നും യുവതിയെ മരിക്കുന്നതിനു പ്രേരിപ്പിക്കുന്നതായ കാര്യങ്ങള്‍ പ്രതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തിനു പിന്നില്‍ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അസ്വഭാവികമരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. കുടുംബം ആരോപണം ഉന്നയിക്കുകയും ആ വഴിക്ക് അന്വേഷണം നീളുകയും ചെയ്തതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി. ഇതിനിടെ മകള്‍ ലൈംഗികചൂഷണത്തിന് ഇരയായതായി യുവതിയുടെ പിതാവ് തെളിവുകള്‍ പൊലീസിനു നല്കി. തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. എന്നാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയ സുകാന്തിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല.
രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പല ജില്ലകളിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുകാന്തിന് ജാമ്യഹര്‍ജി നല്കാന് പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് സുകാന്തിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ കേസില്‍ പ്രതികള്‍ അല്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനിടെ പലതവണ സുകാന്ത് കോടതിയില്‍ എത്തിയെങ്കിലും കാര്യമുണ്ടായില്ല. സുകാന്തിന് എതിരായ നിലപാടാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി കീഴടങ്ങുകയാണ് വേണ്ടതെന്ന് വാക്കാല്‍ അറിയിക്കുക കൂടി ചെയ്തതോടെയാണ് ഇന്ന് സുകാന്ത് ഡിസിപി ഓഫിസില്‍ എത്തി കീഴടങ്ങിയത്. അറുപതു ദിവസത്തിലേറെ കണ്ടെത്താന്‍ കഴിയാതിരുന്ന പ്രതിയെ കോടതി ഇടപെടല്‍ വഴി കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പേട്ട പൊലീസ്.