
അഫാനെ നിരന്തരം നിരീക്ഷിച്ച സഹതടവുകാരൻ, മനുഷ്യാവകാശ കമ്മിഷന്റെ നിർദേശങ്ങൾ പാലിച്ചില്ല; ഉദ്യോഗസ്ഥരെ അനുകൂലിച്ച് റിപ്പോർട്ട്
തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് (23) ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അഫാനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്നും ജയില്‍ മേധാവിക്കു നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും ജീവനക്കാര്‍ക്കെതിരായ നടപടിയിൽ തീരുമാനം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം ജയിലുകളില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന് നല്‍കിയിരിക്കുന്ന പല നിര്‍ദേശങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നു വേണം കരുതാന്‍. ഉണക്കാനിട്ടിരുന്ന തുണി എടുത്താണ് അഫാന് ശുചിമുറിയില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
തടവുകാരുടെ മാനസികാരോഗ്യം ശ്രദ്ധിക്കുന്നതിനു പുറമേ ആത്മഹത്യകള്‍ കൂടുതല്‍ നടക്കുന്ന സെല്ലുകളിലും ശുചിമുറികളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ 2023ല്‍ നല്കിയ നിര്‍ദേശത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. തൂങ്ങിമരിക്കാന്‍ പാകത്തിലുള്ള ഒരു ഉപകരണവും ശുചിമുറിയിലും ബാരക്കുകളിലും ഉണ്ടാകരുതെന്ന് അധികൃതര്‍ ഉറപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
ഇരുമ്പ് കമ്പികള്‍, ഗ്രില്ലുകള്‍, ഫാനുകള്‍, ഹുക്കുകള്‍, സമാനമായ സംവിധാനങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കണം. ശുചിമുറികള്‍ വൃത്തിയാക്കാനുള്ള ലായനികള്‍ ഒരു കാരണവശാലും തടവുകാര്‍ക്കു പ്രാപ്യമാകുന്ന തരത്തില്‍ വയ്ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുവരുന്ന കയറുകള്‍, ഗ്ലാസുകള്‍, ഗോവണികള്‍ എന്നിവ ജയില്‍ ജീവനക്കാരുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കണം.
ബെഡ്ഷീറ്റുകളും മറ്റു തുണികളും ആത്മഹത്യയ്ക്ക് ഉപയോഗിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണസംവിധാനം ഒരുക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്. ആത്മഹത്യകള്‍ കൂടുതലായി സംഭവിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സിസിടിവി ഉറപ്പാക്കണം.
ഇതിനൊക്കെ പുറമേ മനശാസ്ത്രവിദഗ്ധന്റെ സഹായം ലഭ്യമാക്കണം. ആത്മഹത്യാ പ്രവണതയുള്ള തടവുകാരുടെ സഹതടവുകാര്‍ക്ക് ഇതു തിരിച്ചറിയാനുള്ള പരിശീലനം നല്‍കണമെന്നും കമ്മിഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജയിലില്‍ ശിക്ഷാ തടവുകാര്‍ക്ക് ഉള്ളത്ര നിയന്ത്രണങ്ങള്‍ സാധാരണ നിലയില്‍ റിമാന്‍ഡ് തടവുകാര്‍ക്ക് ഉണ്ടാകാറില്ല. ശിക്ഷ വിധിച്ച് കോടതി ജയിലിലേക്ക് അയയ്ക്കുന്നവരോട് എടുക്കുന്ന നിലപാടാവില്ല വിചാരണത്തടവുകാരുടെ കാര്യത്തില്‍ സ്വീകരിക്കുക എന്ന ജയില്‍ അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നു.
അഫാന്റെ കാര്യത്തില്‍ മുന്‍പ് ആത്മഹത്യപ്രവണത പ്രകടിപ്പിച്ചിരുന്നതിനാല്‍ കര്‍ശനമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നും അധികൃതര്‍ പറയുന്നു. പ്രത്യേക നിരീക്ഷണം വേണ്ടവരെ പാര്‍പ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്.
ഒരു സെല്ലില്‍ അഫാനും മറ്റൊരു തടവുകാരനും മാത്രമാണുണ്ടായിരുന്നത്. അഫാനെ നിരന്തരം നിരീക്ഷിച്ച് വിവരം നല്‍കണമെന്ന് സഹതടവുകാരനു നിര്‍ദേശവും നല്‍കിയിരുന്നു.
ഇതിനൊപ്പം ചുമതലയുള്ള ജീവനക്കാരും അഫാന്റെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ തടവുകാരുടെ സഹായം തേടാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നുണ്ട്.
തടവുകാര്‍ക്ക് പ്രത്യേക മുറിയിലാണ് ടിവി കാണാനുള്ള സൗകര്യം നല്‍കുന്നത്. അതുപോലെ തന്നെ തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.
അഫാന്റെ ഒപ്പമുണ്ടായിരുന്ന ആള് ഫോണ്‍ ചെയ്യാന്‍ പോയപ്പോള്‍ അഫാന് ഉണക്കാനിട്ടിരുന്ന മുണ്ടെടുത്ത് ശുചിമുറിയില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അഫാന്റെ അപ്രതീക്ഷിത നീക്കം അപ്പോള്‍ തന്നെ കണ്ടെത്തിയെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും ജയില്‍ ജീവനക്കാര്‍ പറയുന്നു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഭവത്തിന്റെ തീവ്രതയും വ്യാപ്തിയും പരിഗണിച്ചാണ് ജീവനക്കാര്‍ക്കു വീഴ്ച സംഭവിച്ചോ എന്നു തീരുമാനിക്കുന്നതെന്ന് ജയില്‍ മുന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറെ സമയത്തിനു ശേഷമാണ് സംഭവം ശ്രദ്ധയില്‍പെടുന്നതെങ്കില്‍ ജീവനക്കാര്‍ക്കു കടുത്ത വീഴ്ച സംഭവിച്ചതായി പരിഗണിക്കും.
അഫാന്റെ കാര്യത്തില്‍ പെട്ടെന്നു തന്നെ വിഷയം കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ആത്മഹത്യകള്‍ ഒഴിവാക്കാന്‍ മനുഷ്യാവകാശ കമ്മിഷന് നല്കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അതിനൊപ്പം ജീവനക്കാരുടെ എണ്ണകുറവ് കൃത്യമായ നിരീക്ഷണത്തിന് തടസമാകാറുണ്ടെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. ജയിലുകളില്‍ നിശ്ചിത എണ്ണത്തേക്കാള്‍ ഇരട്ടി തടവുകാര്‍ എത്തുമ്പോള്‍ നിയന്ത്രിക്കാന്‍ ആനുപാതികമായി ഉദ്യോഗസ്ഥര്‍ ഇല്ലാതെ വരുന്നത് വലിയ പ്രതിസന്ധിയാണെന്നും ഇവര്‍ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]