
ഹോളിവുഡ്: മാർവൽ സ്റ്റുഡിയോസിന്റെ വരാനിരിക്കുന്ന ചിത്രം അവഞ്ചേഴ്സ്: ഡൂംസ്ഡേ 2026 ഡിസംബർ 18 ന് റിലീസ് ചെയ്യുമെന്നാണ് ഹോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പറയുന്നത്. അവഞ്ചേഴ്സ്, എക്സ്-മെൻ, ഫന്റാസ്റ്റിക് ഫോർ, തണ്ടർബോൾട്ട്സ് ടീം എന്നിവർ ഒന്നിക്കുന്ന ചിത്രം 2026 മെയ് 1 ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് നീണ്ടതോടെ സ്റ്റുഡിയോ പുതിയ തീയതി നിശ്ചയിക്കുകയായിരുന്നു.
അതേ സമയം ചിത്രത്തിന്റെ ചില സാമ്പത്തിക കണക്കുകളും വൈറലാകുന്നുണ്ട്. വന്‍ താരനിരയുമായി എത്തുന്ന ചിത്രം നിര്‍മ്മാണത്തിനും ചിലവഴിക്കുന്നത് വന്‍ തുകയാണ്. അതിനാല്‍ തന്നെ ചിത്രം ലാഭകരമായി ബിസിനസ് നേടി എന്ന അവസ്ഥയില്‍ എത്താന്‍ ചിത്രം ആഗോള വ്യാപകമായി 200 കോടി യുഎസ് ഡോളര്‍ എങ്കിലും നേടേണ്ടി വരും എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.
ഈ കണക്ക് പ്രസക്തമാകുന്നത് ഇതുവരെ ലോക സിനിമയില്‍ 2 ബില്ല്യണ്‍ യുഎസ് ഡോളര്‍ എന്ന നേട്ടം നേടിയ ചിത്രങ്ങള്‍ വെറും ആറെണ്ണം മാത്രമാണ് എന്നയിടത്താണ്. അവതാർ (2009), ടൈറ്റാനിക് (1997), അവഞ്ചേഴ്സ്: എൻഡ്ഗെയിം (2019), സ്റ്റാർ വാർസ്: ദി ഫോഴ്സ് അവേക്കൻസ് (2015), അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ (2018), അവതാർ: ദി വേ ഓഫ് വാട്ടർ (2022) എന്നിവയാണ് ഈ നേട്ടം നേടിയ ചിത്രങ്ങള്‍. ഈ ലിസ്റ്റില്‍ എത്തിയാല്‍ മാത്രമായിരിക്കും അടുത്ത അവഞ്ചേഴ്സ് ചിത്രം ഹിറ്റാണ് എന്ന് പറയാന്‍ സാധിക്കൂ.
മാർവല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളായ ആവേഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്, എന്‍ഡ് ഗെയിം എന്നിവ സംവിധാനം ചെയ്ത റൂസോ ബ്രദേഴ്സിന്റെ എംസിയു തിരിച്ചുവരവ് കൂടിയാണ് അവഞ്ചേഴ്സ്: ഡൂംസ്ഡേ. ഇരുവരും മുമ്പ് ക്യാപ്റ്റൻ അമേരിക്ക: ദി വിന്റർ സോൾജിയർ (2014), ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016), അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ (2018), അവഞ്ചേഴ്സ്: എൻഡ്ഗെയിം (2019) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ഡൂംസ്ഡേയിൽ വിൻസെന്റ് വാൻ ഡൂം അഥവാ ഡോ. ഡൂം എന്ന വില്ലനായി റോബർട്ട് ഡൗണി ജൂനിയർ എംസിയുവിലേക്ക് തിരിച്ചെത്തും.
2008-ൽ പുറത്തിറങ്ങിയ അയേണ്‍ മാന്‍ എന്ന സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്ത് ടോണി സ്റ്റാർക്കയാണ് റോബർട്ട് ഡൗണി ജൂനിയർ എംസിയുവില്‍ എത്തിയത്. തുടര്‍ന്ന് മൂന്ന് അയേണ്‍ മാന്‍ ചിത്രങ്ങളിലും നാല് അവഞ്ചേഴ്സ് ചിത്രങ്ങളും ഉൾപ്പെടെ 10 മാർവൽ സിനിമകളിൽ അദ്ദേഹം അയേണ്‍ മാനായി പ്രത്യക്ഷപ്പെട്ടു.
2019-ലെ അവഞ്ചേഴ്സ്: എൻഡ്ഗെയിമിൽ താനോസിനെ പരാജയപ്പെടുത്താൻ ഇൻഫിനിറ്റി ഗൗണ്ട്ലറ്റ് ഉപയോഗിച്ച് സ്വയം ത്യാഗം ചെയ്തുകൊണ്ട് ആർഡിജെയുടെ അയൺമാൻ മരിക്കുന്നതയാണ് കാണിക്കുന്നത്. എന്‍ഡ് ഗെയിമിന് ശേഷം പഴയ തിളക്കം നിലനിര്‍ത്താന്‍ പാടുപെടുന്ന എംസിയുവിന് ജീവ ശ്വാസം നല്‍കും റോബർട്ട് ഡൗണി ജൂനിയറിന്റെ തിരിച്ചുവരവ് എന്നാണ് കരുതപ്പെടുന്നത്.
റിലീസ് ഷെഡ്യൂളിലെ മാറ്റങ്ങൾക്ക് ശേഷം അവഞ്ചേഴ്സ്: ഡൂംസ്ഡേയും സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയും മാത്രമാണ് 2026 ൽ തിയേറ്ററുകളിൽ എത്താൻ പോകുന്ന എംസിയു ചിത്രങ്ങള്‍ എന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]